ADVERTISEMENT

അബുദാബി ∙ അഞ്ചു ലക്ഷം ദിർഹത്തേക്കാൾ കുറഞ്ഞ മൂല്യമുള്ള തുക സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ അബുദാബിയിൽ സ്മോൾ ക്ലെയിം കോർട്ട് സ്ഥാപിക്കും. ഇതു സംബന്ധിച്ച് ഉത്തരവിൽ ഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രിയും അബുദാബി ജുഡീഷ്യൽ ഡിപാർട്മെന്റ് പ്രസിഡന്റുമായ(എഡിജെഡി) ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഒപ്പുവച്ചു.

അഞ്ചുലക്ഷം ദിർഹത്തിൽ കുറഞ്ഞ മൂല്യമുള്ള സിവിൽ, വാണിജ്യ, തൊഴിൽ തർക്കങ്ങളെല്ലാം ഈ കോടതിയുടെ പരിധിയിൽ വരും. ഇതേ തുകയ്ക്കു താഴെയുള്ള വേതനം സംബന്ധിച്ച തർക്കങ്ങളും ഈ കോടതിയിൽ വിചാരണ ചെയ്യും. ഒരു സിറ്റിങ്ങിൽത്തന്നെ വാദം കേട്ട് ഉടനെ വിധി പറയാനും കോടതിക്ക് അധികാരമുണ്ട്. നീണ്ടു പോകുന്ന കോടതി വ്യവഹാരങ്ങൾക്ക് തടയിട്ട് അന്യായം നേരിട്ട കക്ഷികൾക്ക് ഏറ്റവും വേഗം നീതി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അഡിജെഡി അണ്ടർ സെക്രട്ടറി യൂസുഫ് സയീദ് അൽ അബ്രി വ്യക്തമാക്കി.

കേസിന്റെ നടപടികൾ വേഗത്തിലാക്കാനുള്ള സംവിധാനമാണ് ഇവിടുള്ളത്. കേസ് റജിസ്റ്റർ ചെയ്തു 15 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കും. ചില അവസരങ്ങളിൽ ജഡ്ജിയുടെ തീരുമാന പ്രകാരം 15 ദിവസം കൂടി നടപടികൾ നീട്ടാം. എന്നാൽ വാദം കേൾക്കുന്ന അന്നു തന്നെ വിധി പുറപ്പെടുവിച്ച് കേസ് അവസാനിപ്പിക്കും. വിചാരണയ്ക്ക് കേസ് എടുക്കും മുൻപ് വാദിക്ക് ഇതുസംബന്ധിച്ച വിദഗ്ധ സഹായം തേടാൻ വ്യവസ്ഥയുണ്ട്. ക്ലെയിം തുകയുടെ മൂന്നു ശതമാനമോ ഏറ്റവും കുറഞ്ഞത് 2000 ദിർഹമോ കെട്ടിവയ്ക്കണം.

ഈ വിദഗ്ധരെ സാക്ഷികളാക്കാനുള്ള വ്യവസ്ഥകളുമുണ്ട്. വിദഗ്ധരുടെ റിപ്പോർട്ടുകൾ തേടുന്നതിനു പകരം വിസ്താര വേളയിൽ അഭിപ്രായം നേരിട്ട് കേൾക്കാനുള്ള സംവിധാനങ്ങളുമുണ്ട്. റിപ്പോർട്ട് തയാറാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കി നടപടികൾ വേഗത്തിലാക്കാനാണിത്. 50,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള കേസിന്റെ വിധിക്ക് 15 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാം.

ഒരോ അപ്പീലിനും ആയിരം ദിർഹം കെട്ടിവയ്ക്കണം. അപ്പീൽ സ്വീകരിക്കുന്ന പക്ഷം ഈ തുക തിരികെ ലഭിക്കും. അപ്പീൽ റജിസ്റ്റർ ചെയ്ത് അഞ്ചുദിവസത്തിനുള്ളിൽ ചേംബറിൽ തീർപ്പു കൽപ്പിക്കും. ഇതിനെതിരേ പിന്നീട് അപ്പീൽ നൽകാൻ വ്യവസ്ഥയില്ല.

English Summary: Sheikh mansour bin zayed signs decision establishing 'small claims court' in abu dhabi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com