ADVERTISEMENT

ദുബായ് ∙ ‘എന്റെ ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരു സമാധാനം പറയും? അവളെ ചതിച്ച എറണാകുളത്തെ ട്രാവൽ ഏജൻസിയിലെ ധനേഷ് എന്നയാൾ പറയുമോ? അജ്മാനിലെ മലയാളിയായ വനിതാ ഏജന്റ് പറയുമോ? അതോ, ഒമാനിലെ ഇന്ത്യൻ അധികൃതർ പറയുമോ?’-ജോലി തട്ടിപ്പിൽപ്പെട്ട് ഒമാനിലെ മസ്കത്തിൽ ദുരിതമനുഭവിക്കുന്ന ഗ്ലോറി അലക്സിന്റെ ഭർത്താവ് ഇടുക്കി കട്ടപ്പന സ്വദേശി അലക്സിന്റേതാണ് ചോദ്യം. എറണാകുളം കിഴക്കമ്പലത്തെ വാടക വീട്ടിൽ താമസിക്കുന്ന അലക്സിന് രോഗിയായ തന്റെ ഭാര്യയെ എത്രയും പെട്ടെന്ന് തിരിച്ചുകൊണ്ട് വരണമെന്നാണ് ആഗ്രഹം. പക്ഷേ, ഇതിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല.

‘ഏഴു വർഷമായി കിഴക്കമ്പലത്തിലാണ് താമസം. ഗ്ലോറി എറണാകുളത്തെ ഒരു ചെരുപ്പുകടയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇടയ്ക്ക് രക്തസ്രാവമുണ്ടായി അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നു. ഇതിന് മൂന്നു ലക്ഷം രൂപ ചെലവായി. കടം വാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയത്. മറ്റ് സാമ്പത്തിക ബാധ്യതകളെല്ലാം കൂടി ഏഴ് ലക്ഷം രൂപ ബാങ്കുകൾക്ക് അടക്കം തിരിച്ചുനൽകാനുണ്ട്. കോവിഡ് വ്യാപനത്തെത്തുടർന്ന് ചെരുപ്പുകടയിൽ കച്ചവടം കുറഞ്ഞു. ഉച്ച കഴിഞ്ഞ് മാത്രമായിരുന്നു പിന്നീട് ജോലി. ഇതോടെ ശമ്പളവും നേർപകുതിയായി. ഞാൻ വാർക്കപ്പണിക്കാരനാണ്. മഴക്കാലം വന്നാൽ എനിക്കും പണി കുറയും. ആഴ്ചയിലും മാസം തോറും അടവുള്ള ബാധ്യതകളുണ്ട്. അങ്ങനെ എന്തു ചെയ്യണമെന്ന് വിഷമിച്ചിരിക്കുമ്പോഴാണ് യുഎഇയിലേയ്ക്ക് വീട്ടുജോലിക്ക് ആളെ വേണമെന്നറിഞ്ഞത്. ഗ്ലോറിയയുടെ സുഹൃത്ത് വഴിയായിരുന്നു ഇക്കാര്യം അറിഞ്ഞത്. 

പള്ളിമുക്കിലെ ഒരു ട്രാവൽസിലെ ജോലിക്കാരൻ ധനേഷ് എന്ന വ്യക്തിയാണ് തുടർന്ന് ബന്ധപ്പെട്ടത്. ഇൗ വർഷം ജനുവരി 19ന് നെടുമ്പാശ്ശേരിയിൽ നിന്ന് ദുബായിലേയ്ക്ക് വിമാനം കയറി. പോകുന്നതിന് മുൻപ് ധനേഷിനോട് കാര്യങ്ങൾ ചോദിച്ച് ഗ്ലോറിയയുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. താനും കുടുംബവുമായി ജീവിക്കുന്നയാളാണെന്നായിരുന്നു ആശങ്ക പങ്കിട്ടപ്പോൾ ധനേഷിന്റെ മറുപടി. തനിക്കും ഭാര്യയും മക്കളുമുണ്ടെന്നും താനാരെയും ചതിക്കില്ല എന്നും യുഎഇയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ താനിടപെട്ട് ശരിയാക്കാം എന്നുമൊക്കെ പറഞ്ഞപ്പോൾ വിശ്വസിച്ചുപോയി. തനിക്ക് അറിയാവുന്ന ആളുകളാണ് യുഎഇയിലെ ഏജന്റ് എന്നും യാതൊരു പ്രശ്നവുമുണ്ടാവില്ലെന്നും ഉറപ്പും നൽകി.

പ്രതിമാസം 24,000 രൂപയായിരുന്നു ശമ്പളം. ജോലി ഇഷ്ടമായില്ലെങ്കിൽ വേറെ വീട് ഏർപ്പാടാക്കും. അല്ലെങ്കിൽ മൂന്നു മാസം കഴിയുമ്പോൾ ഗ്ലോറിയെ തിരിച്ചുകൊണ്ടു വരും. വീസയ്ക്കും പോകാനും വരാനുള്ള വിമാന ടിക്കറ്റ് നിരക്ക് ഒന്നും നൽകേണ്ട. എല്ലാം സൗജന്യം എന്നുകൂടി കേട്ടതോടെ ഗ്ലോറി യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി. ദുബായിൽ നിന്ന് നേരെ അജ്മാനിലേയ്ക്കാണ് കൊണ്ടുപോയത്. അവിടെയുള്ള മലയാളി സ്ത്രീയാണ് ഏജന്റ്. അവരെന്റെ ഭാര്യയെ വിറ്റതാണ്. വലിയ തുക അവർ സ്വന്തമാക്കി. ഇപ്പോൾ തിരിച്ചയക്കണമെങ്കിൽ അരലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. ഇത്രയും തുക ഉണ്ടായിരുന്നെങ്കിൽ ഞാനവളെ ഗൾഫിലേയ്ക്ക് അയക്കുമായിരുന്നില്ല. 

55 ദിവസമാണ് ഗ്ലോറി അജ്മാനിൽ നരകജീവിതം നയിച്ചത്. ഒരൊറ്റ മുറിയിൽ 20 പേർ അട്ടിക്കട്ടലികളിലായിരുന്നു കിടന്നുറങ്ങിയത്. കോവിഡ് കാലത്ത് ഒരാൾക്ക് രോഗം പകർന്നിരുന്നെങ്കിൽ എല്ലാവരുടെയും ജീവൻ അപകടത്തിലാകുമായിരുന്നു. കാരണം, ആർക്കെങ്കിലും രോഗം വന്നാൽ അവരവർ തന്നെ നോക്കിക്കോളണമെന്നായിരുന്നു ആ സ്ത്രീ മുന്നറിയിപ്പ് നൽകിയത്. ഇത്രയും ദിവസം ഗ്ലോറിയുമായി ഞാൻ സംസാരിച്ചത് അഞ്ചോ ആറോ തവണ മാത്രം. അവിടെയുണ്ടായിരുന്ന മറ്റു യുവതികൾക്ക് നാട്ടിൽ നിന്ന് റീചാർജ് ചെയ്തു കൊടുക്കുമ്പോൾ അവർ ഗ്ലോറിക്കും സംസാരിക്കാൻ നൽകുന്നതായിരുന്നു. അതുകൊണ്ട് കേവലം സുഖാന്വേഷണം മാത്രമേ സാധിച്ചിരുന്നുള്ളൂ. മുറിയിൽ ഇന്റർനെറ്റ് കണക്ഷനുമില്ലായിരുന്നു. എനിക്ക് 750 രൂപയാണ് ദിവസക്കൂലി. ഇതിൽ നിന്ന് വലിയ തുക കൊടുത്ത് റീചാർജ് ചെയ്യാനാവില്ലല്ലോ. ഗ്ലോറിക്ക് 18,000 രൂപയായിരുന്നു ശമ്പളം നൽകിയത്.  

യുഎഇയിൽ ജോലി കിട്ടാൻ പ്രയാസമാണെന്ന് പറഞ്ഞാണ് ഗ്ലോറിയെ ഒമാനിലേയ്ക്ക് അയച്ചത്. മസ്കത്തിലെ മൂന്ന് നില വീട്ടിൽ 16 അംഗങ്ങളും അവരുടെ കുട്ടികളും താമസിക്കുന്നു. ഒാരോ തരം ജോലിക്കും ഒാരോ ജോലിക്കാരി എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും എല്ലാം ഗ്ലോറി തന്നെ എടുക്കണം. രാവിലെ ആറിന് എണീറ്റ് ഭക്ഷണമുണ്ടാക്കൽ, അലക്കൽ, വീട് തൂത്തു വൃത്തിയാക്കൽ, പാത്രം കഴുകൽ എല്ലാം ഒറ്റയ്ക്ക് ചെയ്യണം. ഇത് ആർക്കെങ്കിലും തുടർച്ചയായി ചെയ്യാൻ പറ്റുന്നതാണോ? ജോലി ചെയ്ത് ഗ്ലോറി അവശയായി. കൂടെ കഴിഞ്ഞ 15 ദിവസമായി രക്തസ്രാവവും ഉണ്ട്. ഇതുവരെ ആശുപത്രിയിൽ പോയിട്ടില്ല. അരലക്ഷം രൂപ തന്നാൽ നാട്ടിലേയ്ക്ക് പൊയ്ക്കോട്ടെ എന്നാണ് അപ്പോഴും അജ്മാനിലെ ഏജന്റ് പറയുന്നത്. എറണാകുളത്ത് ധനേഷുമായി ബന്ധപ്പെടുമ്പോൾ, അവൻ പലതും പറഞ്ഞ് തലയൂരുന്നു. ഞങ്ങൾ പാവങ്ങളാണ്. മറ്റൊന്നും വേണ്ട, എന്റെ ഭാര്യയെ എത്രയും പെട്ടെന്ന് സുരക്ഷിതയായി നാട്ടിലെത്തിച്ചാൽ മാത്രം മതി’-അലക്സ് പറഞ്ഞു. 

യുഎഇയിലെയും ഒമാനിലെയും സാമൂഹിക പ്രവർത്തകർ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ട് ഗ്ലോറിയെ രക്ഷപ്പെടുത്തുമെന്ന് തന്നെയാണ് ഇൗ യുവാവിന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com