ADVERTISEMENT

അബുദാബി/റിയാദ്/മസ്കത്ത്∙ കേരളത്തോടൊപ്പം ഗൾഫ് രാജ്യങ്ങൾക്കും ഇന്നു പെരുന്നാളിന്റെ നിറവ്. മുൻവർഷത്തെ അപേക്ഷിച്ച് പള്ളിയിലും ഈദുഗാഹുകളിലും പെരുന്നാൾ നമസ്കരിക്കാം എന്നതാണ് വിശ്വാസികളുടെ ആഘോഷത്തിനു പൊലിമ കൂട്ടുന്നത്. കടുത്ത കോവിഡ് മാനദണ്ഡങ്ങൾക്കിടയിൽ നടക്കുന്ന ഈദ് ആഘോഷം പരിമിത തോതിൽ വീടുകളിൽ ഒതുങ്ങും. ഇന്നു പെരുന്നാൾ ആഘോഷിക്കുന്ന ഒമാനിൽ പള്ളികളും ഈദുഗാഹും തുറക്കില്ല. 

നമസ്കാരം വീടുകളിൽ മാത്രം.വ്രതശുദ്ധിയുടെ നിറവിൽ  പ്രപഞ്ച നാഥനുള്ള പ്രകീർത്തനങ്ങൾ (തക്ബീർ) കേട്ടുണർന്ന ശവ്വാലിന്റെ പ്രഭാതത്തിൽ ഈദു ഗാഹുകളിലും പള്ളികളിലും അകലം പാലിച്ചാകും പെരുന്നാൾ നമസ്കാരം.  ഹസ്തദാനവും ആലിംഗനവും ഒഴിവാക്കി 2 മീറ്റർ അകലം പാലിച്ച് ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള ആഹ്വാനം ഏറ്റെടുത്തു വിശ്വാസികൾ. കഴിഞ്ഞ രണ്ടു പെരുന്നാളിനും ആരാധനാലയങ്ങൾ തുറന്നിരുന്നില്ല. അതിനാൽ ഇത്തവണ നമസ്കരിക്കാൻ കൂടുതൽ പേർ എത്തുമെന്നതിനാൽ തിരക്ക് നിയന്ത്രിക്കാൻ വൊളന്റിയർമാരെ ചുമതലപ്പെടുത്തി. കോവിഡ് നിബന്ധനകളിൽ അകലം പാലിക്കുമ്പോൾ 30% പേർ അകത്തും ശേഷിച്ചവർ പുറത്തും നിന്ന് നമസ്കാരം പൂർത്തിയാക്കും. 

12 വയസ്സിനു താഴെയും 60നു മുകളിലുമുള്ളവർക്കും രോഗികൾക്കും സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കും പള്ളിയിലേക്കും ഈദ് ഗാഹിലേക്കും പ്രവേശനമില്ല. ഷാർജയിൽ പള്ളിക്കു പുറത്തുനിന്ന് നമസ്കരിക്കാൻ അനുമതി ഇല്ലാത്തതിനാൽ പള്ളിയിൽ സ്ഥലം ലഭിക്കാത്തവർ വീടുകളിൽ  നമസ്കരിക്കേണ്ടിവരും.   ഇന്ത്യയിൽ കോവിഡ് മൂലം മരണനിരക്ക് ഉയരുമ്പോൾ പ്രാർഥനയ്ക്കപ്പുറമുള്ള ആഘോഷം വേണ്ടന്നുവച്ചരുമേറെ.

പ്രതിസന്ധി കാലത്ത് പുതുവസ്ത്രത്തിലും ഭക്ഷണത്തിലും ആഘോഷത്തിലുമെല്ലാം പ്രകടമായ മാറ്റത്തിനു തയാറായി മലയാളികൾ. അതുകൊണ്ടുതന്നെ അനിയന്ത്രിതമായ തിരക്ക് വിപണികളിലും പ്രകടമല്ല.  5 പേരിൽ കൂടുതൽ കൂട്ടംചേരാൻ പാടില്ലെന്നതിനാൽ ആഘോഷത്തിന്റെ ഭാഗമായുള്ള സൗഹൃദ സന്ദർശനങ്ങളെല്ലാം റദ്ദാക്കി. 

ഇതര എമിറേറ്റുകളിലേക്കുള്ള വിനോദ യാത്രയും പലരും ഒഴിവാക്കി.  മാളുകളും ഇൻഡോർ വിനോദ കേന്ദ്രങ്ങളും സന്ദർശിക്കുന്നതിനു പകരം തുറസായ സ്ഥലങ്ങളിലേക്കു പോകാൻ ചെറിയ കുടുംബങ്ങൾ താൽപര്യം കാട്ടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com