ADVERTISEMENT

ദുബായ് ∙ താമസക്കാരെ കബളിപ്പിച്ചു പണം തട്ടാൻ തന്ത്രങ്ങൾ മാറ്റി പയറ്റി ഭിക്ഷാടകർ. വീടുകളിൽ വരെ ഇവർ എത്തുന്നത് സുരക്ഷാഭീഷണിയാകുന്നു.  പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും വിവിധ എമിറേറ്റുകളിൽ സ്ത്രീകളക്കമുള്ള ഭിക്ഷാടകരുടെ ശല്യം കൂടുന്നതായി താമസക്കാർ പരാതിപ്പെടുന്നു.

സ്വന്തമായി വാഹനമുളള തട്ടിപ്പുകാർ പോലുമുണ്ടെന്ന് പൊലീസ് കണ്ടെത്തി. മരുന്നു വാങ്ങാനും ഭക്ഷണം കഴിക്കാനും പണം ആവശ്യപ്പെടുന്നതാണ് ഇവരുടെ സ്ഥിരം രീതി. വാങ്ങിത്തരമെന്ന് പറഞ്ഞാൽ പണം മതിയെന്നു പറയും. ജോലി നഷ്ടപ്പെട്ടു, താമസിക്കാൻ ഇടമില്ല, സന്ദർശക വീസയിലെത്തി തട്ടിപ്പിനിരയായി എന്നിങ്ങനെ കദനകഥകൾ നിരത്തിയാണ് തട്ടിപ്പ്. ചിലർ കയ്യിലും കാലിലും ബാൻഡേജ് ഇട്ട് അവശത അഭിനയിക്കുന്നു.

കുട്ടികളെയുമെടുത്ത് ഭിക്ഷാടനം നടത്തുന്ന സ്ത്രീകളുമുണ്ട്. പൊലീസിനെ വിളിക്കുന്നതായി ഭാവിക്കുകയോ തിരിച്ചെന്തെങ്കിലും ചോദിക്കുകയോ ചെയ്താൽ ഇവർ പെട്ടെന്നു നടന്നു തിരക്കിൽ മറയും. വാഹനങ്ങളുടെ ഗ്ലാസിൽ തട്ടി യാത്രക്കാരോട് പണം ആവശ്യപ്പെടുകയും തിരക്കില്ലാത്ത പാർക്കിങ്ങുകളിലും താമസകേന്ദ്രങ്ങളുടെ പരിസരങ്ങളിലും പിന്തുടർന്നെത്തുകയും ചെയ്യുന്നു. ശല്യമൊഴിവാക്കാൻ പലരും പണം കൊടുത്ത് ഒഴിവാക്കുന്നത് ഇവർ സൗകര്യമായി കാണുന്നു. ഓരോരുത്തരോടും വ്യത്യസ്ത കഥകളാണ് ഇവർ പറയുക. ചെറിയ പേനകളും വിലകുറഞ്ഞ പ്ലാസ്റ്റിക് ഉൽപന്നങ്ങളും വിൽക്കാനെന്ന പേരിൽ സമീപിക്കുന്നവരാണ് മറ്റൊരു വിഭാഗം.

ട്രാഫിക് സിഗ്നലുകൾക്കു സമീപം പോലും ഇവരെ കാണാം. വിൽപനയുടെ മറവിൽ, ബുദ്ധിമുട്ടുകൾ പറഞ്ഞു പണം ചോദിക്കുന്നു. ഒരു ദിർഹം വിലയുള്ള പേനവാങ്ങി 5-10 ദിർഹം നൽകുന്നവരാണേറെയും. സകുടുംബം ഭിക്ഷാടനം നടത്തുന്നവരുമുണ്ട്.  വടക്കൻ എമിറേറ്റുകളിൽ വാഹനങ്ങളിൽ കറങ്ങിനടന്നതാണു പിരിവ്. ഒമാനിൽ നിന്നു വന്നതാണെന്നു പറഞ്ഞ് സമീപിക്കും. കുട്ടിക്കു ഭക്ഷണം വാങ്ങിക്കൊടുക്കാൻ പോലും പണമില്ലെന്നു പറയുന്നതാണ് ഇവരുടെ രീതി. ഇത്തരക്കാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്  മുന്നറിയിപ്പ് നൽകുന്നു.

യാചകരാണ്, ജാഗ്രത വേണം

∙ നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവർ ഭിക്ഷാടകരിൽ ഉണ്ടാകാം. ഇവർക്കു ക്രിമിനൽ പശ്ചാത്തലമുണ്ടാകാൻ സാധ്യതയേറെ.

∙ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. സഹായം ആവശ്യപ്പെട്ടു സമീപിക്കുന്നവരുടെ കാര്യത്തിൽ ജാഗ്രത പുലർത്തുക. സംശയം തോന്നിയാൽ വാഹനത്തിന്റെ ഗ്ലാസ് താഴ്ത്താതിരിക്കുക.

∙ ഒറ്റയ്ക്കാണെങ്കിൽ ഇവരെ ലിഫ്റ്റിൽ കയറ്റാൻ അനുവദിക്കാതിരിക്കുക.  പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പണം വാങ്ങിയ സംഭവങ്ങളുണ്ട്. പുരുഷന്മാർ സ്ത്രീവേഷത്തിലെത്താനും സാധ്യത.

∙ അപരിചിതരെ വീടുകളിൽ പ്രവേശിപ്പിക്കാതിരിക്കുക. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും മാത്രമുള്ളപ്പോൾ.
നപ്ലംബിങ് ജോലിയുടെയും മറ്റും പേരിൽ വരുന്നവർ തട്ടിപ്പുകാരല്ലെന്ന് ഉറപ്പാക്കുക. കമ്പനിയുടെ തിരിച്ചറിയൽ രേഖകൾ ചോദിക്കാം. വാച്മാനെ അറിയിക്കുകയും വേണം.

∙ വീടിന്റെ വാതിൽ ചങ്ങല കൊണ്ടു ബന്ധിക്കുന്നതു സുരക്ഷിതമാണ്. ലോക്ക് മാറ്റുമ്പോൾ പെട്ടെന്നു ചവിട്ടിത്തുറന്ന് കടക്കുന്നത് തടയാൻ ഇതു സഹായകമാകും.

പൊലീസിൽ അറിയിക്കാം

ഭിക്ഷാടകർക്കെതിെരെ ക്യാംപെയ്നുകൾ ഊർജിതമാക്കിയതായി റാസൽഖൈമ പൊലീസ് അറിയിച്ചു. വ്യാപാര സ്ഥാപന പരിസരങ്ങൾ, പാർക്കിങ്ങുകൾ, താമസമേഖലകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കി. യുഎഇയിൽ ഭിക്ഷാടനത്തിന് കർശന വിലക്കുണ്ട്. അർഹരായവരെ സംരക്ഷിക്കാൻ  ഔദ്യോഗിക സംവിധാനങ്ങളുണ്ട്. ഭിക്ഷാടനം പ്രോത്സാഹിപ്പിക്കാതെ സംഭാവനകൾ അംഗീകൃത ജീവകാരുണ്യ സംഘടനകൾക്കു കൈമാറണം. ഭിക്ഷാടനം ശ്രദ്ധയിൽപെട്ടാൽ  ഉടൻ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ആപ് വഴിയും റിപ്പോർട്ട് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com