sections
MORE

സൗദിയിൽ പൊതുമാപ്പ് ഉടൻ ; ജയിൽ അധികൃതർക്ക് നിർദേശം നൽകി

saudi-amnesty
SHARE

റിയാദ്∙ സൗദിയിൽ ജയിലിൽ കഴിയുന്ന കരിമ്പട്ടികയിൽ ഉൾപ്പെടാത്ത കുറ്റവാളികളെയും അനധികൃത താമസക്കാരെയും  പൊതുമാപ്പ് നൽകി മോചിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കാൻ  ഭരണാധികാരി സൽമാൻ രാജാവ് നിർദേശം നൽകി. എന്നു മുതൽ ഇളവ്  ആരംഭിക്കുമെന്ന് അറിവായിട്ടില്ല. നിയമ ലംഘകർക്കു പിഴയോ തടവോ കൂടാതെ രാജ്യം വിടാനുള്ള അവസരമാണിത്. തടവറയിൽ കഴിയുന്ന  ഒട്ടേറെ  പേർക്ക് മോചിതരായി കുടുംബത്തിൽ ചേരാൻ ഇത് വഴി അവസരം ലഭിക്കും. 

വീസാ കാലാവധി കഴിഞ്ഞവർ, ഒളിച്ചോടിയതായി പരാതി ചാർത്തിയവർ, ട്രാൻസിറ്റ് വീസയിലോ, ഹജ്-ഉംറ-സന്ദശക വീസയിലോ സൗദിയിലെത്തി തിരിച്ചു പോകാത്തവർ, നിയമക്കുരുക്കിൽ കുടുങ്ങിയവർ  തുടങ്ങി നിരവധി പേർക്ക് ആനുകൂല്യം ലഭിക്കും.  രാജകീയ ഉത്തരവ് വേഗം  നടപ്പാക്കാനും അതിന്റെ ഗുണഭോക്താക്കൾക്ക് മോചിതരാകാനുള്ള  നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് നിർദ്ദേശിച്ചതായി ജയിൽ ഡയറക്ടർ ജനറൽ പറഞ്ഞു. 

ഇതിന്റെ ആനുകൂല്യം  ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേർക്ക് ലഭിക്കും. അതേസമയം ക്രിമിനൽ കുറ്റവാളികൾ, സുരക്ഷാ വിഭാഗത്തിന്റെ കരിമ്പട്ടികയിൽ ഉള്ളവർ എന്നിവർക്ക് പൊതുമാപ്പ് ഉപയോഗിക്കാൻ കഴിയില്ല. പൊതുമാപ്പ് മുഖേന മോചിതരാകുന്ന വിദേശികൾക്കു നിശ്ചിത കാലയളവിന് ശേഷം  വീണ്ടും സൗദിയിലേക്ക് തിരിച്ചു വരാനുള്ള ആനുകൂല്യം നൽകാറുണ്ട്. 

സാധാരണഗതിയിൽ  ഹജ്, ഉംറ, സന്ദർശക വീസ കാലാവധി കഴിഞ്ഞ് രാജ്യത്ത് അനധികൃതമായി തങ്ങുന്നവരും രേഖകളൊന്നും ഇല്ലെങ്കിലും അവധി തീരാത്ത പാസ്പോർട്ട് കൈവശമുള്ളവർക്കും ടിക്കറ്റെടുത്ത് നേരിട്ട് വിമാനത്താവളത്തിൽ എത്തിയാൽ  അന്തിമ എക്സിറ്റ് ലഭിക്കും. ഒളിച്ചോടിയ കേസിൽ (ഹുറൂബ്) അകപ്പെട്ടവർ പാസ്പോർട്ടിൽ കാലാവധിയുണ്ടെങ്കിൽ, അഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്ത ശേഷം  നാടുകടത്തൽ കേന്ദ്രത്തിൽ (ഡിപോർട്ടേഷൻ സെന്റർ) നിന്നാണ് ഫൈനൽ എക്സിറ്റ് കരസ്ഥമാക്കേണ്ടത്. മതിയായ രേഖകൾ കൈവശമില്ലാത്തവരും ഫൈനൽ എക്സിറ്റ് കാലാവധി തീർന്നവരും ലേബർ ഓഫിസ് വഴിയാണ് ആനുകൂല്യത്തിനു സമീപിക്കേണ്ടത്. കൂടാതെ എംബസി, കോൺസുലേറ്റ്, മറ്റ് സഹായകേന്ദ്രങ്ങൾ വഴിയും ഈ അവസരം ഉപയോഗപ്പെടുത്താം. 

അതേസമയം കഴിഞ്ഞ പ്രാവശ്യം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി തീർന്നിട്ടും ടിക്കറ്റ് എടുക്കാൻ പണമില്ലാതെ നിരവധി പേർ രാജ്യം വിടാൻ കഴിയാനാകാതെ ഇവിടെത്തന്നെ  കുടുങ്ങിയിരുന്നു. ചില സന്നദ്ധ സംഘങ്ങൾ വഴി പരിമിതമായ സഹായങ്ങൾ ലഭിക്കാറുണ്ടെങ്കിലും സർക്കാർ തലത്തിൽ മികച്ച സംവിധാനമോ ശ്രദ്ധയോ ഇല്ലാത്തതിനാൽ മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ആനുകൂല്യം ഉപയോഗപ്പെടുത്താൻ കഴിയാനാകാത്ത വാർത്തയുമുണ്ടായിരുന്നു. പൊതുമാപ്പിന്റെ തുടക്കം മുതൽ കൃത്യമായ കണക്കെടുപ്പും ആസൂത്രണവും നടത്തി ആനുകൂല്യം പരമാവധി പേർക്കു പ്രയോജനപ്രദമാകാനുള്ള മുൻ‌കൂർ നടപടികളാണ് വേണ്ടതെന്നാണ് ആവശ്യം.  ഇളവ് സമയം കഴിഞ്ഞു രാജ്യത്ത് അനധികൃത താമസം തുടരുന്നവരെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA