ADVERTISEMENT

അബുദാബി∙ മനോവൈകല്യമുള്ളവരുടെ അവകാശം ഹനിക്കുന്നവർക്ക് തടവും 2 ലക്ഷം ദിർഹം പിഴയും ചുമത്തുന്ന കരടു നിയമത്തിന് ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകാരം നൽകി. മാനസിക കേന്ദ്രത്തിലാക്കാനും ഡിസ്ചാർജ് ചെയ്യാനുമായി വ്യാജ രേഖകൾ ഉണ്ടാക്കുന്നവർക്കെതിരെയും ശക്തമായ നടപടി വ്യവസ്ഥ ചെയ്യുന്നു. 

മനോവൈകല്യം നേരിടുന്നവരെ അവഗണിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നവർക്ക് തടവും ഒരു ലക്ഷം ദിർഹമാണ് ശിക്ഷ. വിദ്വേഷത്തോടെ ഒരാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കുന്നവർക്കും കൂട്ടുനിൽക്കുന്നവർക്ക് 50,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ.

രോഗികൾക്ക് മതിയായ പരിചരണവും സംരക്ഷണവും ഉറപ്പുവരുത്തി ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള നടപടികളും കരടു നിയമത്തിലുണ്ട്. മനോരോഗി, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ സംബന്ധിച്ച് സമഗ്ര വിവരങ്ങൾ ഉൾപ്പെട്ടതാണ് കരടു നിയമം.

വിവിധ എമിറേറ്റിലുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളുടെ റിപ്പോർട്ടുകളിലുള്ള തുടർ നടപടികൾക്കായി ഒന്നിലേറെ സമിതികൾ രൂപീകരിച്ച് പ്രവർത്തിക്കാനും നിർദേശമുണ്ട്. മനോവൈകല്യ ചികിത്സയ്ക്കു വിസമ്മതിക്കുന്നവരുടെ ചികിത്സാനുമതി തേടുന്നതും വ്യവസ്ഥകൾ പാലിച്ചാണ് ചികിത്സ എന്ന് ഉറപ്പുവരുത്തേണ്ടതും സമിതിയുടെ ഉത്തരവാദിത്തമാണെന്ന് സമിതി ഡപ്യൂട്ടി ചെയർമാനും എഫ്എൻസി പരിസ്ഥിതി, ആരോഗ്യ കാര്യ സമിതി മേധാവിയുമായ നഈമ അബ്ദുല്ല അൽ ഷർഹാൻ പറഞ്ഞു.

 മനോരോഗ ചികിത്സ നടത്തുന്നവരും സ്ഥാപനങ്ങളും ആരോഗ്യവകുപ്പിൽ നിന്ന് പ്രത്യേക അനുമതി എടുക്കണമെന്നും പറഞ്ഞു. ലൈസൻസ് എടുക്കാതെ ചികിത്സ നടത്തുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകും. 

എഫ്എൻസി അംഗീകരിച്ച കരടു നിയമം പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അംഗീകാരത്തിനായി സമ‍ർപ്പിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com