ADVERTISEMENT

ദുബായ് ∙ വിപണിയിൽ സാന്നിധ്യം ഉറപ്പിച്ചതോടെ  ഭൗമസൂചികാപദവി (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ-ജിഐ) ലഭിച്ച കൂടുതൽ ഉൽപന്നങ്ങൾ ഇന്ത്യയിൽ നിന്നു ദുബായിലേക്ക്. മഹാരാഷ്ട്രയിലെ ജൽഗാവ് നേന്ത്രപ്പഴമാണ് പട്ടികയിൽ ഇടംതേടിയ പുതിയ ഉൽപന്നം.

പോഷകസമ്പന്നമായ പഴമാണിത്. ഇന്ത്യൻ ജിഐ ഉൽപന്നങ്ങൾക്ക് യുഎഇയിൽ ആവശ്യക്കാർ കൂടുകയാണ്. ജൽഗാവിലെ തണ്ടുൽവാഡി ഗ്രാമീണമേഖലയിൽ നിന്നുള്ള 20,000 മെട്രിക് ടൺ പഴം ദുബായിലെത്തും. ജൈവ ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടാനുള്ള കർമപരിപാടികളുടെ ഭാഗമാണിതെന്ന് ഇന്ത്യൻ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. കാർഷികമേഖലയിൽ യുഎഇയുമായി ഇന്ത്യയ്ക്ക് തന്ത്രപ്രധാന സഹകരണമുണ്ട്.

ജൽഗാവ് പഴത്തിന് 5 വർഷം മുൻപാണ് ഭൗമസൂചികാ പദവി ലഭിച്ചത്. കയറ്റുമതി വർധിക്കുന്നത് കാർഷികമേഖലയ്ക്കു വൻ നേട്ടമാകും. ഇന്ത്യൻ വിപണിയിലും ഇതിന് ആവശ്യക്കാർ കൂടി. പാലക്കാടൻ മട്ട, പൊക്കാളി, ബസ്മതി അരി, പച്ച ഏലക്ക, മലബാർ കുരുമുളക്, കാപ്പി, തിരുവിതാംകൂർ-മറയൂർ ശർക്കര, വാഴക്കുളം കൈതച്ചക്ക, ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം, മൈസൂർ ചന്ദനം, ഡാർജിലിങ് തേയില, ജർദാലു മാങ്ങ, കൂർഗ് ഓറഞ്ച്, ഷാഹി ലിച്ചി, കശ്മീരി ആപ്പിൾ എന്നിവയ്ക്കും യുഎഇ വിപണിയിൽ സാധ്യതയേറെയാണ്.

സാധ്യതകൾ തുറന്ന് സഹകരണം

കോവിഡ് വെല്ലുവിളികൾ നേരിടാൻ ഭക്ഷ്യോൽപാദനം, സംസ്കരണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് 'ഇന്ത്യ-യുഎഇ ഫുഡ് ഡയലോഗ്' തീരുമാനം.
യുഎഇയിൽ ഇന്ത്യൻ ഫുഡ് സിറ്റി തുടങ്ങുന്നതും സജീവ പരിഗണനയിലെന്നു റിപ്പോർട്ട്. ഇരുരാജ്യങ്ങളിലും വാണിജ്യ-വ്യവസായ മേളകൾ, കാർഷിക പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കാൻ ധാരണയായി. അത്മനിർഭർ പദ്ധതിയുടെ ഭാഗമായി അടുത്ത വർഷത്തോടെ വിവിധ രാജ്യങ്ങളിലേക്ക് കാർഷികോൽപന്നങ്ങളുടെ കയറ്റുമതി 3,000 കോടി ഡോളറിൽ നിന്ന് 6,000 കോടിയായി ഉയർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ജൽഗാവ്, വാഴയും കരിമ്പും വിളയുന്ന ബനാന സിറ്റി

മുംബൈ∙ ഇന്ത്യയുടെ ബനാന സിറ്റിയെന്നാണ് ജൽഗാവ് അറിയപ്പെടുന്നത്.  മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ജൽഗാവ്. കരിമ്പും വാഴയുമടക്കം കൃഷിയാണ് ഇവിടുത്തെ പ്രധാന ജീവിതമാർഗങ്ങളിലൊന്ന്. ഇന്ത്യയിൽ വാഴപ്പഴ ഉൽപാദനത്തിന്റെ 15 ശതമാനം ഇവിടെയാണെന്നു വിപണിവൃത്തങ്ങൾ പറയുന്നു. വാഴക്കൃഷിക്ക് അനുയോജ്യമായ മണ്ണുള്ള മേഖലയിൽ ഉൽപാദനക്ഷമത കൂടുതലാണ്. നിലവാരത്തിലും ജൽഗാവ് ബനാന മുന്നിൽ. പോഷകഗുണത്തിനും രുചിക്കുമുള്ള അംഗീകാരം കൂടിയാണ് ജിഐ ടാഗ്. രാജ്യത്തിന്റെ പല മേഖലകളിലേക്കും വിദേശരാജ്യങ്ങളിലേക്കും ജൽഗാവിൽ നിന്നു വാഴപ്പഴം കയറ്റുമതി ചെയ്യുന്നു.

ജിഐ: തനിമയുടെ മുഖമുദ്ര

ജിഐ ഉൽപന്നങ്ങളുടെ പേര് ലോകത്തു മറ്റാർക്കും അനധികൃതമായി ഉപയോഗിക്കാനാവില്ല. ഉൽപന്നത്തിനു സ്വദേശ-വിദേശ വിപണിയിൽ ആവശ്യക്കാർ കൂടും. കയറ്റുമതി സാധ്യതയുമേറെയാണ്. നവര, ജീരകശാല, ഗന്ധകശാല അരികൾ, പാലക്കാടൻ മട്ട, ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം, വയനാടൻ കാപ്പി, ആറന്മുള കണ്ണാടി, വിവിധ കൈത്തറി ഉൽപന്നങ്ങൾ തുടങ്ങിയവ കേരളത്തിൽ ജിഐ ടാഗ് നേടിയവയാണ്.

English Summary: Banana's from Maharashtra are exported to UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com