ADVERTISEMENT

ദുബായ് ∙ മുൻകരുതൽ ഇല്ലെങ്കിൽ മോഷ്ടാക്കളുടെ അടുത്ത ഇര നിങ്ങളാകാം. താമസകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആസൂത്രിത നീക്കമാണ് മോഷ്ടാക്കൾ നടത്തുന്നത്.  ദിവസങ്ങളോളം നിരീക്ഷിച്ച് താമസക്കാർ ഇല്ലെന്ന് ഉറപ്പാക്കിയാണ് കവർച്ച. നാട്ടിൽ അവധിക്കു പോകുന്നവരാണ് പ്രധാന ഇരകൾ.

നൂതന സംവിധാനങ്ങളുപയോഗിച്ചു പൂട്ടു പൊളിച്ച് വീടുകളിൽ കയറുന്ന 9 അംഗ കവർച്ചാസംഘം  ഷാർജ പൊലീസിന്റെ പിടിയിലായതോടെയാണ് തന്ത്രങ്ങൾ പുറത്തായത്.  37% കേസുകളിൽ വീടിന്റെയും ലോക്കറുകളുടെയും പൂട്ട് തകർക്കാൻ ഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതായും കണ്ടെത്തി.

വനിതകൾ ഉൾപ്പെട്ട വൻ ശൃംഖല വിവിധ എമിറേറ്റുകളിൽ സജീവമാണെന്നും പൊലീസ് വ്യക്തമാക്കി. വീട്ടുപകരണങ്ങളും ആഭരണങ്ങളും മുതൽ കാറുകൾ വരെ ഇവർ കവരും. പുരുഷന്മാർ ജോലിക്കുപോകുന്ന സമയം നോക്കി വീട്ടമ്മമാരെ പറ്റിക്കുന്നവരുമുണ്ട്. എന്തെങ്കിലും സേവനവാഗ്ദാനവുമായും സഹായം തേടിയും എത്തുന്നവരെയും കരുതിയിരിക്കണം.

പൊലീസിനെ അറിയിക്കാം

യാത്ര പോകുമ്പോൾ പൊലീസിനെ മുൻകൂട്ടി അറിയിക്കുകയും അടിയന്തരഘട്ടങ്ങളിൽ വിളിക്കാൻ മൊബൈൽ ഫോൺ നമ്പർ നൽകുകയും വേണം. ഇങ്ങനെ ചെയ്താൽ വീട് പൊലീസ് നിരീക്ഷണത്തിലാകും. പൊലീസ് വെബ്സൈറ്റ് വഴിയോ സ്റ്റേഷനിൽ നേരിട്ടെത്തിയോ റജിസ്റ്റർ ചെയ്യാം.

പത്രങ്ങൾ നോക്കി ആളില്ലാ വീടുകൾ കണ്ടെത്തും

∙ ഫ്ലാറ്റിനു മുന്നിൽ  പ്രസിദ്ധീകരണങ്ങളും ബ്രോഷറുകളും ചിതറിക്കിടപ്പുണ്ടോയെന്നു നിരീക്ഷിച്ചാണ് ആൾതാമസമുണ്ടോയെന്നു മോഷ്ടാക്കൾ മനസ്സിലാക്കുന്നത്. ദീർഘകാല അവധിക്കു പോകുകയാണെങ്കിൽ തിരികെയെത്തുംവരെ പത്രം വേണ്ടെന്ന് വിതരണക്കാരനെ അറിയിക്കുക. അല്ലെങ്കിൽ ദിവസവും ഇവ എടുക്കാൻ വിശ്വസ്തരായ അയൽക്കാരെ എൽപിക്കുക.

∙ പത്രങ്ങളും മറ്റും ഇടാൻ വീടിനു മുന്നിൽ ബോക്സ് സ്ഥാപിക്കണമെന്നാണു പൊലീസ് നിർദേശം.

∙ പല കെട്ടിടങ്ങളിലും നിരീക്ഷണക്യാമറകൾ ഇല്ലാത്തതും മോഷ്ടാക്കൾക്കു സൗകര്യമാണ്.പഴയ കെട്ടിടങ്ങളിലും ക്യാമറകൾ നിർബന്ധമാക്കുകയാണ്.
വീടുകൾക്ക് സ്മാർട് ലോക്കിടാം

∙ വീടുകൾക്ക് സ്മാർട് ലോക്ക് ഉപയോഗിച്ചാൽ താക്കോൽ പ്രശ്നമല്ല. താക്കോൽ ഇല്ലാതെ അകലെ നിന്നും വാതിൽ തുറക്കാനും അടയ്ക്കാനും കഴിയുന്ന സംവിധാനമാണിത്. സ്മാർട് ലോക്ക് പിടിപ്പിച്ച ശേഷം ആപ് ഇൻസ്റ്റാൾ ചെയ്താൽ വാതിൽക്കൽ ആരെത്തിയാലും ഫോണിൽ അറിയിപ്പു ലഭിക്കും. സ്മാർട് ലോക്കിലുള്ള ക്യാമറ വഴി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാമെന്നതിനാൽ വീട്ടിൽ എത്തിയത് ആരാണെന്ന് പിന്നീട് മനസ്സിലാക്കാം.

∙ സ്മാർട് നിരീക്ഷണ ക്യാമറകൾ വീടുകളിൽ സ്ഥാപിക്കുന്ന പദ്ധതിക്ക് ദുബായ് പൊലീസ് തുടക്കമിട്ടു. ഡു, ട്രാൻസ്ഗാർഡ് എന്നിവയുമായി സഹകരിച്ചാണിത്. ക്യാമറയിലെ ദൃശ്യങ്ങൾ ലോകത്ത് എവിടെയിരുന്നും ഉടമയുടെ സ്മാർട് ഫോണിൽ കാണാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com