ADVERTISEMENT

ദുബായ്∙പരീക്ഷണഘട്ടങ്ങൾ വിജയിച്ചതോടെ ഇ-സ്കൂട്ടറുകൾ കൂടുതൽ മേഖലകളിലേക്ക്. നിലവിൽ 5 ഡിസ്ട്രിക്ടുകളിൽ അനുമതിയുള്ള ഇവ മറ്റിടങ്ങളിലും തുടങ്ങാനാണ് ആർടിഎ തീരുമാനം. പുതിയ ഡിസ്ട്രിക്ടുകളിൽ ഈവർഷം തന്നെ പരീക്ഷണയോട്ടം ആരംഭിക്കും. ഇതിനായി കൂടുതൽ റോഡുകളും അനുബന്ധ സംവിധാനങ്ങളുമൊരുക്കും.

ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്ന 82% പേരും സംതൃപ്തി രേഖപ്പെടുത്തിയതായി ആർടിഎ-പൊലീസ് യോഗം വിലയിരുത്തി. ചുരുങ്ങിയ ചെലവിൽ സുരക്ഷിതമായി യാത്ര ചെയ്യാനാവുന്നതിനാൽ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. 800 ഇ-സ്കൂട്ടറുകൾ ഉപയോഗത്തിലുള്ളതായാണ് കണക്ക്.

മുഹമ്മദ് ബിൻ റാഷിദ് ബൊലേവാഡ്, ജുമൈറ ലെയ്ക്സ്, ദുബായ് ഇന്റർനെറ്റ് സിറ്റി, അൽ റിഗ്ഗ, മുറഖാബാദ്, സെക്കൻഡ് ഓഫ് ഡിസംബർ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് നിലവിൽ ഇ-സ്കൂട്ടറുകൾക്ക് അനുമതിയുള്ളത്. ഇ-സ്കൂട്ടർ യാത്രക്കാർക്ക് പ്രത്യേക നിയമാവലിക്കു രൂപം നൽകിയിട്ടുണ്ട്.  വിവിധയിടങ്ങളിൽ ഒക്ടോബർ മുതൽ ഇ-സ്കൂട്ടറുകൾ വാടകയ്ക്കെടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

കരീം, ലൈം, ടിയർ, സ്വദേശി കമ്പനികളായ അർണബ്, സിക്രത് എന്നിവയ്ക്കാണു നടത്തിപ്പ് ചുമതല. നിശ്ചിത ട്രാക്കുകളിൽ മാത്രമാണ് അനുമതി. റോഡുകൾ, നടപ്പാതകൾ, പാർക്കിങ് മേഖലകൾ എന്നിവിടങ്ങളിൽ അനുമതിയില്ല.

മോപ്പഡുകൾ പരിഗണനയിൽ

മോപ്പഡുകൾക്ക് അനുമതി നൽകുന്നതും പരിഗണനയിലാണ്. മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വേഗത്തിൽ പോകാൻ കഴിയുന്ന പെഡലോടു കൂടിയ മോപ്പഡുകൾക്കാകും അനുമതി നൽകുക. യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഇവയ്ക്കും പ്രത്യേക മേഖലകളിൽ മാത്രമാകും അനുമതി. യാത്രക്കാരുടെ  പ്രായം, അനുമതിയുള്ള റോഡുകൾ, എൻജിന്റെ ശേഷി, റജിസ്ട്രേഷൻ-ലൈസൻസിങ് നടപടികൾ, പരമാവധി വേഗം എന്നീ കാര്യങ്ങളിലും രൂപരേഖ തയാറാക്കും.

ആർടിഎ ചെയർമാൻ മത്തർ അൽ തായർ, ദുബായ് പൊലീസ് മേധാവി ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ: മൈത ബിൻ ആദായി, പബ്ലിക് ട്രാൻസ്പോർട് ഏജൻസി സിഇഒ: അഹമ്മദ് ഹാഷിം ബഹ്റൂസിയാൻ, ലൈസൻസിങ് ഏജൻസി സിഇഒ: അബ്ദുല്ല യൂസഫ് അൽ അലി,  ജനറൽ ഡിപാർട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ സെയിഫ് മുഹൈർ അൽ മസ്റൂയി, സിഐഡി ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സാലിം അൽ ജല്ലാഫ് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com