ADVERTISEMENT

മക്ക∙ വിശുദ്ധ മക്കയെയും മദീനയെയും ലക്ഷ്യമാക്കി എത്തുന്ന ലക്ഷക്കണക്കിനു വിശ്വാസികൾക്ക്  സുരക്ഷിതവും സുഗമവുമായ രീതിയിൽ കർമങ്ങൾ നിർവഹിക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഓരോ വർഷവും സൗദി ഹറം കാര്യ വിഭാഗം ഒരുക്കാറുള്ളത്. കോവിഡ് തുടങ്ങിയത് മുതൽ അധികൃതർ പുലർത്തിയ ജാഗ്രത ചരിത്രത്തിൽ ഇടം നേടി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിട്ടയും മുറയും തെറ്റിക്കാതെ നിബന്ധനകൾ പാലിക്കുന്നവർക്ക് അനായാസം ആരാധനകൾ നിർവഹിക്കാൻ രംഗം സജ്ജീകരിക്കുകയായിരുന്നു ഈ റമസാനിലും ഹറം കാര്യ വിഭാഗം. മഹാമാരിയുടെ രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ പോലും ഒരു തീർഥാടകനും രോഗം പടരാത്ത രീതിയിൽ റമസാനും പൂർത്തിയാക്കാനായി. 

ramsan-saudi

 

കഴിഞ്ഞ ഹജ് കാലത്ത് എണ്ണം പരിമിതപ്പെടുത്തിയും മൊബൈൽ ആപ്ലിക്കേഷൻ വഴി കടുത്ത നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏർപ്പെടുത്തിയും വിജയിപ്പിച്ചെടുത്ത അതേ മാതൃക  ഈ റമസാൻ കാലത്തും അധികൃതർ പ്രാവർത്തികമാക്കി. ആരാധനകൾക്കു ഭംഗം വരാതെയും നവ സാങ്കേതിക സൗകര്യങ്ങൾ ജനകീയമാക്കിയും ആൾക്കൂട്ട  നിയന്ത്രണത്തിൽ തുല്യതയില്ലാത്ത മാതൃക പകർന്നും ഈ കോവിഡ് കാലത്ത് ഗംഭീര യജ്ഞമാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഹറം കാര്യ വിഭാഗം വിജയിപ്പിച്ചെടുത്തത്.

 

രാജ്യത്ത് മൊത്തത്തിൽ കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കുകയും ചികിത്സയും വാക്സീനും പ്രവാസി-പൗര വ്യത്യാസമില്ലാതെ സൗജന്യമായി നൽകുകയും ചെയ്യുമ്പോഴും പ്രത്യേക ജാഗ്രതയും ശ്രദ്ധയുമാണ് ഇരു ഹറമുകളിലും സൗദി പുലർത്തിയത്. ഇതു വിജയകരവുമായി. മേയ് 17 മുതൽ രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാനിരിക്കെ കൃത്യമായ നിർദേശങ്ങളും കർശന പ്രോട്ടോക്കോളുകളും രാജ്യം പുറത്തിറക്കിക്കഴിഞ്ഞു. ഉംറ തീർഥാടനത്തിന് എത്തുന്നവർ പാലിക്കേണ്ട വിശദമായ മാർഗരേഖയും ബന്ധപ്പെട്ടവർ പുറത്തിറക്കി. കഴിഞ്ഞ വർഷം രാജ്യത്തിന് പുറത്ത് നിന്നുള്ളവർക്ക് ഹജിന് അവസരം ലഭിച്ചില്ലെങ്കിലും ഇക്കൊല്ലം കർശനമായ നിബന്ധനകളോടെ അനുവാദം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോക വിശ്വാസികൾ.  

 

അണുനശീകരണത്തിനും ശുചീകരണത്തിനും തുടങ്ങി ഓരോ മേഖലയിലും വിന്യസിച്ച പരിശീലനം സിദ്ധിച്ച ജീവനക്കാർ ഈ വിജയഗാഥയിലെ പ്രധാന ഉത്തേജകമാണ്. ഹറമിൽ പ്രവേശിക്കുന്നതിനും പ്രാർഥനക്കും ഉംറ നിർവഹിക്കുന്നതിനും വെവ്വേറെ അനുമതികളാണ് ആപ്ലികേഷൻ വഴി അധികൃതർ സംവിധാനിച്ചത്. മദീന പള്ളിയിൽ നിസ്‍കാരം, സലാം പറയൽ , റൗദയിലെ പ്രവേശം എന്നിവയ്ക്കും ഇതുപോലെ പ്രത്യേകം പ്രത്യേകം അനുമതിയാണ് എടുക്കേണ്ടത്. കോവിഡിന് ശേഷം ഈ സംവിധാനമാണ് കൂടുതൽ അനുഗുണമാകുക എന്ന പ്രതികരണമാണ് സന്ദർശകർ ഒരേ സ്വരത്തിൽ പറയുന്നത്. പതിറ്റാണ്ടുകളായി മദീന സന്ദർശിക്കുന്നവർക്ക് പോലും  റൗദയിൽ തിരക്കൊഴിഞ്ഞ് സമാധാനത്തോടെ പ്രാർഥിക്കാൻ ഇതാദ്യമായാണ് അവസരം ഒരുങ്ങുന്നതെന്ന് അനുഭവസ്ഥർ പറയുന്നു. ഒരു പ്രത്യേക കേന്ദ്രത്തിൽ സംഗമിച്ച് ആപ്ലികേഷൻ വഴി അവരവർക്ക് ലഭിച്ച സമയത്തിന്റെ ഊഴം അനുസരിച്ച് തീർഥാടകരെ കടത്തിവിട്ടപ്പോൾ തിരക്ക് നിയന്ത്രിക്കാനായി എന്ന് മാത്രമല്ല, ആരാധനാ കർമങ്ങൾ സ്വസ്ഥതയോടെ നിർവഹിക്കാനും രോഗം പടരുന്നതിൽ നിന്ന് സുരക്ഷ നൽകാനും സമയ നഷ്‌ടം സംഭവിക്കാതെ കർമങ്ങൾ നിർവഹിക്കാനും കഴിഞ്ഞു, ഇഅതമർനാ ആപ്ലിക്കേഷനിലൂടെ കൈകാര്യം ചെയ്തിരുന്ന ഉംറ അനുമതിയും ക്രമീകരണവും തവക്കൽനാ ആപ്ലിക്കേഷനിൽ കൂടി ലഭ്യമാക്കിയതോടെ ഒന്നിലധികം സംവിധാനങ്ങൾ ഏകീകരിക്കപ്പെട്ടു. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ ഉപകരിക്കുകയും ചെയ്തു. 

 

നിലവിൽ കോവിഡ് പ്രതിരോധ വാക്സീൻ രണ്ടു ഡോസും പൂർത്തിയാക്കിയവരായിരിക്കുക അല്ലെങ്കിൽ ഒരു ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരായിരിക്കുക,  കോവിഡ് രോഗം പിടിപെട്ട് സുഖം പ്രാപിച്ചവരായിരിക്കുക, എന്നിവയാണ് ഹറമിൽ പ്രവേശിക്കാനും ആരാധനാ നിർവഹിക്കാനും ഉള്ള അനുമതിക്കായി ഉണ്ടായിരിക്കേണ്ട യോഗ്യത. പ്രായമായവർക്കും ഭിന്ന ശേഷിക്കാർക്കും സ്ത്രീകൾക്കും പ്രത്യേക ട്രക്കുകൾ സംവിധാനിച്ച് വളരെ ശാസ്ത്രീയമായാണ് ഉംറയിലെ പ്രധാന കർമമായ ത്വവാഫ് നിർവഹിക്കാൻ  അവസരം ഒരുക്കിയിട്ടുള്ളത്.പ്രത്യേക ആരംഭ ബിന്ദുവും അടയാളപ്പെടുത്തിയിട്ടുണ്ട്. 14 ട്രാക്കുകളിലൂടെ സമയക്രമം അനുസരിച്ച് വിവിധ ബാച്ചുകളായി ഒരേ ഒഴുക്കിൽ സാമൂഹിക അകലം പാലിച്ച്  നീങ്ങുന്ന തീർഥാടകരുടെ ത്വവാഫ് കാഴ്ചക്ക് കൂടി കൗതുകം പകരുന്നതാണ്. 

 

ഒരിക്കൽ മാത്രം ഉപയോഗിക്കാൻ പാകത്തിൽ വിതരണം ചെയുന്ന സംസം ബോട്ടിലുകൾ തീർഥാടകർക്ക്  വളരെ സൗകര്യപ്രദമാണ്. സ്ത്രീ സുരക്ഷാ സേന ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥരും സന്നദ്ധ സേവകരും ആയാസരഹിത അനുഷ്ഠാനങ്ങൾ സമ്മാനിക്കാൻ എടുക്കുന്ന സാഹസം വലുതാണ്. പരിസ്ഥിതി സൗഹൃദ അണുനശീകരണ വസ്തുക്കൾ, അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുനശീകരണം നടത്താവുന്ന യന്ത്രങ്ങൾ എന്നിവയും 500 ലധികം ഓട്ടോമാറ്റിക് സാനിറ്റൈസിങ് മെഷീനുകളും പള്ളിയിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിന് 5000 ത്തിലധികം സാധാരണ കാറുകളും 3000 ഇലക്ട്രിക് വാഹനങ്ങളും സംവിധാനിച്ചിട്ടുണ്ട്. 

 

സാമൂഹിക അകലം പാലിക്കുന്നതിൽ കൃത്യത വരുത്താൻ കേന്ദ്രങ്ങളും  പ്രത്യേക പാതകളും സ്റ്റിക്കർ പതിച്ച് വേർതിരിക്കുകയും നൂറിലധികം നിരീക്ഷകരെ ഇവ പരിശോധിക്കാൻ വിന്യസിക്കുകയും ചെയ്തു. കിങ് ഫഹദ്, അജ്‌യാദ്, സഫ, പ്രവാചകന്റെ ഗേറ്റ്, ബാനി ഷെയ്ബ, അൽ മർവ, അൽ-അർഖം, അൽ-മർവ പാലം എന്നിവ ഉൾപ്പെടെ 10 കവാടങ്ങളാണു മക്കയിലെ ഹറം പള്ളിയിലേക്ക് പ്രവേശിക്കുന്നതിനു പുറത്ത് കടക്കുന്നതിനും അധികൃതർ അനുവദിച്ചത്. കൂടാതെ 200 എസ്‌കലേറ്ററുകളുടെയും 14 എലിവേറ്ററുകളുടെയും പ്രവർത്തനക്ഷാമമാണ്. ഇവ നിരീക്ഷിക്കുന്നതിന്  90 ഓളം സൗദി എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘം പ്രത്യേകം പ്രവർത്തിക്കുന്നു. ഏകദേശം 8,000 സ്പീക്കറുകൾ, ഇമാമിന് മാത്രമായി  ഒൻപത് മൈക്രോഫോണുകൾ, മുഅദ്ദിന് ആറ് മൈക്രോഫോണുകൾ എന്നിവ ഉൾക്കൊള്ളുന്ന ശബ്ദ സംവിധാനവും അവ പരിശോധിക്കുന്നതിനുള്ള പ്രത്യേക  ചുമതലക്കാരും ഉണ്ട്. 

 

 

വിശുദ്ധ പള്ളികളുടെ ചത്വരങ്ങളിൽ  വെള്ളം സ്പ്രേ ചെയ്യുന്ന സാങ്കേതികവിദ്യയിലൂടെ അന്തരീക്ഷത്തിലെ താപ നില നിയന്ത്രിച്ച് അവ കുറക്കുന്നതിന് കഴിയുന്നു. ഇത്തരത്തിൽ 250 ലധികം ഫാനുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ കൂളിങ് പ്ലാന്റാണ് വിശുദ്ധ ഹറമുകളിൽ പ്രവർത്തിക്കുന്നത്.ഇത് അൾട്രാവയലറ്റ് ലൈറ്റ് എയർ ശുദ്ധീകരണ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രാൻഡ് പള്ളിക്കുള്ളിൽ ശുദ്ധവായു ഉറപ്പാക്കുന്നതിന് സഹായിക്കുന്നു.

 

 

ചുരുക്കത്തിൽ സൗദി സർക്കാരും സംവിധാനങ്ങളും വിശുദ്ധ ഹറമുകളുടെ പാവനതക്ക് കല്പിക്കുന്ന പ്രാധാന്യത്തോളം ഈ കോവിഡ് കാലത്തെ ജാഗ്രതക്കും  കരുതലിനും ഇടം നൽകി എന്നതാണ് കഴിഞ്ഞ നാളുകൾ സാക്ഷ്യപ്പെടുത്തുന്നത്. അത് ഹറം പള്ളികളുടെ ചരിത്രത്തിൽ മറ്റൊരു വിജയഗാഥകൂടി തുന്നിച്ചേർത്തിരിക്കുന്നു    

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com