ADVERTISEMENT

ദുബായ് ∙ ആൾക്കൂട്ടവും ആർഭാടങ്ങളും ഒഴിവാക്കി പ്രവാസികൾ പെരുന്നാൾ അവധി അവിസ്മരണീയമാക്കി. ചെറിയതോതിലുള്ള ഉല്ലാസയാത്രകൾ ഒഴിവാക്കാതെയായിരുന്നു പലരുടെയും ആഘോഷം. ആദ്യദിവസങ്ങളിൽ വീടുകളിലിരുന്നു മടുത്തതോടെ വടക്കൻ എമിറേറ്റുകളിലേക്കു യാത്രതിരിക്കുകയായിരുന്നു.

uae-eid-celebration
ദുബായ് ജുമൈറ ബ്ലൂ മോസ്കിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ നിന്ന്. ചിത്രം: മോഹൻ പയ്യോളി

ഉല്ലാസകേന്ദ്രങ്ങളിലും റോഡുകളിലും പൊതുവേ തിരക്കു കുറവായിരുന്നു. ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിൽ കറങ്ങി വൈകിട്ടോടെ തിരികെയെത്തി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഗൃഹസന്ദർശനങ്ങൾ ഒഴിവാക്കി. ഉച്ചഭക്ഷണവുമായി രാവിലെ യാത്രതിരിച്ചവരുമേറെ.

eid-celebration
അബുദാബി ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് പള്ളിയിൽ നടന്ന പെരുന്നാൾ നമസ്കാരം. ചിത്രം: റഫീക് ബ്രഹ്മകുളം

ഷാർജ റഫീസ ഡാം, ഷീസ് പാർക്ക്, ദിബ്ബ, ഖോർകൽബ, മസാഫി മാർക്കറ്റ്, ഖോർഫക്കാൻ, മദാം, ജബൽജെയ്സ് മലനിരകൾ, ഹത്ത എന്നിവയാണ് പ്രിയപ്പെട്ട കേന്ദ്രങ്ങൾ. ജബൽ അൽ ജെയ്‌സ് ചുരത്തിലേക്കു കയറും മുൻപ് വാദി ഗിദ്ദയോടു ചേർന്നുള്ള ഹാബൂബ് ഷാഫിയ ഗ്രാമവും സന്ദർശകരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. ഏക്കറുകളോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങളിൽ നിന്നു കുറഞ്ഞവിലയ്ക്കു പച്ചക്കറി വാങ്ങാം.

eid-in-uae
ദുബായ് ഖിസൈസ് അൽ ബദിയ പള്ളിയിലെ പെരുന്നാൾ നമസ്കാരം ചിത്രം: സബീറ ഫൈസൽ

ഉമ്മുൽഖുവൈനിലെ മനോഹരമായ കടലോര മേഖലയും ആഘോഷകേന്ദ്രമാണ്. തിരക്കില്ലാത്ത വിശാല തീരമാണിവിടം. ദുബായ്, ഷാർജ മാളുകളിലും തിരക്കുണ്ട്.  കോവിഡ് പിടിമുറുക്കിയ കഴിഞ്ഞവർഷം പ്രവാസികൾ ആഘോഷയാത്രകൾ തീർത്തും ഒഴിവാക്കിയിരുന്നു. അവധിദിവസങ്ങൾ വിഭവസമൃദ്ധമാക്കാനും ബാച്‍ലേഴ്സ് മത്സരിക്കുകയായിരുന്നു. ഇഷ്ടംപോലെ സമയമുള്ളതിനാൽ 'ഹെവിലോഡ്' വിഭവങ്ങൾ തയാറാക്കി. ചിക്കൻ മജ്ബൂസ്, മദ്ബി, മലബാർ ബിരിയാണി എന്നിങ്ങനെ ഓരോ ദിവസവും ആഘോഷം സമൃദ്ധമാക്കി. അതേസമയം, നാട്ടിൽ പോയവരെ ഗൾഫിലെ ആഘോഷം വിഡിയോയിൽ കാണിച്ചു കൊതിപ്പിച്ചവരുമുണ്ട്.

നിയന്ത്രണങ്ങൾ കണക്കിലെടുത്ത് സുഹൃത്തുക്കളെ ആരും വീടുകളിലേക്കു ക്ഷണിച്ചില്ല. പകരം ഭക്ഷണപ്പൊതികൾ കൈമാറി. പലയിടങ്ങളിൽ നിന്നു വിഭവങ്ങൾ എത്തിയതോടെ ഫ്രിജുകൾ നിറഞ്ഞു. ഇനി 3-4 ദിവസത്തേക്ക് അടുക്കളയിൽ കയറേണ്ടന്ന ആശ്വാസവും. 5 ദിവസത്തെ അവധിക്കു ശേഷം നാളെ ഓഫിസുകൾ പ്രവർത്തനമാരംഭിക്കും.

നാട്ടിൽ 'വീട്ടുതടങ്കൽ' പുറത്തിറങ്ങാനാവാതെ

വീട്ടുതടങ്കലിലാണെന്നാണ് നാട്ടിൽ അവധിക്കു പോയവരുടെ വിലാപം. ഒന്നരവർഷത്തിനുശേഷം എത്തിയവർക്ക് അടുത്തബന്ധുക്കളെ പോലും കാണാൻ കഴിഞ്ഞില്ല.

രോഗവ്യാപനം കൂടുതലായതിനാൽ സന്ദർശകരെ ഒഴിവാക്കാൻ വീടിന്റെ ഗേറ്റ് പൂട്ടിയതായും അവശ്യസാധനങ്ങൾ വാങ്ങാൻ ഹോംഡെലിവറി സികര്യം ഉപയോഗപ്പെടുത്തുന്നതായും ഇവർ പറയുന്നു.

അയൽ വീടുകളിൽവരെ കോവിഡ് ബാധിതരുണ്ട്. യുഎഇയിലേക്കുള്ള യാത്രാവിലക്ക് തുടരുന്നതും ആശങ്ക വളർത്തുന്നു. ചില കമ്പനികൾ ഒരു മാസം വരെ അവധി നീട്ടി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com