ADVERTISEMENT

ദുബായ് ∙ പെരുന്നാൾ ആഘോഷം വിഭവ സമൃദ്ധമാക്കാൻ  വടക്കൻ മേഖലകളിലെ മാർക്കറ്റുകളിൽ എത്തിയത് മലയാളികളടക്കം ആയിരങ്ങൾ.  ഇതര  എമിറേറ്റുകളിൽ നിന്ന് ഇന്നലെ രാവിലെ മുതൽ ജനപ്രവാഹമായിരുന്നു. അജ്മാൻ മാർക്കറ്റിൽ നാടൻ കോഴിയും താറാവും കാടയും നിറഞ്ഞതോടെ കച്ചവടം പൊടിപൊടിച്ചു. ഇന്ത്യൻ പോത്തിറച്ചി, കോലാട്, ആഫ്രിക്കൻ ആടുകൾ, ചെമ്മരിയാട്, യുഎഇ ബീഫ് എന്നിവയ്ക്കു പ്രത്യേക മേഖലയൊരുക്കി.

ഖോർഫക്കാൻ, ദൈദ്, ദിബ്ബ, അൽ ബതായഹ്, റാസൽഖൈമ, ഫുജൈറ മാർക്കറ്റുകളിലും കഴിഞ്ഞദിവസങ്ങളിൽ വൻ തിരക്കനുഭവപ്പെട്ടു. അകലം പാലിക്കുന്നതടക്കമുള്ള മാർഗനിർദേശങ്ങൾ സന്ദർശകർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. 

നാടൻ ഉൽപന്നങ്ങൾ വാങ്ങാൻ എല്ലാ വിശേഷ ദിവസങ്ങളിലും തിരക്കുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. താരതമ്യേന കുറഞ്ഞവിലയ്ക്കു പുതുമയോടെ മാംസം, മാംസ ഉൽപന്നങ്ങൾ, പച്ചക്കറി എന്നിവ വാങ്ങാം. 

വിപണിയെ ഉണർത്തി സൗദി പൂവൻ

സൗദിയിൽ നിന്നുള്ള കോഴിക്കും ആവശ്യക്കാരേറെ. 4 കിലോ വരെയുള്ള പൂവൻകോഴി ഒന്നിന് 40 ദിർഹവും പിടക്കോഴിക്ക് 30 ദിർഹവുമാണു വില. വൃത്തിയാക്കുമ്പോൾ പരമാവധി നഷ്ടം ഒരു കിലോ. ഇവ നാടൻ ഇനമല്ലെങ്കിലും രുചിയിൽ ഒട്ടും പിന്നിലല്ലെന്നു മലയാളി കച്ചവടക്കാർ പറയുന്നു. മുട്ടയിടീൽ നിർത്തിയ ആവശ്യക്കാരുണ്ട്.  

കോഴിയെ ജീവനോടെ വാങ്ങിക്കൊടുത്താൽ നിമിഷങ്ങൾക്കകം ഏതു പരുവത്തിലും കവറിലാക്കി കിട്ടും. ഇതിനു പ്രത്യേക നിരക്കില്ല. വലുപ്പവും ഭംഗിയും നോക്കി ഇഷ്ടമുള്ളതിനെ തിരഞ്ഞെടുക്കാം. വില പേശിയും വാങ്ങാം.പരമാവധി 2 കിലോ വരുന്ന നാടൻ കോഴി ഒന്നിന് 60 ദിർഹമാണു വില. പൂവനും പിടയ്ക്കും വില വ്യത്യാസമില്ല. വില്ലകൾ, ഫാമുകൾ എന്നിവിടങ്ങളിൽ നിന്നാണ് ഇവയെത്തുന്നത്. താറാവൊന്നിന് ശരാശരി 50 ദിർഹം. നാടൻ കോഴിമുട്ടയും വടക്കൻ വിപണികളിൽ സുലഭമാണ്. 

രുചിയിൽ കേമം ഇന്ത്യൻ 

ഇന്ത്യൻ മട്ടൻ, പോത്തിറച്ചി, പാക്കിസ്ഥാൻ ബീഫ്, ചെമ്മരിയാട്, ആഫ്രിക്കൻ ആടുകൾ എന്നിവയ്ക്കു പ്രത്യേക മേഖല ഒരുക്കി. യുഎഇ ബീഫും ആടും ലഭ്യമാണെങ്കിലും  വില കൂടുതലാണ്. എന്നാൽ സ്വദേശികളടക്കം വലിയൊരു വിഭാഗവും ഇന്ത്യൻ ഉൽപന്നങ്ങൾ ഇഷ്ടപ്പെടുന്നു. ഇന്ത്യൻ പോത്തിറച്ചി കിലോയ്ക്ക് 32 ദിർഹം, പാക്കിസ്ഥാനി ബീഫ് 30, ലോക്കൽ ബീഫ് 35, ഇന്ത്യൻ ആട്ടിറച്ചി 45 എന്നിങ്ങനെയാണ് വില. ഓരോ ദിവസവും വിലയിൽ വ്യത്യാസം വരാം. സാധാരണക്കാർ കൂടുതലായെത്തുന്ന മാർക്കറ്റുകളിൽ ഇവയ്ക്കാണ് ഡിമാൻഡ്. പെരുന്നാൾ അവധിക്ക് യാത്രയും മറ്റ് ആഘോഷപരിപാടികളും ഇല്ലാത്തതിനാൽ പാചകംഗംഭീരമാക്കാനാണു ബാച്‌ലേഴ്സിന്റെ തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com