ADVERTISEMENT

ദുബായ് ∙ കോവിഡ്19 ബാധിക്കുന്നതിനു മുൻപ് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിനി ഭാരതി (40) സന്ദർശകവീസ തീർന്നതിനെ തുടർന്ന് നാട്ടിലേയ്ക്ക് പോകാനൊരുങ്ങിയതായും എന്നാൽ, മകൻ ദേവേഷിന് പിസിആർ പരിശോധന നടത്തേണ്ടി വന്നതിനാൽ യാത്ര മുടങ്ങി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു തിരിച്ചുവന്നതായും കൂട്ടുകാരി ജെറീനാ ബീഗം പറഞ്ഞു. കോവിഡ് ബാധിക്കുന്നതിനു കുറച്ച് നാൾ മുൻപായിരുന്നു സംഭവം. ഉപജീവനം തേടി കൈക്കുഞ്ഞുമായി യുഎഇയിലെത്തിയ ഭാരതി വീട്ടുജോലിയാണ് അന്വേഷിച്ചിരുന്നത്. നേരത്തെ ദുബായിൽ ഇതേ ജോലി ചെയ്തിരുന്ന ഇവർ പിന്നീടു പ്രവാസ ജീവിതം മതിയാക്കി മടങ്ങിയതായിരുന്നു. എന്നാൽ കുടുംബപ്രശ്നങ്ങള്‍ മൂലം നിത്യവൃത്തിക്ക് വഴിയടഞ്ഞപ്പോൾ കഴിഞ്ഞ മാർച്ചിൽ വീണ്ടും യുഎഇയിൽ തിരിച്ചെത്തി. പക്ഷേ, എവിടെയും വീട്ടുജോലി ലഭിച്ചില്ല. കൂട്ടുകാരി ജെറീനാ ബീഗത്തിനോടൊപ്പം, അവർ നൽകിയ ഭക്ഷണം കഴിച്ചു ജബൽ അലിയിലെ കുടുസ്സുമുറിയിലായിരുന്നു മകനോടൊപ്പം താമസം.

 

kiran-devesh
സാമൂഹിക പ്രവർത്തകൻ കിരൺ രവീന്ദ്രനോടൊപ്പം ദേവേഷ്.

ഇതിനിടെ ഒരു മാസത്തെ സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞപ്പോഴായിരുന്നു തിരുച്ചിറപ്പള്ളിയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. ഭാരതി പിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിരുന്നു. എന്നാൽ പത്തു മാസം പ്രായമുള്ള മകൻ ദേവേഷിന് പരിശോധന ആവശ്യമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ജെറീനയോടും മറ്റും കടം വാങ്ങിയ പണം ഉപയോഗിച്ചു ഭാരതിയും മകനും വിമാന ടിക്കറ്റെടുത്തു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ചെന്നപ്പോൾ കുട്ടിക്ക് കൂടി പിസിആർ പരിശോധന നിർബന്ധമാണെന്നതിനാൽ നിരാശയായി മടങ്ങേണ്ടി വന്നു. ഒരുപക്ഷേ, അന്നു നാട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു. ഇതിനു ശേഷം ജെറീന തന്നെ പണം നൽകി വീണ്ടും സന്ദർശക വീസയെടുത്തു ജോലിക്ക് ശ്രമിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കൊറോണ വൈറസ് നിരാലംബയായ ഇൗ യുവതിയുടെ ജീവൻ കവർന്നത്. കഴിഞ്ഞ മാസം 29 ന് ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.  

 

ഉറ്റ കൂട്ടുകാരിയുടെ അന്ത്യ കർമങ്ങൾ നിർവഹിക്കുന്നതിൽ മതത്തിന്റെയോ ആചാരത്തിന്റെയോ അതിർവരമ്പുകൾ അറബ് നാട്ടിലും ജെറീനാ ബീഗത്തിനു തടസ്സമായിരുന്നില്ല. ജബൽ അലിയിലെ ഹിന്ദു ശ്മശാനത്തിൽ ഭാരതിയുടെ മൃതദേഹം കത്തിയമരുമ്പോൾ മുസ്‌ലിം മതവിശ്വാസക്കാരിയായ ജെറീനയുടെ കൈകളിൽ അമ്മ നഷ്ടപ്പെട്ടതോടെ അനാഥനായ ആ നിഷ്കളങ്ക ബാല്യവുമുണ്ടായിരുന്നു. ഭാരതിക്കു നാട്ടിൽ ഭർത്താവും മറ്റൊരു കുട്ടിയുമുണ്ട്. പ്രത്യേക പരിചരണം ആവശ്യമുണ്ടായിരുന്ന മൂത്ത കുട്ടി രണ്ടു വർഷം മുൻപ് മരിച്ചു. രണ്ടാമത്തെ കുട്ടിയെ ബന്ധുക്കളെ ഏൽപിച്ചായിരുന്നു ഭാരതി വിമാനം കയറിയത്.

 

രക്തം രക്തത്തെ തിരിച്ചറിഞ്ഞ നിമിഷം 

 

കോവിഡ് എന്തെന്നോ മരണമെന്തെന്നോ അറിയാത്ത നിഷ്കളങ്കനായ ദേവേഷ് അമ്മയുടെ മരണ ശേഷവും കുസൃതികാട്ടി ജെറീനാ ബീഗത്തിനോടൊപ്പം കഴിഞ്ഞു. കരയുമ്പോൾ ഇടയ്ക്ക് അവരും മറ്റൊരു കൂട്ടുകാരി വാസന്തിയും ചേർന്ന് പുറത്തുകൊണ്ടുപോകും. അപ്പോൾ കുട്ടി സന്തോഷവാനാകും. അമ്മ നഷ്ടപ്പെട്ടത് അവൻ അറിഞ്ഞോ എന്നു പോലും പറയാനാവില്ലല്ലോ.

 

ഭാരതിയുടെ മൃതദേഹം ജബൽ അലി ഹിന്ദു ശ്മശാനത്തിൽ ദഹിപ്പിക്കാനായി കിടത്തിയപ്പോൾ ദേവേഷിനേയും കൊണ്ടായിരുന്നു ജെറീനാ ബീഗവും വാസന്തിയും ചെന്നത്. പ്രിയപ്പെട്ട അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ നിന്നപ്പോൾ ദേവേഷിന്‍റെ മുഖം പ്രസന്നമായിരുന്നു. പക്ഷേ, ആ മുഖത്ത് അന്ത്യ ചുംബനം നൽകിപ്പിച്ചതിനു ശേഷം കുഞ്ഞു ചുണ്ടുകൾ നിർത്താതെ വിതുമ്പിയതായും കണ്ണുകൾ നിറഞ്ഞതായും ജെറീനാ ബീഗം പറയുന്നു. രക്തം രക്തത്തെ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്നാണ് ജെറീന അതേക്കുറിച്ച് പറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ നിമിഷങ്ങളായിരുന്നു പിന്നീട് ദേവേഷിനെയും കൊണ്ട് താമസ സ്ഥലത്തേയ്ക്ക് മടങ്ങുമ്പോൾ അനുഭവപ്പെട്ടതെന്നും പറഞ്ഞു. ഒടുവിൽ ദേവേഷിനെ നാട്ടിലേയ്ക്ക് യാത്രയാക്കിയപ്പോൾ ജെറീനയും വാസന്തിയും കരച്ചിലടക്കാൻ പാടുപെട്ടു. അവരെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ സാമൂഹിക പ്രവർത്തകർ വലഞ്ഞു.

 

ജീവിത വഴി തേടി അലച്ചിൽ; ഒടുവിൽ...

 

കഴിഞ്ഞ 10 വർഷത്തിലേറെയായി ജീവിതം കരുപ്പിടിപ്പിക്കാനുളള ഓട്ടത്തിലായിരുന്നു ഭാരതി. ബന്ധുക്കളുടെയും നാട്ടുകാരുടെയും എതിർപ്പുകളെ മറികടന്ന് പ്രണയ വിവാഹം കഴിച്ചതോടെ കുടുംബക്കാരിൽ നിന്ന് ഒറ്റപ്പെട്ടു. എങ്കിലും പിറകോട്ട് നടക്കാൻ അന്നു ഭാരതി തയാറല്ലായിരുന്നു. ജീവിതം പ്രതിസന്ധിയിലായപ്പോൾ 2011 ൽ ആദ്യമായി ഇവർ ദുബായിലെത്തി. ആദ്യ ഒരു വർഷം ഒരു ഹോട്ടലിൽ ജോലി ചെയ്തു. പിറ്റേ വർഷം നാട്ടിലേയ്ക്ക് മടങ്ങി. പക്ഷേ വിധിയുടെ വിളയാട്ടം തുടർന്നു. ആദ്യകുട്ടിക്ക് ജന്മം നൽകിയ ശേഷം കുറച്ചു കാലം എങ്ങനെയെല്ലാമോ നാട്ടിൽ പിടിച്ചു നിന്നു.  2017ൽ വീണ്ടും ഭാരതി ദുബായിലേയ്ക്ക് തിരിച്ചുവന്നു. വീട്ടുജോലിക്കാരിയായി കഴിയവെയാണ് ജെറീനാ ബീഗത്തെ പരിചയപ്പെടുന്നത്. ഇരുവരും ഉറ്റ കൂട്ടുകാരികളാകാൻ ഏറെ നാളുകൾ വേണ്ടിവന്നില്ല.

 

2019 വരെ പലയിടങ്ങളിൽ ജോലി ചെയ്ത ഭാരതി ചെറിയ സമ്പാദ്യവുമായി സമാധാനം നിറഞ്ഞ ജീവിതം സ്വപ്നം കണ്ട് നാട്ടിലേയ്ക്ക് മടങ്ങി. പക്ഷേ മുന്‍പത്തേക്കാളും കഷ്ടപ്പാടും ദുരിതവുമായിരുന്നു അവരെ കാത്തിരുന്നത്. ഈ സമയത്തെല്ലാം ജെറീനയുടെ ആശ്വാസ വാക്കുകളായിരുന്നു സങ്കടങ്ങളകറ്റിയത്. അതിനിടയിലാണ് ദേവേഷിന്റെ ജനനം. പിന്നീട് ഇൗ വർഷം മാർച്ചിൽ കൈക്കുഞ്ഞുമായി ഭാരതി ദുബായിലെത്തി. ഇനിയുളള കാലം മക്കൾക്കു വേണ്ടി മാത്രം ജീവിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഭാരതി ഇടയ്ക്കിടെ പറയുമായിരുന്നുവെന്ന് ജെറീന ദുഃഖമടക്കാനാകാതെ പറയുന്നു. ദൈവഹിതമായിരിക്കണം, കുറച്ചു നാളെങ്കിലും ദേവേഷിന് അമ്മയുടെ സ്നേഹം പകരാൻ സാധിച്ചു. തിരിച്ചറിവിന് മുൻപേ അനാഥനായിപ്പോയ ആ കുട്ടിക്ക് നല്ലൊരു ഭാവിയുണ്ടാകണേ എന്ന് മാത്രമാണ് ഇപ്പോഴത്തെ പ്രാർഥന.  

English Summary: Came all the way to airport and went back disappointed; Bharathi's life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com