ADVERTISEMENT

അബുദാബി∙ കോവിഡ് ഉൾപ്പെടെ ആരോഗ്യരംഗത്തെ പുതിയ വെല്ലുവിളികൾ തരണം ചെയ്യാൻ പ്രാപ്തരാക്കാൻ അബുദാബിയിൽ നഴ്സുമാർക്ക് പരിശീലന പദ്ധതി ആരംഭിക്കുന്നു. 'നെക്സ്റ്റ് ജനറേഷൻ നഴ്സസ്' എന്ന പേരിൽ ലോകോത്തര പരിശീലനം നൽകുകയാണു ലക്ഷ്യം.

ജൂണിൽ ആരംഭിക്കുന്ന 4 ഘട്ടമായുള്ള പരിശീലനത്തിന്റെ ആദ്യഘട്ടത്തിൽ 250 പേർക്കാണ് അവസരം. ഓരോ ഘട്ടവും പാസാകുന്നതനുസരിച്ച് ക്വാളിഫൈഡ് നഴ്സ്, എക്സ്പീരിയൻസ്ഡ് നഴ്സ്, പ്രഫഷനൽ നഴ്സ്, ഡിസ്റ്റിങ്ഗ്വിഷ്ഡ് നഴ്സ് എന്നിങ്ങനെ പ്രത്യേക ബാഡ്ജ് നൽകും. എമിറേറ്റിലെ 15,000 നഴ്സുമാർക്ക് ഇതിന്റെ ഗുണം ലഭിക്കും. അബുദാബി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പരിശീലന പദ്ധതിയിൽ സേഹ,  ക്ലിവ് ലാൻഡ് ക്ലിനിക് അബുദാബി, സായിദ് മിലിറ്ററി ഹോസ്പിറ്റൽ, ഫാത്തിമ കോളജ് ഓഫ് ഹെൽത്ത് സയൻസ്, മെഡി ക്ലിനിക് മിഡിൽ ഈസ്റ്റ്, വിപിഎസ് ഹെൽത്ത് കെയർ, എൻഎംസി ഹെൽത്ത് കെയർ എന്നിവയും സഹകരിക്കും.

പുതിയ പരിശീലന പദ്ധതി ആരോഗ്യസേവന രംഗത്ത് മുതൽകൂട്ടാകുമെന്ന് ഹെൽത്ത് കെയർ വർക്ക് ഫോഴ്സ് പ്ലാനിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റാഷിദ് അൽ സുവൈദി പറഞ്ഞു. നഴ്സുമാരുടെ ആത്മവിശ്വാസം കൂട്ടാനും പരിശീലനം ഉപകരിക്കും. വിവിധ രാജ്യക്കാരായ നഴ്സുമാർ വ്യത്യസ്ത പരിശീലനം നേടിയാണ് യുഎഇയിലെത്തുന്നത്. ഇവർക്കു രാജ്യത്ത് ഏകീകൃത പരിശീലനം ലഭിക്കുന്നത് സേവനം കൂടുതൽ മെച്ചപ്പെടുത്താൻ വഴിയൊരുക്കുമെന്ന് വിപിഎസ് ഗ്രൂപ്പ് ചീഫ് നഴ്സിങ് ഓഫിസർ എൽസ ഉമ്മൻ പറഞ്ഞു.

യോഗ്യതയ്ക്കനുസരിച്ച് ശമ്പളവും ആനുകൂല്യവും വർധിക്കുന്നതിനാൽ മികച്ച പരിശീലനം സിദ്ധിച്ച നഴ്സുമാർ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് കുറയും. വിദഗ്ധ ചികിത്സയും മികച്ച പരിചരണവും ഇവിടെ ലഭിക്കുമ്പോൾ ചികിത്സാർഥം വിദേശത്തേക്കു പോകുന്നതും കുറയും. വിപിഎസിൽനിന്ന് തിരഞ്ഞെടുത്ത 26 നഴ്സുമാരുടെ പട്ടിക ആരോഗ്യവിഭാഗത്തിനു കൈമാറിയതായും പരിശീലനം തുടങ്ങിയതായും എൽസ ഉമ്മൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com