ADVERTISEMENT

അബുദാബി ∙ നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ കേന്ദ്രം അനുവദിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉറപ്പുനൽകി. ഇതുസംബന്ധിച്ച് നിവേദനം നൽകിയ ടി.എൻ. പ്രതാപൻ എംപിക്കാണ് മന്ത്രി ഉറപ്പുനൽകിയത്. 93 സിബിഎസ്ഇ സ്കൂളുകളും 9 കേരള സിലബസ് സ്കൂളുകളുമുള്ള യുഎഇയിൽനിന്ന് നൂറുകണക്കിന് വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതുന്നുണ്ടെങ്കിലും ഇവിടെ പരീക്ഷാ കേന്ദ്രമില്ലെന്ന് മനോരമ ഈ മാസം 16ന് റിപ്പോർട്ട് ചെയ്തിരുന്നു. 

21 സിബിഎസ്ഇ സ്കൂളുകൾ മാത്രമുള്ള കുവൈത്തിലാണ് ഗൾഫിലെ ഏക പരീക്ഷാ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. യാത്രാവിലക്കുള്ളതിനാൽ ജിസിസി രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്കു കുവൈത്തിൽ പോയി പരീക്ഷ എഴുതാനാവില്ല. നാട്ടിൽ ‍പോയി  പരീക്ഷ എഴുതാമെന്നു വച്ചാൽ യുഎഇയിലേക്കു വിമാന സർവീസ് പുനരാരംഭിക്കാത്തതിനാൽ തിരിച്ചുവരാനും കഴിയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് യുഎഇയിൽ പരീക്ഷാ കേന്ദ്രം വേണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് വിദ്യാർഥികൾ ഓൺലൈൻ പെറ്റിഷനും അയച്ചിരുന്നു.

ജെഇടി, കീം എന്നീ പ്രവേശന പരീക്ഷകൾക്കു ദുബായിൽ സെന്ററുണ്ട്. നേരത്തെ ഓൾ ഇന്ത്യാ മെഡിക്കൽ എൻജിനീയറിങ് എൻട്രൻസിനും കേന്ദ്രമുണ്ടായിരുന്നു. സെപ്റ്റംബർ 12ന് നടക്കാനിരിക്കുന്ന നീറ്റിന് ഓഗസ്റ്റ് ആറിനകം അപേക്ഷിക്കണം. അതിനു മുൻപ് സെന്ററിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. 

ഇനി ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന് തളിക്കുളം സ്വദേശിയും ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളില‍െ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി റുബിൻഷ പറഞ്ഞു. ഉറപ്പു ലഭിച്ച കാര്യം ടി.എൻ. പ്രതാപൻ റുബിൻഷയെയും ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. എത്രയും വേഗം പ്രഖ്യാപനമുണ്ടായാലേ കുട്ടികൾക്ക് ഓൺലൈൻ അപേക്ഷയിൽ സെന്റർ തിരഞ്ഞെടുക്കാനാവൂ എന്ന് അബുദാബി ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി പന്തളം സ്വദേശി മെഹ്നാസ് ഷെഫീഖ് പറഞ്ഞു.

ഇന്ത്യക്കാർക്കു യുഎഇയിലേക്കു യാത്രാ വിലക്കുണ്ട്. പരീക്ഷ എഴുതാനായി മക്കളോടൊപ്പം നാട്ടിലേക്കു പോയാൽ തിരിച്ചുവരാനാകില്ല. ഇതുമൂലം ജോലി നഷ്ടപ്പെടുമെന്ന് രക്ഷിതാക്കളും ഭയക്കുന്നു. ഇവിടെ കേന്ദ്രം അനുവദിച്ചാൽ ഈ പ്രശ്നത്തിനും പരിഹാരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com