sections
MORE

കാസർകോട് നിന്ന് ഇപ്രാവശ്യം കോൺഗ്രസ് എംഎൽഎമാരുണ്ടാകും: ഹക്കീം കുന്നിൽ

hakkim
SHARE

ദുബായ് ∙ കാസർകോടിനെ സംബന്ധിച്ചിടത്തോളം തീർത്തും നിരാശാജനകമായ വർഷങ്ങളാണ് പിണറായി സർക്കാർ ഭരണകാലം നൽകിയതെന്നും അതുകൊണ്ട് തന്നെ ഇപ്രാവശ്യം ജില്ലയിൽ യുഡിഎഫ് വിജയം സുനിശ്ചിതമാണെന്നും ഡിസിസി പ്രസിഡൻ്റ് ഹക്കീം കുന്നിൽ. യുഎഇയിൽഹ്രസ്വസന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. 

 കിഫ്‌ബി ഉപയോഗിച്ചുള്ള ചില നാമമാത്ര വികസന പദ്ധതികൾ നടത്തി എന്നല്ലാതെ കാര്യക്ഷമമായ പ്രവർത്തനങ്ങളൊന്നും ജില്ലയിൽ യാഥാർഥ്യമായില്ല. വിനോദസഞ്ചാര മേഖലയിലും ആരോഗ്യരംഗത്തും കാര്യക്ഷമമായ പുരോഗതി കൈവരിക്കാനായില്ല. കൂടാതെ, അക്രമരാഷ്ട്രീയത്തിന് സർക്കാർ നൽകുന്ന പിന്തുണ ശരത് ലാൽ– കൃപേഷ് കൊലയിലൂടെ ചർച്ചാവിഷയമായതും യു‍ഡിഎഫിന്റെ അനുകൂല ഘടകങ്ങളാണ്. 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജില്ലയിൽ െഎക്യജനാധിപത്യ മുന്നണിക്ക് രണ്ടു സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും ലോകസഭാ തിരഞ്ഞെടുപ്പിൽ രാജ് മോഹന്‍ ഉണ്ണിത്താൻ മത്സരിച്ചപ്പോഴത്തെ സാഹചര്യം ഇന്നും നിലനിൽക്കുന്നുവെന്നും ഹക്കീം പറഞ്ഞു. പതിറ്റാണ്ടുകൾക്കു ശേഷം കാസർകോട് ജില്ലയിൽ നിന്നും കോൺഗ്രസിന് എംഎൽഎമാരുണ്ടാകും എന്നതാണ് ഇൗ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സവിശേഷത. 

ഉദുമ മണ്ഡലത്തിന്റെ അടിസ്ഥാനവികസന രംഗത്ത് ചെയ്യാൻ ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു. മലബാറിലെ  ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ബേക്കൽ കോട്ടയും പരിസരത്തെ ബീച്ച് പാർക്കും. കെ.സി.വേണുഗോപാൽ മന്ത്രിയായിരുന്നപ്പോൾ ബിആർഡിസി രൂപീകരിച്ച് ഏറെ കാര്യങ്ങൾ ചെയ്തു. 72 കിലോ മീറ്റർ ദൈർഘ്യമുള്ള തീരദേശമേഖലയിൽ ടൂറിസ വികസനത്തിന് ഇനിയും ഒട്ടേറെ സാധ്യതകളുണ്ടെങ്കിലും സർക്കാർ യാതൊന്നും പ്രവർത്തിച്ചില്ല. അതുകൊണ്ട് തന്നെ മണ്ഡലത്തിലെ വികസനം യാഥാർഥ്യമാകാൻ  ഉദുമയിൽ ബാലകൃഷ്ണൻ പെരിയയെ തിരഞ്ഞെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ആരോഗ്യരംഗത്തെ വളർച്ച ജില്ലയിലെ സാധാരണക്കാർ ഏറെ നാളായി കാത്തിരിക്കുന്ന ഒന്നാണ്. ലോകത്ത് കോവിഡ്19 പൊട്ടിപ്പുറപ്പെട്ടപ്പോൾ ആദ്യകാലത്ത് തന്നെ അതിന്റെ ദുരിതം അനുഭവിച്ച ജില്ലയാണ് കാസർകോട്. അന്ന് ടാറ്റ കോവിഡ് ആശുപത്രി ചട്ടഞ്ചാലിൽ സ്ഥാപിച്ചെങ്കിലും അതിന്റെ വികസനത്തിനായി സർക്കാർ പിന്നീടൊന്നും ചെയ്തില്ല. ഇവിടെ നിന്നൊഴുകുന്ന മലിനജലം തൊട്ടടുത്തെ ബേവിഞ്ച പുഴയിലേയ്ക്ക് ഒഴുകിപ്പോകുന്നത് തടയാൻ പോലും സാധിച്ചിട്ടില്ലെന്നത് പരിതാപകരമാണ്. ജില്ലയുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന മെഡിക്കൽ കോളജ് ഉദ്ഘാടനം ചെയ്തിടത്ത് തന്നെ നിൽക്കുന്നു. ആരോഗ്യരംഗത്ത് ഏറെ കുതിച്ചു ചാട്ടം നടത്തേണ്ടിയിരുന്ന ജില്ലയോട് സർക്കാർ അലംഭാവം കാണിച്ചതിന് ഏറ്റവും വലിയ ഉദാഹരണമാണിത്. 

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തരിശുഭൂമിയുള്ള ജില്ല കാസർകോടാണ്. അതൊന്നും വേണ്ടരീതിയിൽ ഉപയോഗിക്കാനാകാത്തത് നാടിന്റെ വലിയ നഷ്ടം തന്നെ. എൻഡോസൾഫാൻ പ്രശ്ന പരിഹാരത്തിന് ഉമ്മൻചാണ്ടി സർക്കാർ നൽകിയ ആനുകൂല്യങ്ങൾ പോലും തുടർന്ന് ഉപയോഗിക്കാൻ സർക്കാരിനായില്ല. കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്നുള്ളയാളാണ് റവന്യൂ മന്ത്രി എന്നിരിക്കിലും അതുമായി ബന്ധപ്പെട്ട വികസനങ്ങളും ഉണ്ടായില്ല. മഞ്ചേശ്വരം പോലുള്ള മണ്ഡലങ്ങളിൽ യുഡിഎഫിനെ പരാജയപ്പെടുത്തുന്നതിന് ചില അവിശുദ്ധ ബന്ധങ്ങളുണ്ടായെങ്കിലും അതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് യുഡിഎഫ് വിജയിക്കും.  ജില്ലയ്ക്ക് മുതൽക്കൂട്ടാകുന്ന തരത്തിലുള്ള സ്ഥാനാർഥികളെയാണ് യുഡിഎഫ് നിയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

 80 വരെ സീറ്റുകൾ കേരളത്തിൽ യുഡിഎഫിന് നേടാനാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. ഒരുപക്ഷേ, ഒരു തരംഗമുണ്ടായാൽ 100 സീറ്റുവരെയും ലഭിച്ചേക്കുമെന്നും ഹക്കീം കുന്നിൽ കൂട്ടിച്ചേർത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA