sections
MORE

നിയന്ത്രണങ്ങൾക്കിടെ ബലിപെരുന്നാൾ; നിറം മങ്ങാതെ ആഘോഷം

Eid-Al-Adha-prayer
ഷാര്‍ജ കോര്‍ണിഷിലെ നൂർ പള്ളിയിലെ പെരുനാൾ നമസ്കാരം.
SHARE

അബുദാബി∙ കോവിഡ് വെല്ലുവിളിക്കിടയിലും നിയന്ത്രണങ്ങളോടെ യുഎഇയിൽ ബലിപെരുന്നാൾ ആഘോഷിച്ചു. ഈദ്ഗാഹുകളിലും പള്ളികളിലുമായി നടന്ന പെരുന്നാൾ നമസ്കാരത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. 

abu-dhabi-manaf-eid-prayer
അബുദാബി മുസഫ വ്യവസായമേഖല 16ൽ മസ്ജിദ് ഹമദ് റാഷിദ് അൽ ‍ഹാജിരിയിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാനെത്തിയവരുടെ നിര പള്ളിക്കുപുറത്തേക്കു നീണ്ടപ്പോൾ.

അകലം പാലിച്ച് നമസ്കാരത്തിന് എത്തിയ വിശ്വാസികളെ ഉൾക്കൊള്ളാൻ പള്ളിയും പരിസരവും മതിയായില്ല. തുടർന്ന് പരിസരത്തെ റോഡുകളിലും പാർക്കിങ്ങുകളിലും നടപ്പാതകളിലും നിന്നാണ് വിശ്വാസികൾ നമസ്കാരത്തിൽ പങ്കെടുത്തത്. മതകാര്യ വിഭാഗത്തിന്റെ നിർദേശം അനുസരിച്ച് 15 മിനിറ്റിനകം നമസ്കാരവും പ്രഭാഷണവും തീർത്തിരുന്നു.

മാസ്കണിഞ്ഞ നാലാമത്തെ പെരുന്നാളായിരുന്നു ഇത്. അടുത്ത പെരുന്നാൾ എങ്കിലും  കോവിഡ് മുക്തമാകണേ എന്ന പ്രാർഥനയിലായിരുന്നു വിശ്വാസികൾ. നമസ്കാര ശേഷം ഹസ്തദാനവും ആലിംഗനവുമില്ലാതെ അകലം പാലിച്ച് ആശംസ നേർന്ന് ഉടൻ ജനം മടങ്ങി. പള്ളിയുടെ പശ്ചാത്തലത്തിൽ സുഹൃത്തുക്കൾക്കൊപ്പം  സെൽഫിയെടുത്താണ് ചിലർ യാത്ര പറഞ്ഞത്.

ഇബ്രാഹിം നബിയുടെയും പത്‌നി ഹാജറയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ത്യാഗോജ്വല ജീവിതം മാതൃകയാക്കി ദൈവത്തിനു സമർപ്പിച്ചാൽ വിജയം നേടാനാകുമെന്ന്  അബുദാബി മുസഫ വ്യവസായമേഖല 16ൽ മസ്ജിദ് ഹമദ് റാഷിദ് അൽ ‍ഹാജിരിയിലെ പെരുന്നാൾ ഖുതുബയിൽ (പ്രഭാഷണം)  മലയാളി ഇമാം അബ്ദുൽ ജബ്ബാർ ഹുദവി കോട്ടുമല പറഞ്ഞു. കോവിഡിൽനിന്ന് രക്ഷനേടാൻ പ്രത്യേക പ്രാർഥനയും നടത്തി.  

12നു താഴെയും 60ന് മുകളിലുള്ളവർക്കും രോഗികൾക്കും സ്ത്രീകൾക്കും ഇത്തവണ പള്ളിയിലേക്കും ഈദ് ഗാഹുകളിലേക്കും പ്രവേശനമുണ്ടായിരുന്നില്ല. ഇവർ വീടുകളിൽ പ്രാർഥന നിർവഹിച്ചു. കോവിഡ് മാനദണ്ഡവും യാത്രാ നിയന്ത്രണവും കടുത്ത ചൂടും മൂലം ഭൂരിഭാഗം പേരും വീടുകളിൽ കഴിഞ്ഞു. സ്വന്തം കുടുംബാംഗങ്ങൾ മാത്രം ചേർന്ന് പെരുന്നാൾ സദ്യ കഴിച്ചും വിഡിയോ കോൾ വഴി കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും സംസാരിച്ചും ടിവി പരിപാടികളും യുട്യൂബിൽ ഇഷ്ടവിഡിയോകൾ കണ്ടും ഇത്തവണത്തെ പെരുന്നാൾ ആഘോഷം ഒതുങ്ങി.

dubai-al-kous-eid-prayer
ദുബായ് അൽക്കൂസ് അൽമനാർ സെന്ററിൽ നടന്ന ഈദ് നമസ്കാരം.

വലിയ പെരുന്നാളായിട്ടും നാട്ടിൽ പോകാനോ ബന്ധുക്കളെ കാണാനോ സാധിക്കാത്തതിലുള്ള പ്രയാസം കുട്ടികൾ മറച്ചുവച്ചില്ല. വേണ്ടപ്പെട്ടവരെ വിഡിയോ കോൾ വിളിച്ചു കൊടുത്തിട്ടും തൃപ്തരാകാത്ത കുഞ്ഞുങ്ങൾ അവരുടെ മുന്നിൽ സങ്കടപ്പെട്ടി തുറക്കുകയായിരുന്നു. വൈകിട്ട് തിരക്കില്ലാത്ത പാർക്കിലും ബീച്ചിലും പോയാണ് കുട്ടികളുടെ പരിഭവം അൽപമെങ്കിലും രക്ഷിതാക്കൾ തീർത്തത്.

ബാച്ച്‌ലേഴ്സ് റൂമിൽ എല്ലാവരും ചേർന്ന് പെരുന്നാൾ ബിരിയാണി ഉണ്ടാക്കി കഴിച്ചും പാട്ടുപാടിയും ഉത്സവമാക്കി. ഇതിലൊന്നും താൽപര്യമില്ലാത്തവർ  ഉറങ്ങിത്തീർത്തു. ചില സംഘടനകൾ ഓൺലൈൻ ഈദ് പരിപാടി സംഘടിപ്പിച്ചു. പെരുന്നാൾ അവധി ദിവസങ്ങളിൽ ജനം പുറത്തിറങ്ങാൻ സാധ്യതയുള്ളതിനാൽ നഗരത്തിലും വിനോദ കേന്ദ്രങ്ങളിലും പട്രോളിങ് ശക്തമാക്കി. മാളുകളിൽ എത്തുന്നവരെ സ്കാൻ ചെയ്ത് കോവിഡില്ലെന്ന് ഉറപ്പാക്കിയാണ് പ്രവേശിപ്പിക്കുന്നത്.

ഈദ്ഗാഹുകളിൽ പങ്കെടുത്ത് ഭരണാധികാരികളും

അബുദാബി∙ യുഎഇയിലെ വിവിധ എമിറേറ്റ് ഭരണാധികാരികളും അതാതു പ്രദേശത്തെ പള്ളികളിലും ഈദ്ഗാഹുകളിലുമായി നടന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. 

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിലാണ് നമസ്കരിച്ചത്.

al-maktoum-eid-prayer
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ‍സബീലിലെ ഷെയ്ഖ് റാഷിദ് ബിൻ സഈദ് മോസ്കിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തപ്പോൾ.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ‍സബീലിലെ ഷെയ്ഖ് റാഷിദ് ബിൻ സഈദ് മോസ്കിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു.

റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവർ ഈദ് ഗാഹിൽ  പെരുന്നാൾ നമസ്കാരം നിർവഹിച്ചു.  അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ ‍നുഐമി അൽ സഹർ പാലസിലാണ് നമസ്കരിച്ചത്.

20210720HKCM2_4831
അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നു.

ഉമ്മുൽഖുവൈൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, കിരീടാവകാശി ഷെയ്ഖ് റാഷിദ് ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ല എന്നിവർ ഇവിടത്തെ ഷെയ്ഖ് അഹ്മദ് ബിൻ റാഷിദ് അൽ മുഅല്ല മോസ്കിൽ ബലിപെരുന്നാൾ നമസ്കാരം നിർവഹിച്ചു.

പെരുന്നാളിന് ഖുതുബ മലയാളത്തിലും 

അബുദാബി/ദുബായ്/ഷാർജ ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ മലയാളത്തിലുള്ള ഖുതുബയും. നൂറുകണക്കിന് മലയാളികളാണ് ഇവിടങ്ങളിൽ നമസ്കാരത്തിൽ പങ്കെടുത്തത്. ഷാർജ മസ്ജിദ് അസീസിൽ നടന്ന നമസ്കാരത്തിന് സഫ് വാൻ പൂച്ചാക്കൽ നേത‍ൃത്വം നൽകി. ദുബായ് അൽഖൂസ് അൽമനാർ ഈദ് ഗാഹിൽ  മലയാളത്തിലാണ് ഖുതുബ നടക്കാറുള്ളതെങ്കിലും വിവിധ രാജ്യക്കാരായ വിശ്വാസികളുടെ സൗകര്യാർഥം ഇത്തവണ ഇംഗ്ലിഷിലേക്കു മാറ്റി. നെക്സ്റ്റ് ജനറേഷൻ സ്കൂളിന്റെ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റും അൽമനാർ ഇമാമുമായ ഷെയ്ഖ് അയാസ് ഇഫ്തിക്കാർ ഹൗസിയാണ് നമസ്കാരത്തിന് നേതൃത്വം നൽകിയത്. അബുദാബി മുസഫ വ്യവസായ മേഖല 16ൽ മസ്ജിദ് ഹമദ് റാഷിദ് അൽ ‍ഹാജിരിയിലെ  ഖുതുബയിൽ (പ്രഭാഷണം) മലയാളി ഇമാം അബ്ദുൽ ജബ്ബാർ ഹുദവി കോട്ടുമല, അബുദാബി അൽദാബിയയിലെ(നൗഫ്) ഷെയ്ഖ് മുബാറക് ബിൻ മുഹമ്മദ് പള്ളി ഇമാം കോഴിക്കോട് വെള്ളിപറമ്പ് മുസ്തഫ സഖാഫി തുടങ്ങി ഒട്ടേറെ മലയാളി ഇമാമുമാർ പ്രാർഥനയ്ക്കു നേതൃത്വം നൽകിയിരുന്നു.

English Summary: UAE offer Eid Al Adha prayers at mosques, musallahs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA