ADVERTISEMENT

ദുബായ്∙ എക്സ്പോ ചരിത്രത്തിൽ ആദ്യമായി വനിതകൾക്കു മാത്രമായി പവിലിയൻ തുറന്ന് ദുബായ് എക്സ്പോ. സമൂഹത്തിന് സ്ത്രീകൾ നൽകുന്ന സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഈ നടപടി. ആഭരണ ബ്രാൻഡായ കാർടിയറുമായി ചേർന്നാണ് പവിലിയൻ തുറന്നത്.  പുതിയ വീക്ഷണങ്ങൾ എന്ന ആശയത്തിൽ സജ്ജമാക്കിയ പവിലിയൻ, അറിയപ്പെടുന്നതും പെടാത്തതുമായ സ്ത്രീകൾ ചരിത്ര നിർമിതിയിൽ വഹിച്ച പങ്ക് വെളിപ്പെടുത്തും.

സ്ത്രീകൾ അഭിവൃദ്ധി പ്രാപിച്ചാൽ മനുഷ്യരാശി മുഴുവൻ അഭിവൃദ്ധിപ്പെടും എന്ന പ്രധാന തത്വം ലോകത്തെ ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ഇത് സജ്ജമാക്കിയത്. മുന്നേറ്റം നടത്തുന്ന  സമൂഹങ്ങളിൽ സ്ത്രീകളുടെ പങ്ക് സംബന്ധിച്ചും സുസ്ഥിര വികസനത്തിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടതിനെക്കുറിച്ചും പവിലിയൻ ബോധ്യപ്പെടുത്തും. അവരവരുടെ സമൂഹത്തിൽ മാറ്റത്തിന്റെ വക്താക്കളാകാൻ കാഴ്ചക്കാരെ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഇവിടുത്തെ ക്രമീകരണമെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത വർഷത്തെ വനിതാദിനാചരണവും വിപുലമായി പവിലിയനിൽ നടത്തും.

പവിലിയന്റെ ഉദ്ദേശ്യം,  വനിതകളുടെ നേട്ടങ്ങൾ, വെല്ലുവിളികൾ, പ്രശ്നപരിഹാരങ്ങൾ, കാഴ്ചക്കാരെക്കൂടി പങ്കാളികളാക്കുന്ന സംവിധാനങ്ങൾ എന്നിങ്ങനെ അഞ്ചു ഘടകങ്ങളാണ് പവിലിയനിലുള്ളത്. ഫ്രഞ്ച് ആർകിടെക്ട് ലോറ ഗോൺസാലസ്, ദുബായിലെ കലാകാരി ഖൊലൗദ് ഷറാഫി, ഫ്രഞ്ച് ഡിസൈനർ പൗളിൻ ഡേവിഡ് എന്നിവർ ചേർന്നാണ് പവിലിയൻ രൂപകൽപന ചെയ്തത്. താഴത്തെ നിലയിൽ ശാന്തി, ഐക്യം, സഹവർത്തിത്വം എന്നിവ ധ്വനിപ്പിക്കുന്ന അറബിക് കാലിഗ്രാഫി സന്ദേശങ്ങൾ രാജ്യാന്തര കലാകാരി എൽസീദിന്റെ നേതൃത്വത്തിൽ ചെയ്തിട്ടുണ്ട്.

അവരുടെ  ചിത്രകലകളും ഇവിടെ പ്രദർശിപ്പിക്കും. ഓസ്കർ നാമനിർദേശം ലഭിച്ചിട്ടുള്ള ലബനീസ് നടിയും ആദ്യ വനിതാ അറബ് സംവിധായികയുമായ നദീൻ ലബാക്ക സംവിധാനം ചെയ്ത ചിത്രവും ഇവിടെ പ്രദർശിപ്പിക്കും. ഫ്രഞ്ച് നടിയും തിരക്കഥാകൃത്തും സംവിധായികയുമായ മെലാനി ലൊറെന്റ് ആണ് പവിലിയന്റെ രണ്ടാം നില സജ്ജീകരിച്ചത്. ശിൽപങ്ങളും അവർ തിരഞ്ഞെടുത്ത ചിത്രങ്ങളും ലോകമെങ്ങുമുള്ള സ്ത്രീകളുടെ കഥ പറയുന്ന ചിത്രങ്ങളുമെല്ലാം ഇവിടെ പ്രദർശിപ്പിക്കും. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ശബ്ദം പ്രതിഫലിപ്പിക്കുന്ന ദൃശ്യ-ശ്രാവ്യ സംവിധാനവും ഉണ്ടാകും.

സ്ത്രീശാക്തീകരണം സംബന്ധിച്ച ചർച്ചകൾക്കായി മജ്‌‍ലിസും സംഘടിപ്പിക്കും. അരനൂറ്റാണ്ടു മുൻപ് രാജ്യം പിറവിയെടുത്ത നാൾ മുതൽ തുല്യലിംഗനീതിക്കും വനിതാശാക്തീകരണത്തിനുമാണ് യുഎഇ നേതാക്കളായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറകും ഷെയ്ഖ ഹിന്ദ് ബിൻത് മക്തും ബിൻ ജുമാ അൽ മക്തൂമും ശ്രദ്ധ നൽകിയിട്ടുള്ളതെന്ന് എക്സ്പോ ഡയറക്ടർ ജനറലും യുഎഇ രാജ്യാന്തര സഹകരണ മന്ത്രിയുമായ റീം അൽ ഹാഷിമി വ്യക്തമാക്കി. ഇവ രണ്ടുമില്ലെങ്കിൽ നമ്മൾ ഉദ്ദേശിച്ച വേഗത്തിൽ അടുത്ത അമ്പതു കൊല്ലത്തേക്ക് ലക്ഷ്യമിടുന്ന വികസനം സാധ്യമാകില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

ദുബായ് എക്സ്പോയുമായി ഇക്കാര്യത്തിൽ സഹകരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് കാർട്ടിയർ ഇന്റർനാഷനൽ പ്രസിഡന്റും സിഇഒയുമായ സിറിൽ വിഗ്നറോൺ വ്യക്തമാക്കി. ഇത്തരമൊരു തീരുമാനം എടുത്തതിൽ  യുഎഇയെ അഭിനന്ദിക്കുന്നതായി യുഎൻ വിമൻ എക്സിക്യൂട്ടീവ് ഡയറക്ടറും അണ്ടർ സെക്രട്ടറി ജനറലുമായ പുംസൈൽ ലാംബോഎൻകുക വെളിപ്പെടുത്തി.

English Summary: Dubai Expo 2020 will be the first world exposition since 1900 to have a pavilion solely dedicated to women.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com