ADVERTISEMENT

ദുബായ്∙ പ്രവാസികൾക്ക് 5 കോടിയടക്കം കോവിഡ്19 ദുരിതമനുഭവിക്കുന്നവർക്കു സാന്ത്വനം  പകരാൻ 15 കോടി രൂപ ചെലവഴിക്കുമെന്നു പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ഒാഫ് കമ്പനീസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ രവി പിള്ള പറഞ്ഞു.  പ്രവാസികൾക്കുള്ള 5 കോടി നോർക്ക റൂട്സ് വഴിയാണ് ആർപി ഫൗണ്ടേഷൻ വിതരണം ചെയ്യുക. നോർക്കയിൽ റജിസ്റ്റർ ചെയ്യാത്തവർക്കും സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്. ഒാഗസ്റ്റിനകം തുക വിതരണം ചെയ്യാനാണു തീരുമാനം.

കോവിഡിനു ശേഷം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, രോഗികൾ, പെൺകുട്ടികളുടെ വിവാഹത്തിന്, നിരാലംബരായ വിധവകൾ തുടങ്ങിയവർക്കായിരിക്കും സഹായം ലഭിക്കുക. ഇതുസംബന്ധമായ മാനദണ്ഡങ്ങൾ നോർക്ക റൂട്സ് രണ്ടു ദിവസത്തിനകം പുറത്തിറക്കും. ആഗോളതലത്തിൽ നിരവധി പേരുടെ ജീവനെടുക്കുകയും ബിസിനസ് മേഖലയുടെ തകർച്ചക്കു കാരണമാവുകയും ചെയ്ത കോവിഡ്, പ്രവാസികൾ ഉൾപ്പടെ നിരവധി മലയാളികളുടെ ജീവഹാനിക്കും തൊഴിൽ നഷ്ടത്തിനും ഇടയാക്കിയതു വേദനാജനകമാണെന്നു രവി പിള്ള പറഞ്ഞു. 

കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മാതാപിതാക്കൾ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ നിലനിൽപ്പിനായുള്ള അവരുടെ കഷ്ടപ്പാടുകൾ നേരിട്ടും ആർപി ഫൗണ്ടേഷൻ മുഖേനയും നിരന്തരം തന്നെ അറിയിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി തുടങ്ങിയതുമുതൽ ആർപി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിരവധി രാജ്യങ്ങളിലെ കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും അനേകം കുടുംബങ്ങൾക്ക് യാത്രാ സഹായം ഉൾപ്പെടെ നിരവധി സാമ്പത്തിക സഹായങ്ങൾ  നൽകി വരികയും ചെയ്യുന്നു. ഇതു കൂടാതെ കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുമായി ചേർന്നു ചവറ ശങ്കരമംഗലം സ്കൂളിൽ 250 രോഗികളെ കിടത്തി ചികിൽസിക്കുന്നതിനുള്ള കോവിഡ് ചികിത്സാ കേന്ദ്രമൊരുക്കി. ഈ ദുരിത കാലത്ത് ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാനും അവർക്കൊരു കൈത്താങ്ങാകാനും നമുക്കു കഴിയണം. മറ്റുള്ളവരുടെ വേദന പങ്കിട്ട് അവർക്ക് താങ്ങും തണലുമാകാൻ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കർത്തവ്യമായി കരുതുന്നു. കോവിഡ് നിമിത്തം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പരമാവധി ആളുകളിലേക്ക് സഹായം എത്തിക്കാനാണ് ആർപി ഫൗണ്ടേഷൻ ലക്ഷ്യം വയ്ക്കുന്നതെന്നും രവി പിള്ള പറഞ്ഞു.

 

ആകെ ചെലവഴിച്ചത് 85 കോടി രൂപ

 

രവി പിള്ളയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് ആർ പി ഫൗണ്ടേഷനിലൂടെ  നടത്തുന്നത്. ഫൗണ്ടേഷന്റെ കീഴിൽ ഇതുവരെ നൂറു കണക്കിന് വിവാഹങ്ങൾ നടത്തികൊടുക്കുകയും അവർക്കാവശ്യമായ ജോലിയും മറ്റു സഹായങ്ങളും നൽകുകയും ചെയ്തു. ഭവന രഹിതർക്ക് നിരവധി വീടുകൾ നിർമിച്ചു നൽകുകയും നിർധനരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുകയും ചെയ്തുവരുന്നു. നിലവിൽ ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫൗണ്ടേഷൻ നടത്തിവരികയുമാണ്. ഇതുവരെ 85 കോടി രൂപയിലേറെയാണ് ഇതിനായി ചെലവഴിച്ചത്.

 

സഹായം ലഭിക്കാൻ ചെയ്യേണ്ടത്

ഈ സഹായം ലഭിക്കുന്നതിനായി അർഹരായ ആളുകൾ സ്ഥലം  എംപി/മന്ത്രി/എംഎൽഎഎ/ജില്ലാ കളക്ടർ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യ പത്രത്തോടൊപ്പം ആർപി ഫൗണ്ടേഷന്റെ താഴെ പറയുന്ന മേൽവിലാസത്തിൽ എത്രയും പെട്ടെന്ന് അപേക്ഷിക്കണമെന്നു ഡോ. ബി. രവിപിള്ള നിർദേശിച്ചു.

വിലാസം:

RP Foundation, P.B. No. 23, Head Post Office, Kollam - 01

Kerala, India 

OR Email to: rpfoundation@drravipillai.com

English Summary: Ravi Pillai to spent Fifteen Crore to Overcome Covid 19 misery 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com