ADVERTISEMENT

ദുബായ്∙യുഎഇയിൽ ചൊവ്വാഴ്ച മുതൽ തുടങ്ങുന്ന ഉച്ചവിശ്രമം ലംഘിക്കുന്നതു കണ്ടെത്താൻ ഉദ്യോഗസ്ഥർ പരിശോധന നടത്തും. കടുത്ത ചൂടിൽ നിന്നു തൊഴിലാളികളെ സുരക്ഷിതമാക്കാനാണു നിയമമെന്ന് അധികൃതർ അറിയിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ടു മൂന്നു വരെ തൊഴിലാളികൾക്കു പുറംജോലികൾ തടഞ്ഞു കൊണ്ടുള്ളതാണു നിയമം. 2005 മുതൽ യുഎഇ ഈ നിയമം കർശനമായി നടപ്പാക്കുന്നുണ്ട്. നിയമം ലംഘിച്ചു തൊഴിലാളികളെ പണിയെടുപ്പിക്കുന്നുണ്ടോ എന്നറിയാൻ 11 പരിശോധന സംഘത്തെ  നിയോഗിച്ചു.

 

പരിശോധനകളിൽ കോവിഡ് ചട്ടവും

 

പണിസ്ഥലങ്ങളിൽ പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥർ ഉച്ച വിശ്രമം ലംഘിക്കുന്നതു മാത്രമായിരിക്കില്ല പരിശോധിക്കുക.  തൊഴിലാളികൾക്കിടയിൽ  കോവിഡ് വ്യാപനം തടയാൻ കമ്പനികൾ സ്വീകരിച്ച സുരക്ഷാമാർഗങ്ങളും നിരീക്ഷിക്കും. ഉയർന്ന താപനിലയുള്ള സമയത്തു കോവിഡ് ആഘാതം കൂടിയാകുന്നതു തൊഴിലാളികളെ  തളർത്തുമെന്നതിനാലാണിത്.

 

വിളിച്ചറിയിക്കണം

 

തൊഴിലാളികളുടെ സുരക്ഷയെ ബാധിക്കുന്ന നിയമലംഘനങ്ങൾ കണ്ടാൽ 80,060 ടോൾ ഫ്രീ നമ്പരിൽ അധികൃതരെ അറിയിക്കാനാണു നിർദേശം. 24 മണിക്കൂറും 4 പ്രധാന ഭാഷകളിൽ മറുപടി ലഭിക്കുന്ന സംവിധാനമാണിത്. ഉച്ചവിശ്രമ നിയമം നടപ്പാക്കാനുള്ള നടപടികൾ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയവുമായി സഹകരിച്ചാണു സ്വീകരിച്ചിട്ടുള്ളതെന്ന് ദുബായ് തൊഴിലാളി കാര്യ  സ്ഥിരം സമിതി   തലവൻ അബ്ദുല്ല ലശ്കരി പറഞ്ഞു.

 

ലേബർ ക്യാംപുകളിലും തൊഴിലിടങ്ങളിലും ഉച്ചവിശ്രമനിയമം സംബന്ധിച്ച് ബോധവൽക്കരണം നടത്തും. നിയമാവബോധം നൽകുന്ന സ്റ്റിക്കറുകൾ പതിക്കുന്നതോടൊപ്പം  ബ്രോഷകകളും  വിതരണം ചെയ്യും. കടുത്ത ചൂടിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയുന്ന തൊഴിലാളികളുടെ നിർജലീകരണം തടയാനുള്ള പാനീയങ്ങളും പ്രാഥമിക വസ്തുക്കളും ഉണ്ടായിരിക്കണമെന്ന്‌ അബ്ദുല്ല വ്യക്തമാക്കി.

 

കഴിഞ്ഞ വർഷം 99% 

 

കഴിഞ്ഞ വർഷം ഉച്ചവിശ്രമ നിയമം സ്വകാര്യ മേഖലയിലെ   99% സ്ഥാപനങ്ങളും കൃത്യമായി നടപ്പാക്കിയതായാണു അധികൃതരുടെ വിലയിരുത്തൽ. 1045 ലധികം പരിശോധനകളും ഉദ്യോഗസ്ഥർ പോയ വർഷം പൂർത്തിയാക്കി.

 

തൊഴിൽ 8 മണിക്കൂറിൽ കൂടരുത്

വിലക്കുള്ള സമയത്തു തൊഴിലാളികൾ പണിയെടുത്താൽ ഉത്തരവാദിത്തം സ്പോൺസർമാർക്കായിരിക്കും. ജോലി നിർത്തിയ സമയത്ത് വിശ്രമിക്കാൻ അവർക്ക് സൗകര്യമൊരുക്കണം.  തൊഴിൽ സമയം രാവിലെ ആയാലും വൈകുന്നേരമാണെങ്കിലും ഒരു ദിവസം 8 മണിക്കൂറിൽ കൂടാൻ പാടില്ല. 24 മണിക്കൂറിനിടെ എട്ടു മണിക്കൂറിൽ ജോലി കൂടിയാൽ അധികവേതനം നൽകിയിരിക്കണമെന്നാണു തൊഴിൽ ചട്ടം.  

English Summary: Companies preparing for lunch break in UAE 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com