പ്രവാസത്തെ ഹൃദയത്തോട് ചേർത്തു മലയാളി വിദ്യാർഥിനി; വിവർത്തനത്തിൽ പുതുവഴി തേടി ആതിര

athira-2
SHARE

ദുബായ് ∙ അക്ഷരങ്ങളുടെ ആത്മസത്ത നഷ്‌ടപ്പെടുത്താതെ വിവർത്തന സാഹിത്യത്തിൽ മുദ്ര പതിപ്പിച്ച് മുൻ പ്രവാസി വിദ്യാർഥിനി. ദുബായിലെ പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ ജോലി ചെയ്തിരുന്ന തൃശൂർ കണ്ടശ്ശാങ്കടവ് സ്വദേശിയും എഴുത്തുകാരനുമായ രഞ്ജിത്ത് വാസുദേവന്റെ മകളും തൃശൂർ തലക്കോട്ടുകര വിദ്യാ അക്കാദമി ഒാഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ അവസാന വർഷ എൻജിനീയറിങ് വിദ്യാർഥിനിയുമായ ആതിരാ രഞ്ജിത്താണു പ്രവാസികളുടെ നാലു പുസ്തകങ്ങൾ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്ത് ഇൗ മേഖലയിൽ തന്റെ പേര് അടയാളപ്പെടുത്തിയത്. ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ഗൾഫ് മോഡൽ സ്കൂൾ, എമിറേറ്റ്സ് നാഷനൽ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ആതിര നേരത്തെ പഠിച്ചത്. അന്നു വായിക്കാൻ ലഭിച്ച അവസരങ്ങളാണ് തന്നെ വിവർത്തകയാക്കിയതെന്ന് പ്രവാസത്തെ ഇപ്പോഴും ഹൃദയത്തിൽ ചേർത്തു വയ്ക്കുന്ന ആതിര പറയുന്നു.

book-cover

ദുബായിൽ ജോലി ചെയ്യുന്ന പോൾ സെബാസ്റ്റ്യന്റെ 'ആ മൺസൂൺ രാത്രിയിൽ' എന്ന മലയാളം 'ക്രൈം ത്രില്ലർ ‘ ഒാണ്‍ ദാറ്റ് മൺസൂൺ നൈറ്റ്' എന്ന പേരിലും സലീം അയ്യനത്തിന്റെ 'ബ്രാഹ്മിൺ മൊഹല്ല' എന്ന നോവൽ അതേ പേരിലും  മുൻ കേരളാ ലളിത കലാ അക്കാദമി ചെയർമാൻ സി.എൽ. പൊറിഞ്ചുക്കുട്ടിയെ കുറിച്ചു മഹേഷ് പൗലോസ് എഴുതിയ 'ചിത്രകലയിലെ ഏകാന്തപഥികൻ' എന്ന പുസ്തകം 'ദ് ഡോയൻ ഒാഫ് ദ് ആർട് വേൾഡ്' എന്ന പേരിലും സാദിഖ് കാവിൽ പ്രവാസലോകത്തെ യഥാർഥ സംഭവങ്ങൾ ആസ്പദമാക്കി എഴുതിയ 'ഔട്ട് പാസ്' എന്ന നോവൽ അതേ പേരിലുമാണ് ഇംഗ്ലീഷിലേയ്ക്കു മൊഴിമാറ്റിയിരിക്കുന്നത്. ഇവയെല്ലാം യഥാർഥ പുസ്തകങ്ങളുടെ സത്ത ചോർന്നുപോകാതെ രണ്ടു വർഷത്തിനുള്ളിൽ ചെയ്തുതീർത്ത വിവർത്തനങ്ങളാണ് എന്നത് ഇൗ മേഖലയിലെ അപൂർവ സംഭവമാണ്.

writers
പോൾ സെബാസ്റ്റ്യൻ, സലീം അയ്യനത്ത്, മഹേഷ് പൗലോസ്, സാദിഖ് കാവിൽ

 

വായനയിലൂടെ വിവർത്തന ലോകത്തേയ്ക്ക്

ചെറുപ്പത്തിലേ സാഹിത്യത്തോട് പ്രിയം തോന്നിയ ആതിര സ്കൂളിൽ പഠിക്കുന്ന കാലത്താണു വായന ആരംഭിച്ചത്. ഇംഗ്ലീഷിനോടൊപ്പം മലയാളത്തെയും നെഞ്ചേറ്റി ഇൗ വിദ്യാർഥിനി സാഹിത്യ തത്പരരായ മറ്റു കുട്ടികളിൽ നിന്ന് വേറിട്ടുനിന്നു. സാഹിത്യപ്രേമികളായ മാതാപിതാക്കളിൽ നിന്നാണ് തനിക്ക് ആ അഭിരുചി പകർന്നുകിട്ടിയതെന്ന് 22 കാരി വിശ്വസിക്കുന്നു. പിതാവ് രഞ്ജിത്ത് വാസുദേവൻ രണ്ടു മലയാളം നോവലുകളും ഒട്ടേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. മാതാവ് ലതാ രഞ്ജിത്തിന് ഏറെ പ്രിയം കവിതകളോടാണ്. താരാട്ടുപാട്ടുകൾ പോലെ അമ്മ കവിതകൾ ചൊല്ലി തന്നെയും സഹോദരനെയും ഉറക്കിയിരുന്ന കുട്ടിക്കാലം മനസിൽ മായാത്ത മധുരസ്മരണകളാണ്. അന്നത്തെ ആ കവിതകളിൽ പലതും തന്റെ ഹൃദയത്തിലുണ്ടെന്നു ആതിര പറയുന്നു. പിന്നീട് വായനയോട് ഇഷ്ടമറിയിച്ചു. ചിത്രമാസികകളായിരുന്നു വായിച്ചു തുടങ്ങിയത്. സ്കൂൾ ലൈബ്രറികളിൽ നിന്നും മാതൃസഹോദരന്റെ സ്വകാര്യ ലൈബ്രറിയിൽ നിന്ന് ഇംഗ്ലീഷ്, മലയാളം ക്ലാസിക്കുകളടക്കം ഒട്ടേറെ പുസ്തകങ്ങൾ വായിച്ചുതീർത്തു. കൂടാതെ, ഒാഫീസ് ആർക്കേവ്സിൽ നിന്ന് അച്ഛൻ കൊണ്ടുവന്നിരുന്ന ലോകോത്തര ക്ലാസിക്കുകളും ആർത്തിയോടെ വായിച്ചു. രാത്രി പുതപ്പിനുള്ളിൽ കയറി വായിക്കുമായിരുന്നു. ആ വായന കണ്ണിന് പ്രശ്നമാകുമെന്നതിനാൽ അമ്മ വഴക്കുപറഞ്ഞിരുന്നത് ഇന്നും ഒാർമയിലുണ്ട്.

athira-father
1. ആതിര അച്ഛൻ രഞ്ജിത്തിനൊപ്പം, 2. ആതിര

 

വീട്ടിലൊരു വായനാമുറി

ഫുട്ബോൾ കളിക്കാരനായ സഹോദരൻ ആദർശ് രഞ്ജിത്തിനോടൊപ്പം ചേർന്നു വീട്ടിൽ ഒരുക്കിയ വായനാമുറിയായിരുന്നു ആതിരയുടെ പിന്നീടത്തെ വായനാലോകം. അപ്പോഴത്തെ മൂഡിനനുസരിച്ച് എല്ലാത്തരം പുസ്തകങ്ങളും വായിക്കാറുണ്ട്. ഹൈസ്കൂളിലെത്തിയപ്പോൾ അതിന് മുൻപ് വായിച്ചപോലെ തീവ്രമായി വായിക്കാൻ കഴിഞ്ഞില്ല എന്നതിൽ ഖേദമുണ്ട്. എങ്കിലും വായിച്ച ഒാരോ വരികളും ഹൃദയത്തിൽ മൊഴിമുത്തുകളായി പതിഞ്ഞിരിക്കുന്നു. വളരുന്തോറും ആതിരയുടെ സാഹിത്യചക്രവാളം വികസിച്ചുകൊണ്ടിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ എഴുത്തിലേയ്ക്ക് പ്രവേശിച്ചു. കുഞ്ഞു കവിതകളായിരുന്നു ആദ്യമായി രചിച്ചത്. കൂടാതെ ഡയറിക്കുറിപ്പുകളുമെഴുതുമായിരുന്നു. മറ്റുള്ളവരോട് സംവദിക്കാൻ അക്ഷരങ്ങളേക്കാൾ മികച്ചതായി മറ്റൊന്നില്ലെന്ന് തിരിച്ചറിഞ്ഞത് അങ്ങനെയാണ്. സ്കൂൾ സാഹിത്യോത്സവത്തിൽ രചനാ വിഭാഗത്തിൽ പങ്കെടുത്ത് ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയും പ്രോത്സാഹനമാണ് സാഹിത്യമേഖലയിൽ മുന്നോട്ടു പോകാൻ പ്രചോദനമായത്.

 

അച്ഛൻ തുടക്കമിട്ടു

ആദ്യമായി അച്ഛനാണ് വിവർത്തനത്തിലേയ്ക്ക് ആതിരയ്ക്ക് വഴികാട്ടിയായത്. തൻ്റെ ചെറുകഥകളിലൊന്ന് വിവർത്തനം ചെയ്യാമോ എന്ന് അച്ഛൻ ചോദിച്ചപ്പോൾ ഒരു കൈ നോക്കാൻ തീരുമാനിക്കുകയായിരുന്നു. അത് വിജയം വരിച്ചപ്പോൾ കൂടുതൽ വിവര്‍ത്തനങ്ങൾ നടത്തി. പിന്നീട് അച്ഛൻ്റെ ഗള്‍ഫിലെ സുഹൃത്തുക്കളായ പോൾ സെബാസ്റ്റ്യൻ, സലീം അയ്യനത്ത്, മഹേഷ് പൗലോസ്, സാദിഖ് കാവിൽ എന്നിവരുടെ പുസ്തകങ്ങൾ വിവർത്തനം ചെയ്തു. ഇതിൽ സലീം അയ്യനത്തിന്റെ ബ്രാഹ്മിൺ മൊഹല്ല ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മറ്റുള്ളവ പ്രസിദ്ധീകരണ വഴിയിലാണ്. മലയാളം, ഇംഗ്ലീഷ് സാഹിത്യങ്ങൾ ഒരുപോലെ ഇഷ്ടപ്പെടുന്ന ആതിര എൻജിനീയറിങ് പഠനം പൂർത്തിയായാൽ വായന, എഴുത്ത് എന്നിവയോടൊപ്പം വിവർത്തന രംഗത്തും കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണു തീരുമാനം. ‌

athira

 

സൗന്ദര്യം ചോർന്നുപോകാതെ..

വിവർത്തന രംഗം വളരെ പ്രധാനപ്പെട്ട സാഹിത്യ വിഭാഗമാണെന്ന് തിരിച്ചറിഞ്ഞത് ഇതേക്കുറിച്ച് കൂടുതൽ പഠിച്ചപ്പോഴാണ്. നൊബേൽ ജേതാവ് ഗാബ്രിയേൽ ഗാർസിയ മാർകേസിൻ്റെ വൺ ഹണ്ട്രഡ് ഇയേഴ്സ് ഒാഫ് സോളിറ്റ്യൂ‍ഡ് വിവർത്തനം ചെയ്ത ഗ്രിഗറി റബസ്സയാണ് ഇൗ രംഗത്തെ ഏറ്റവും പ്രഗത്ഭനെന്ന് വിശ്വസിക്കുന്നു. ഇൗ പുസ്തകവും തൻ്റെ പ്രിയപ്പെട്ട കൃതികളിലൊന്നാണ്. 

പുസ്തകത്തിന്റെ രചനാ മികവും സൗന്ദര്യവും ചോർന്നുപോകാതെ വിവർത്തനം ചെയ്യുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയായി ഏറ്റെടുക്കേണ്ടി വരുന്നു. ഒരു എഴുത്തുകാരൻ രാപ്പകലുകൾ ചിന്തയിൽ മുഴുകി കടഞ്ഞെടുക്കുന്നതാണ് ഒരു രചന. അതിനോട് വായനക്കാരും വിവർത്തകനും ബഹുമാനം കാണിക്കണം. ഇത് രണ്ടും കാത്തുസൂക്ഷിക്കാൻ താൻ ശ്രമിക്കാറുണ്ടെന്ന് ഇൗ പെൺകുട്ടി പറയുന്നു. പഠനത്തോടൊപ്പം സാഹിത്യ വിവർത്തനത്തിലും ശ്രദ്ധിക്കുക എന്ന വെല്ലുവിളിയും ആസ്വദിക്കുന്നു.

 

ബഷീറും മാധവിക്കുട്ടിയും പിന്നെ, ഖലീൽ ജിബ്രാനും

സാറാ ജോസഫിന്റെ ആലാഹയുടെ പെൺമക്കളാണ് ആതിരയുടെ ഇഷ്ട നോവലുകളിലൊന്ന്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി വായിച്ച ആ പുസ്തകം പിന്നീട് ആവർത്തിച്ച് നുകർന്നു. വൈക്കം മുഹമ്മദ് ബഷീർ കൃതികൾ, മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ തുടങ്ങി ബെന്യാമിന്റെ ആടുജീവിതം വരെ ഇഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു. അരുന്ധതി റോയിയുടെ ദ് ഗോഡ് ഒാഫ് സ്മോൾ തിങ് സ് ഇംഗ്ലീഷിൽ ഏറ്റവും പ്രിയപ്പെട്ട പുസ്തകമാണ്. ക്ലാസിക്കുകളിൽ ജെയിൻ ഒാസ്റ്റൺ, ചാൾസ് ഡിക്കൻസ്, ബ്രോൺറ്റെ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ആൻ, എമിലി, ഷാർലെ സഹോദരിമാരുടെ രചനകളും. കൂടാതെ, ഖലീൽ ജിബ്രാന്റെ ദ് പ്രോഫെറ്റിനോട് പ്രത്യേക ഇഷ്ടമുണ്ട്. ഖാലിദ് ഹുസൈൻ, ജുംപാ ലാഹിരി, മിച് ആൽബം എന്നിവരാണ് പുതിയ കാലത്തെ പ്രിയ എഴുത്തുകാർ. ആതിരയെ ബന്ധപ്പെടേണ്ട ഫോൺ: +91 94001 50010.

English Summary: Malayali girl Athira translates Malayalam novels to English

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS