ADVERTISEMENT

ദുബായ് ∙ ഉപയോഗിച്ച ശേഷം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്ന മാസ്കുകളും ഗ്ലൗസുകളും ഗുരുതര ആരോഗ്യ-പരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി മുന്നറിയിപ്പ്. പാർക്കിങ് മേഖലകൾ, ജോഗിങ് ട്രാക്കുകൾ, വഴിയോരങ്ങൾ, കെട്ടിട പരിസരങ്ങൾ എന്നിവിടങ്ങളിലെല്ലാം മാസ്കുകൾ വലിച്ചെറിയുന്ന പ്രവണതയ്ക്കു മാറ്റമില്ല.

താമസകേന്ദ്രങ്ങളുടെ മുകളിലത്തെ നിലകളിൽ നിന്നു മാസ്കുകൾ താഴേക്കു വലിച്ചെറിയുന്നവർ വരെയുണ്ട്. ലിഫ്റ്റുകൾ, പടികൾ, വരാന്തകൾ എന്നിവിടങ്ങൾ മാസ്ക് ഉപേക്ഷിക്കാനുള്ള ഇടമാണെന്നു കരുതുന്നവരും കുറവല്ല. മനുഷ്യർക്കും ഇതര ജീവജാലങ്ങൾക്കും ഇവ വൻ ഭീഷണിയാണെന്നു പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. മാസ്കുകൾ കാറ്റിൽ പറന്നു നടക്കുന്നത് രോഗവ്യാപന സാധ്യത വർധിപ്പിക്കുന്നു.

ലക്ഷക്കണക്കിനു മാസ്ക്കുകൾ കടലിൽ എത്തുന്നത് മത്സ്യങ്ങളുടെയും ഇതര ജീവികളുടെയും നാശത്തിനു കാരണമാകുന്നു. മരുഭൂമിയിൽ നിന്നും വൻതോതിൽ മാസ്ക്കുകളും ഗ്ലൗസുകളും നീക്കം ചെയ്തുവരികയാണ്.

മാസ്കിൽ കുടുങ്ങി കിളികൾ

ലോകമാകെ ഗുരുതര വെല്ലുവിളി ഉയർത്തുന്ന ഈ പ്രശ്നം യുഎഇയും അഭിമുഖീകരിക്കുന്നതായി അബുദാബി എൻവയൺമെന്റ് ഏജൻസി വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്ന മാസ്ക്കുകളിൽ കിളികളും മൃഗങ്ങളും കുടുങ്ങുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കാഴ്ചയിൽ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 800555.

ഒറ്റ മാസ്ക്, ഒട്ടേറെ ഭീഷണി

കടലിലെത്തുന്ന ഒരു മാസ്ക്കിൽ നിന്ന് ഒറ്റദിവസം കൊണ്ട് 1,73,000 ൈമക്രോ ഫൈബറുകൾ വ്യാപിക്കുമെന്ന് 'എൻവയൺമെന്റൽ അഡ്വാൻസസ്' പഠന റിപ്പോർട്ട്. മാസ്കുകളും ഗ്ലൗസുകളും ജീവിതത്തിന്റെ ഭാഗമായതോടെ കോടിക്കണക്കിനാണ് ഇവ പ്രകൃതിയിൽ അടിഞ്ഞുകൂടുന്നത്.

ശാസ്ത്രീയ രീതിയിൽ സംസ്കരിച്ചില്ലെങ്കിൽ മറ്റൊരു ദുരന്തമാകും കാത്തിരിക്കുക. കഴിഞ്ഞവർഷം 150 കോടി മാസ്കുകൾ കടലിൽ എത്തിയതായി ഹോങ്കോങ്ങിലെ പാരിസ്ഥിതിക സംഘടനയായ ഓഷ്യൻ ഏഷ്യ ചൂണ്ടിക്കാട്ടുന്നു. 5,460 മെട്രിക് ടൺ പ്ലാസ്റ്റിക് ഉണ്ടാകുന്ന മലിനീകരണത്തിനു തുല്യമാണിത്. വഴിയോരങ്ങൾ, സമുദ്രം, കാടുകൾ, മരുഭൂമികൾ, പർവതമേഖലകൾ എന്നിവിടങ്ങളിലെല്ലാം മാലിന്യം അടിഞ്ഞുകൂടുകയാണ്.

ഷാർജയിലെ മരുഭൂമിയിൽ നിന്ന് നൂറുകണക്കിനു മാസ്കുകളും ഗ്ലൗസുകളുമാണ് നീക്കം ചെയ്തത്. യുഎഇയിൽ പ്രതിദിനം 6,000 മുതൽ 8,000 മാസ്കുകൾ വരെ വിൽക്കുന്നതായാണ് റിപ്പോർട്ട്.

കളയാം, സുരക്ഷിതമായി

∙ ഉപയോഗിച്ച മാസ്ക്കുകൾ അലക്ഷ്യമായി വലിച്ചെറിയാതെ അടപ്പോടു കൂടിയ മാലിന്യപ്പെട്ടിയിൽ നിക്ഷേപിക്കണം. ശരീരത്തിൽ ചേർന്നിരുന്ന ഭാഗം അകത്തേക്കു വരത്തക്കവിധം മടക്കി ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞാണ് കളയേണ്ടത്.

∙ മാസ്ക് ധരിക്കും മുൻപ് കൈകൾ നന്നായി കഴുകി അണുവിമുക്തമാക്കുക. മാസ്ക്കിന്റെ ചരടിൽ (ഇലാസ്റ്റിക് ഇയർ ലൂപ്) മാത്രം പിടിക്കാൻ ശ്രദ്ധിക്കുകയും വേണം.

∙ മാസ്ക് നനയുകയോ മറ്റു രീതിയിൽ മലിനമാകുകയോ ചെയ്താൽ ഉപയോഗിക്കരുത്. മാസ്ക് മാറ്റിയശേഷവും കൈകൾ നന്നായി കഴുകി അണുവിമുക്തമാക്കണം.

∙ ധരിച്ചശേഷം ഇടയ്ക്കിടെ മാസ്ക്കിൽ തൊടരുത്. പലതവണ തൊടുമ്പോൾ കൈയിലെ മാലിന്യം പുരളാൻ സാധ്യതയുണ്ട്.

∙ പരമാവധി 6 മണിക്കൂറിൽ കൂടുതൽ മാസ്ക് ഉപയോഗിക്കരുത്. ഇതിനിടെ നനയുകയോ മറ്റോ ചെയ്താൽ മാറ്റണം. കഴുകി ഉപയോഗിക്കാവുന്നവയാണെങ്കിൽ ഓരോ തവണയും കഴുകുക.

∙ ഇടയ്ക്കു മാസ്ക് ഊരി മേശപ്പുറത്തും കസേരയിലും മറ്റും വയ്ക്കാതിരിക്കുക.

കോട്ടൻ മാസ്ക്കുകൾ ശീലമാക്കാം

ഒറ്റത്തവണ ഉപയോഗിച്ചു കളയുന്ന മാസ്ക്കുകൾ ഒഴിവാക്കി കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന കോട്ടൻ മാസ്ക്കുകൾ ശീലമാക്കണമെന്ന് എമിറേറ്റ്സ് എൻവയൺമെന്റൽ ഗ്രൂപ്പ് ചെയർവുമൺ ഹബീബ അൽ മറാഷി. പ്ലാസ്റ്റിക് അടങ്ങിയ മാസ്ക്കുകൾ മണ്ണിൽ ദ്രവിക്കാതെ ദീർഘകാലം നിലനിൽക്കുന്നതിനാൽ അതീവ ഗുരുതര വെല്ലുവിളിയാണ് ഉയർത്തുന്നത്. കൊടുംചൂടിൽ ദിവസങ്ങൾക്കകം ചെറുതരികളായി മാറി കാറ്റിലൂടെ അതിവേഗം വ്യാപിക്കുന്നു. ഇവ ശ്വാസകോശത്തിൽ എത്താനുള്ള സാധ്യതയും കൂടുതലാണ്. ഇതിനെതിരെ വ്യാപക ബോധവൽക്കരണത്തിനു തുടക്കം കുറിച്ചതായും ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com