ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിന്റെ കടലോളങ്ങൾ മുറിച്ച് 2 യുദ്ധക്കപ്പലുകൾ ഇന്ത്യയിലേക്ക് പ്രയാണം തുടങ്ങി. അവയിൽ പക്ഷെ, യുദ്ധോപകരണങ്ങൾ അല്ല, ചികിത്സാ ഉപകരണങ്ങളാണ്. പ്രാണവായു ലഭിക്കാതെ മരിച്ചുവീഴുന്നവരെ ലക്ഷ്യമിട്ട് ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെയുണ്ട് അവയിൽ.

ഇന്ത്യയിൽ നിന്നെത്തിയ ഐ‌എൻ‌എസ് താബർ, ഐ‌എൻ‌എസ് കൊച്ചി എന്നീ കപ്പലുകളിലാണ് ചികിത്സാ ഉപകരണങ്ങൾ കയറ്റി കുവൈത്ത് യാത്രയാക്കിയത്. ഐ‌എൻ‌എസ് താബറിൽ 40 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 600 ഓക്സിജൻ സിലിണ്ടറുകളും ഉണ്ട്. 60 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 800 ഓക്സിജൻ സിലിണ്ടറുകളും 2 ഓക്സിജൻ കൺ‌സൻ‌ട്രേറ്ററുകളുമാണ് ഐ‌എൻ‌എസ് കൊച്ചിയിലുള്ളത്.

റെഡ് ക്രസൻ‌റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണു കുവൈത്ത് സഹായം എത്തിക്കുന്നത്. ഇന്ത്യയിൽ പ്രാണവായു ലഭിക്കാതെ ആളുകൾ മരിക്കുന്ന അവസ്ഥയിൽ സഹായവാഗ്ദാനവുമായി മുന്നോട്ടുവന്ന ആദ്യരാജ്യങ്ങളിൽ കുവൈത്തുമുണ്ടായിരുന്നു.

ആദ്യ ഗഡുവായി ഏതാനും ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ വിമാനമാർഗം ഡൽഹിയിൽ എത്തിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള വസ്തുക്കൾ കയറ്റി അയക്കുന്നതിനുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഡോ.അബ്ദുല്ല ഈസ അൽ സൽമാൻ, ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് എന്നിവർ ഷുഐബ തുറമുഖത്ത് എത്തിയിരുന്നു.

പ്രതിസന്ധി ഘട്ടത്തിൽ കുവൈത്ത് നൽകുന്ന പിന്തുണ പ്രശംസാർഹമാണ്. പ്രയാസങ്ങൾ അനുഭവിക്കുന്ന വേളകളിൽ പരസ്പര സഹകരണത്തിന് ഇരു രാജ്യങ്ങളും കാണിക്കാറുള്ള താൽപര്യം മാതൃകാപരമാണ്. അതിന്റെ തെളിവാണ് ഇപ്പോൾ കുവൈത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള പിന്തുണ-സിബി ജോർജ്, ഇന്ത്യൻ സ്ഥാനപതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com