ADVERTISEMENT

ദുബായ്∙ ഓക്സിജൻ ക്ഷാമം രൂക്ഷമായ നാട്ടിലേക്ക് യുഎഇയിൽ നിന്ന് ഓക്സിജൻ കോൺസൻട്രേറ്ററുകൾ അയയ്ക്കുന്നവരുടെ എണ്ണം കൂടിയതോടെ ഇവിടെയും അവ കിട്ടാതായി. യുഎഇയിൽ പൊതുവേ ഇതിന് ഉപയോഗമില്ലാത്തതിനാൽ പല കമ്പനികളുടെയും പക്കലുണ്ടായിരുന്ന കുറച്ചു യന്ത്രങ്ങളാണ് പലരും വാങ്ങി നാട്ടിലേക്ക് അയച്ചത്.

പെട്ടെന്ന് ഇവയുടെ ആവശ്യം വർധിച്ചതു മനസ്സിലാക്കി പല കമ്പനികളും വിതരണക്കാരും വിദേശത്ത് ഓർഡർ നൽകിയിട്ടും ഇതുവരെ ലഭ്യമായിട്ടില്ല. യന്ത്രത്തിനായി നെട്ടോട്ടമോടുന്നവരോട് ഇനിയും കാത്തിരിക്കാനാണ് കമ്പനിക്കാരുടെയും മറ്റും അഭ്യർഥന. മുൻപ് ലഭ്യമായിരുന്ന അഞ്ചു ലീറ്റർ യന്ത്രങ്ങൾ പോലും ഇപ്പോൾ ലഭ്യമല്ല. തന്നെയുമല്ല വലിയ പ്രയോജനമില്ലാത്തതിനാൽ ഇതിനുള്ള ആവശ്യക്കാരും കുറഞ്ഞു.

എട്ടു ലീറ്റർ, പത്തു ലീറ്റർ യന്ത്രങ്ങൾക്കാണ് ആവശ്യക്കാരേറെ. അടുത്ത ആഴ്ചകളിൽ എത്തുമെന്ന് കമ്പനികൾ പറയുന്നുണ്ടെങ്കിലും ഉറപ്പില്ല. ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ് മിക്ക കമ്പനികളും. പക്ഷേ അടുത്ത ലോഡ് എപ്പോൾ എത്തുമെന്ന് അവർക്കും പറയാനാകുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച കൂടുതൽ ലോഡുകൾ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇവയൊന്നും എത്തിയിട്ടില്ല. ചില ആശുപത്രികളും ഇവ ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അവർക്കും പത്തു ലീറ്ററിന്റെ യന്ത്രം കിട്ടിയിട്ടില്ല.

ഈദ് അവധിയായത് മൂലം ഔദ്യോഗിക നടപടികൾക്കു കാലതാമസം നേരിടുന്നതും തിരിച്ചടിയായി. ചില കമ്പനികളുടെ യന്ത്രങ്ങൾ തുറമുഖത്ത് എത്തിയതായും അറിയുന്നു. സർക്കാർ നടപടികൾ കാത്ത് കഴിയുന്ന ഇവ ഈദ് അവധി കഴിഞ്ഞാലുടൻ ലഭ്യമാക്കുമെന്നാണ് കമ്പനി അധികൃതരും വ്യക്തമാക്കുന്നത്.

ചട്ടം പരിഷ്കരണം തുണയായി

നാട്ടിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെയാണ് ഇവയ്ക്കും ചില ജീവൻ രക്ഷാ മരുന്നുകൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി നിയന്ത്രണം നീക്കിയത്. ഏപ്രിൽ 30ന് ഇറക്കിയ ഉത്തരവ് പ്രകാരം ഇവ ഉപഹാരങ്ങളായി നാട്ടിലേക്ക് അയയ്ക്കാം. ജൂലൈ 31വരെ ഇവ അയയ്ക്കാനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്.

നാട്ടിലേക്ക് അയയ്ക്കുന്ന ആയിരം രൂപയ്ക്കു മുകളിലുള്ള ഉപഹാരങ്ങൾക്ക് കസ്റ്റംസ് തീരുവയും ജിഎസ്ടിയും അടയ്ക്കണമെന്നാണ് ചട്ടം. ഓക്സിജൻ കോൺസൻട്രേറ്ററകളുടെയും മറ്റും കാര്യത്തിൽ കസ്റ്റംസ് തീരുവ ഇളവ് ചെയ്തിട്ടുണ്ട്. എന്നാൽ ജിഎസ്ടി നൽകണം. ഇങ്ങനെ ഇളവ് പ്രഖ്യാപിച്ചതോടെയാണ് നാട്ടിലുള്ള മാതാപിതാക്കൾക്കും മറ്റും ഈ സമയത്ത് നൽകാവുന്ന ഏറ്റവും നല്ല ഉപഹാരമെന്ന നിലയിൽ പലരും ഓക്സിജൻ കോൺസൻട്രേറ്ററുകൾ വാങ്ങി അയയ്ക്കാൻ തുടങ്ങിയത്.

പ്രത്യേകിച്ച് ഡൽഹിയിലേക്കും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ഇതു വാങ്ങി അയയ്ക്കാൻ ആളുകൾ തിരക്കു കൂട്ടിയതോടെ യുഎഇയിൽ കമ്പനികളുടെയും വിതരണക്കാരുടെയും പക്കലുണ്ടായിരുന്ന എല്ലാ യന്ത്രങ്ങളും പെട്ടെന്ന് തീരുകയായിരുന്നു. അഞ്ചു ലീറ്റർ യന്ത്രങ്ങളാണ് കൂടുതലായും നാട്ടിലേക്ക് അയച്ചിരിക്കുന്നത്. ഇതു മാത്രമാണ് കിട്ടാനുണ്ടായിരുന്നതും.

എഴുപതിനായിരത്തിലധികമായിരുന്നു വില. പത്തു ലീറ്ററിനാകട്ടെ ഒന്നരലക്ഷം മുതൽ രണ്ടു ലക്ഷത്തോളം രൂപയാകും. എട്ടു ലീറ്ററിന് 97000 രൂപയാണ് വില. ചെന്നൈയിലെ ചില വിതരണക്കാരെ വരെ സമീപിച്ച് അവിടെ നിന്ന് കേരളത്തിലേക്ക് അയയ്ക്കാനും ശ്രമിച്ചവരുണ്ട്. അവിടെ കഴിഞ്ഞദിവസം മുതൽ ലഭ്യമായതായി അറിയുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടതാണ് ഇവയെന്ന് ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഏറ്റവും അടിയന്തര സാഹചര്യത്തിൽ ചെറിയ ആശ്വാസം എന്ന നിലയിലാണ് പലരും ഇതു വീടുകളിൽ കരുതുന്നത്.

എന്നാൽ അഞ്ചു ലീറ്റർ കൊണ്ട് കാര്യമായ പ്രയോജനമൊന്നും ലഭിക്കില്ലെന്നാണ് ആരോഗ്യമേഖലയിലുള്ളവർ വ്യക്തമാക്കുന്നത്. തന്നെയുമല്ല വാങ്ങിയ പലരും അതു തിരികെ ഏൽപിക്കാൻ ആഗ്രഹിക്കുന്നതായി ഈ രംഗത്തുള്ളവരും ചൂണ്ടിക്കാട്ടുന്നു. എട്ടു ലീറ്റർ-പത്തു ലീറ്റർ ഉപകരണങ്ങളാണ് ചെറിയ തോതിലെങ്കിലും പ്രയോജനം ചെയ്യുക. അതും കോവിഡിന്റെ ആദ്യ നാളുകളിൽ ചെറിയ തോതിൽ ഓക്സിജൻ പ്രശ്നം ഉണ്ടാകുമ്പോൾ മാത്രം.

കഴിഞ്ഞ ആഴ്ചകളിൽ ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ ആവശ്യം പതിന്മടങ്ങ് വർധിച്ചതായും സ്റ്റോക്ക് തീർന്നതിനാൽ കൂടുൽ എണ്ണത്തിന് ഓർഡർ നൽകിട്ടുള്ളതായും ആസ്റ്റർ റീടെയ്ൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ജോസ് ശ്രീധരൻ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്നാണ് കരുതുന്നത്. ഡോക്ടറുടെ ഉപദേശ പ്രകാരവും നിരീക്ഷണത്തിലുമാണ് ഇവ ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓക്സിജൻ കോൺസൻട്രേറ്ററുകൾ    

വായുവിൽ 79% നൈട്രജനും 21% ഓക്സിജനുമാണുള്ളത്. കോവിഡ് മൂലം ശ്വാസകോശ പ്രശ്നം നേരിടുന്നവർക്ക് സാധാരണ വായുവിൽ നിന്ന് ശരീരത്തിന് വേണ്ട ഓക്സിജൻ കിട്ടാൻ ബുദ്ധിമുട്ടുണ്ടാകും. ഇവർക്കാണ് ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ ഉപയോഗം പ്രയോജനപ്പെടുക. അന്തരീക്ഷത്തിലെ വായുവിൽ നിന്ന് ഓക്സിജൻ 90-95% വേർതിരിച്ചു നൽകാൻ ശേഷിയുള്ള ഉപകരണമാണിത്.

വായുവിൽ നിന്ന് നൈട്രജൻ അരിച്ചു മാറ്റി ഇവ പുറന്തള്ളും. ഇടവിട്ട് ഓക്സിജൻ നൽകുന്നവയും തുടർച്ചയായി ധാരമുറിയാതെ നൽകുന്നവയും ഉണ്ട്. ഭാരം, ശേഷി എന്നിവയെല്ലാം അനുസരിച്ച് ഇവ വ്യത്യസ്തമായിരിക്കും. ഓക്സിജൻ നില 85 വരെ ആയവർക്ക് ഈ യന്ത്രം ഉപയോഗിക്കാം. എന്നാൽ അതിനും താഴെ പോയാൽ ഓക്സിജൻ സിലിണ്ടറുകൾ തന്നെ വേണ്ടി വരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com