sections
MORE

വികസന പദ്ധതികൾ പരിസ്ഥിതി സൗഹൃദമാകണം: പി. പ്രസാദ്‌

YM-Environment-day
SHARE

മസ്കത്ത്‌ ∙ നാടിന്റെ വികസനത്തിന്‌ വലിയ പദ്ധതികൾ നടപ്പാക്കേണ്ടത്‌ അനിവാര്യമാണെങ്കിലും അവ പരിസ്ഥിതിക്കും ജീവജാലങ്ങളൂടെ ആവാസവ്യവസ്ഥക്കും ആഘാതമേൽക്കാതെ പരിസ്ഥിതി സൗഹൃദമാകണമെന്ന്‌ സംസ്ഥാന കൃഷി വകുപ്പ്‌ മന്ത്രി പി. പ്രസാദ്‌. മസ്കത്ത്‌ മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു പരിസ്ഥിതി സംരക്ഷണത്തിനായുള്ള സമരങ്ങളുടെ മുന്നണി പോരാളി കൂടിയായ അദ്ദേഹം. മനുഷ്യരാശിയുടെ നിലനിൽപ്പിന്‌ തന്നെ ആധാരമായ പ്രകൃതിയും അതിലെ ജീവന ഘടകങ്ങളായ പ്രാണവായുവും മണ്ണും മരങ്ങളും വെള്ളവും സംരക്ഷിക്കാൻ നമുക്ക്‌ ഉത്തരവാദിത്വമുണ്ട്‌. ഇനി വരാനിരിക്കുന്ന അനേകം തലമുറകൾക്ക്‌ കൂടി അവകാശപ്പെട്ടതാണ്‌ ഇവയൊക്കെ എന്ന ബോധ്യമുണ്ടാകണം. പ്രവാസ ലോകത്തെ അനേകം സുഹൃത്തുക്കൾ മട്ടുപ്പാവിൽ പോലും ചെറിയ രീതിയിൽ കൃഷി ചെയ്യുന്നത്‌ കണാറുണ്ട്‌. ആവാസവ്യവസ്ഥയുടേ പുനഃസ്ഥാപനം എന്ന ഈ വർഷത്തെ പരിസ്ഥിതിദിന ചിന്താ വിഷയത്തെ അധികരിച്ച്‌ പുനഃരുജ്ജീവനത്തിന്റെ കാവലാളാകുക, പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ്‌ ഓൺ ലൈൻ പ്ളാറ്റ്ഫോമിലൂടെ യുവജനപ്രസ്ഥാനം ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചത്‌.

ഒരു പുത്തൻ കാർഷിക സംസ്കാരം രൂപപ്പെടുത്തുന്നതിനും കർഷകർക്കും കർഷക തൊഴിലാളികൾക്കും മെച്ചപ്പെട്ട വരുമാനം ഉറപ്പ്‌ വരുത്തുന്നതിനും തരിശു ഭൂമികൾ കൃഷിയോഗ്യമാക്കി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും  പച്ചക്കറികൾക്കും ഭക്ഷ്യോൽപ്പന്നങ്ങൾക്കും ഇനിയും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിക്ക്‌ മാറ്റമുണ്ടാകുവാനും കാർഷിക രംഗത്ത്‌ സ്വയം പര്യാപ്തത നേടുന്നതിനുള്ള കൂടുതൽ കർമ്മപദ്ധതികൾ ആവിഷ്ക്കരിച്ച്‌ നടപ്പിലാക്കണമെന്ന നിർദ്ദേശം ചടങ്ങിൽ അംഗങ്ങൾ മന്ത്രിക്ക്‌ മുൻപാകെ സമർപ്പിച്ചു.

ഇടവക വികാരി ഫാ. പി. ഓ മത്തായി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടവക ട്രസ്റ്റി സാബു കോശി, മലങ്കര സഭാ മാനേജിംഗ്‌ കമ്മറ്റി അംഗം ഡോ. ഗീവർഗീസ്‌ യോഹന്നാൻ, ഒമാൻ സോണൽ കോഓർഡിനേറ്റർ ബിജു ജോൺ കൊന്നപ്പാറ എന്നിവർ ആശംസകൾ അർപ്പിച്ചു.

പരിപാടികളുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം അനാവരണം ചെയ്യുന്ന ഡോക്യുമെന്ററിയുടെ പ്രദർശനം, ചർച്ച്‌ വളപ്പിൽ വൃക്ഷത്തൈ നടീൽ എന്നിവയും നടന്നു.  ഭാരവാഹികളായ ബെൻസൺ സ്കറിയ, ബിജു ജോൺ തേവലക്കര, ലിബിൻ രാജു, വർഗീസ്‌ അലക്സ്‌ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA