ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്തിലെ സ്കൂളുകളിൽ വേനൽ അവധി തുടങ്ങിയെങ്കിലും നാട്ടിൽ പോകാതെ പ്രവാസി അധ്യാപകർ. പോയാൽ മടക്കയാത്ര സാധ്യമാകുമോ എന്ന ആശങ്കയാണു കാരണം. ഇന്ത്യൻ സ്കൂളുകളിലും മറ്റുമായി ജോലിചെയ്യുന്ന മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് അധ്യാപകരും അധ്യപകേതര ജീവനക്കാരും അക്കൂട്ടത്തിൽ‌പെടും.


ജൂൺ ആദ്യംതൊട്ട് ഓഗസ്റ്റ് അവസാനം വരെയാണു വേനൽ അവധിക്കാലം. കോവിഡിന് മുൻപു വരെ കുടുംബസമേതം നാട്ടിൽ പോകുന്നതിന് തിരഞ്ഞെടുക്കാറുള്ള സമയം. കോവിഡിന്റെ വരവോടെ യാത്ര അവതാളത്തിലായി. എങ്കിലും  കിട്ടിയ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി ചിലർ നാട്ടിൽ പോയവരാകട്ടെ, വിമാന സർവീസ് നിരോധനം വന്നതോടെ തിരിച്ചെത്താൻ ശരിക്കു കഷ്ടപ്പെടുകയും ചെയ്തു. അൽ‌പമൊന്ന് ഇളവ് ലഭിച്ചപ്പോൾ 14 ദിവസം ദുബായിയിൽ തങ്ങി തിരിച്ചെത്തുകയായിരുന്നു പലരും. ചെലവേറിയതാണെങ്കിലും ജോലി പോകാതിരിക്കാൻ അതല്ലാതെ വഴിയില്ലായിരുന്നു അവർക്ക്.

കഴിഞ്ഞ വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇത്തവണ പരീക്ഷണത്തിന് ഇല്ലെന്നു തീരുമാനിച്ചിരിക്കയാണു മിക്കവരും. അതുകൊണ്ട് അവധിക്കാലം കുവൈത്തിൽ തന്നെ. അതേസമയം, ഈ അവധിക്കും റിസ്ക് എടുത്തു നാട്ടിൽ പോയ ചിലരും പോകാൻ ഒരുങ്ങുന്നവരുമുണ്ടു താനും. സെപ്റ്റംബറിൽ കുവൈത്തിലെ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ യാത്രാനുമതിയുള്ള കാറ്റഗറിയിൽ സ്വകാര്യ സ്കൂൾ അധ്യാപകരെ കൂടി ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് പലരും നാട്ടിലേക്ക് പോകുന്നത്. കഴിഞ്ഞ അവധിക്കാലത്തും അതുകഴിഞ്ഞും നാട്ടിൽ വന്ന് കുവൈത്തിൽ തിരിച്ചെത്താൻ പറ്റാത്തവർ ഇപ്പോഴുമുണ്ട്. ദുബായ് വഴിയുള്ള യാത്ര നിരോധിക്കുകയും ചില കാറ്റഗറിയിൽ‌പെട്ടവർക്കല്ലാതെ പ്രവേശനമില്ലെന്നു കുവൈത്ത് തീരുമാനിക്കുകയും ചെയ്തതോടെയാണിത്.

അതിനിടെ അവധിക്ക് നാട്ടിൽ പോകുന്നവരോട് ചില സ്വകാര്യ സ്കൂൾ അധികൃതർ രാജിക്കത്ത് ആവശ്യപ്പെടുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നാട്ടിൽ പോയവർ തിരിച്ചെത്തിയില്ലെങ്കിൽ പകരം സംവിധാനം ഉണ്ടാക്കുന്നതിനുള്ള മുൻ‌‌കരുതൽ എന്ന നിലയിലാണ് അത്. അത്തരമൊരു സാഹചര്യമുണ്ടായാൽ പ്രാദേശിക റിക്രൂട്മെന്റ് നടത്താനുള്ള സൗകര്യമാണ് മാനേജ്മെന്റ് മുന്നിൽകാണുന്നത്.

കോവാക്സീൻ ആശങ്ക വേറെ
 

binu
ഡോ.വി.ബിനുമോൻ (സീനിയർ പ്രിൻസിപ്പൽ ആൻഡ് സീനിയർ അഡ്മിനിസ്ട്രേറ്റർ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ)

നാട്ടിൽ എത്തിയിട്ട് 4 മാസം കഴിഞ്ഞു. തിരിച്ചുപോക്ക് എന്ന് എന്നതിനെക്കുറിച്ചു തിട്ടമില്ല. അതിനിടെ, കോവിഡ് വാക്സീൻ എത്രയും പെട്ടെന്ന് എടുക്കണമെന്ന ചിന്തയിൽ കോവാക്സീൻ ആണ് കുത്തിവച്ചത്. അതിനാകട്ടെ കുവൈത്ത് സർക്കാരിന്റെ അംഗീകാരം ഇല്ലത്രെ. പ്രവാസികൾക്ക് അക്കാര്യത്തിൽ സർക്കാർ നേരത്തേ നിർദേശം നൽകണമായിരുന്നു. തിരിച്ചുപോകുന്ന സമയത്തെക്കുറിച്ച് അവ്യക്തതയാണിപ്പോൾ.

ആകെ അനിശ്ചിതത്വം

antony
ആൻ‌റണി നോയൽ (വൈസ് പ്രിൻസിപ്പൽ ഇന്ത്യൻ സെൻ‌ട്രൽ സ്കൂൾ)

മകളുടെ ഉന്നതപഠനവുമായി ബന്ധപ്പെട്ട് നാട്ടിൽ പോകേണ്ടതുണ്ട്. പോയാൽ എങ്ങനെ തിരിച്ചുവരുമെന്നുള്ള അവ്യക്തത അനിശ്ചിതത്വവും ഉണ്ടാക്കുന്നു.
 
കഴിഞ്ഞ വർഷം മറന്നിട്ടില്ല!

azeeza
അനീസ ഹസീം (മാത്തമാറ്റിക്സ് അധ്യാപിക യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ)

കഴിഞ്ഞ വർഷം നാട്ടിൽ പോയിരുന്നു. കോവിഡ് സമയത്ത് തിരിച്ചുവരാൻ പ്രയാസപ്പെട്ടു. ദുബായിൽ 14 ദിവസം തങ്ങിയാണ് കുവൈത്തിൽ പ്രവേശിച്ചത്.  പിന്നെ ക്വാറൻ‌റീനും. ഇത്തവണ ഏതായാലും നാട്ടിൽ പോകുന്നില്ല. കഴിഞ്ഞ വർഷം തിരിച്ചുവരാൻ അനുഭവിച്ച പ്രയാസങ്ങൾ മറന്നിട്ടില്ല.
 
എന്തു സഹിച്ചും ഇക്കുറി പോകും ഉറപ്പ്

prassad
ഇ.പി.പ്രസാദ് (ഇംഗ്ലിഷ് വിഭാഗം മേധാവി ഭാരതീയ വിദ്യാഭവൻ.)

കഴിഞ്ഞ 2 വർഷവും നാട്ടിൽ പോയിട്ടില്ല. കോവിഡ് പശ്ചാത്തലത്തിൽ യാത്ര പിന്നെയും മുടങ്ങി. കുവൈത്തിൽ അധ്യാപികയായിരുന്ന ഭാര്യയെ ഹൃദയചികിത്സയ്ക്കായി നാട്ടിൽ അയച്ചിരുന്നു. അവരുടെ തുടർചികിത്സയ്ക്കും കുട്ടികളെ കാണുന്നതിനും നാട്ടിൽ എത്തണം. രിച്ചുവരവ് നീണ്ടുപോയാലും സാമ്പത്തിക പ്രയാസം അനുഭവിക്കേണ്ടിവന്നാലും ഇത്തവണ നാട്ടിൽ പോകാൻ തന്നെ തീരുമാനിച്ചു.
 
ഫൺ ടൈം വിത് കിഡ്സ്

ashiyana
അഷിയാന മേരി തോമസ് അസി.ടീച്ചർ (ഗ്രേഡ് 1)) യൂണിവേഴ്സൽ അമേരിക്കൻ സ്കൂൾ.

നിലവിലുള്ള അനിശ്ചിതത്വം കാരണം നാട്ടിൽ പോകുന്നില്ല. അവധിക്കാലം മക്കൾക്കായി പ്രയോനപ്പെടുത്തും. ഓൺ‌ലൈൻ ക്ലാസുമായി ബന്ധപ്പെട്ട് സ്ക്രീനിൽ കെട്ടിയിട്ട നിലയിലാണു കുഞ്ഞുങ്ങൾ. അതൊഴിവാക്കി ഫൺ ടൈം വിത്ത് കിഡ്സ് എന്ന നിലയിൽ കഴിയും. പ്രധാനമായും അമ്മയ്ക്കു സമ്മർ വെക്കേഷൻ അനുവദിക്കും. അതായത് അടുക്കള ഭരണം സ്വയം ഏറ്റെടുക്കുമെന്ന്. യാത്ര മുടങ്ങിയാലും അത് ആസ്വാദ്യകരമാക്കുക തന്നെ.

English Summary : Kuwait teachers not returrning home for vacation

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com