ADVERTISEMENT

മക്ക/മിന∙ ജനസാഗരങ്ങളുടെ സാന്നിധ്യത്തിൽ മുൻകാലങ്ങളിൽ നടന്ന ഹജിന്റെ സ്മരണ പുതുക്കി മലയാളി ഹാജിമാർ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് എത്തിയ ലക്ഷക്കണക്കിന് ഹാജിമാർ ഒരേ ലക്ഷ്യത്തിലേക്ക് മുന്നേറുന്ന കാഴ്ച കണ്ണിനെയും മനസിനെയും കുളിരണിയിച്ചിരുന്നതോടൊപ്പം വിശ്വാസിക്ക് പ്രത്യേക ഊർജവും സമ്മാനിച്ചിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഹാജിമാരുടെ എണ്ണം 60,000 ആയി ചുരുങ്ങുകയും അവർ സുരക്ഷയുടെ ഭാഗമായി പല സമയങ്ങളിലായി കർമങ്ങൾ നിർവഹിക്കുകയും ചെയ്തതോടെ പഴയ ആരവം സ്മരണകളിൽ മാത്രമായി എന്ന്  ഒന്നിലേറെ തവണ ഹജ് നിർവഹിച്ച തീർഥാടകർ പറഞ്ഞു. 

 

പ്രായമായവും കുട്ടികളും രോഗികളുമെല്ലാം സമ്മിശ്രമായി പങ്കെടുത്തിരുന്ന കാലത്ത് പരസ്പരം ആശ്രയമാകുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ എടുത്തുകൊണ്ടുപോകുന്ന കാഴ്ചകളും വ്യത്യസ്ത അനുഭവമായിരുന്നു. എല്ലാവരെയും ഹജ് കർമങ്ങൾ പൂർത്തിയാക്കാൻ സൗദി അധികൃതരും ബദ്ധശ്രദ്ധ പുലർത്തിയിരുന്നു. ഇന്ന് 18നും 65നും ഇടയിൽ പ്രായമുള്ളവർ മാത്രമായതിനാൽ സ്വന്തമായി തന്നെ കാര്യങ്ങൾ നിർവഹിക്കുന്നു.

 

കോവിഡില്ലാത്ത ആ സുന്ദര നാളുകളുടെ തിരിച്ചുവരവിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണ് മുസ്ലിം ലോകം. എന്നാൽ ആദ്യമായി ഹജ് ചെയ്യുന്നവർ സുഗമമായ ഹജ് നിർവഹണത്തിന്റെ അനുഭവങ്ങളും പങ്കിട്ടു.  

 

ലക്ഷക്കണക്കിനു വിശ്വാസികളുടെ ആരവങ്ങളും അതു നൽകുന്ന ഊർജവും പ്രത്യേക അനുഭൂതിയായിരുന്നുവെന്ന് ആലുവ കാലടി സ്വദേശിയും ജിഎസ്കെ കമ്പനിയുടെ റീജനൽ സപ്ലൈ പ്ലാനിങ് ഓഫിസറുമായ ഫസ് ലിൻ അബ്ദുൽഖാദർ പറഞ്ഞു. 11 വർഷം മുൻപ് മിനായിൽനിന്ന് അറഫയിലേക്കും അവിടന്ന് മുസ്ദലിഫയിലേക്കും പിന്നീട് മിനായിലേക്കും മക്കയിലേക്കും നടന്നു പോയത്  ഓർത്തെടുക്കുകയായിരുന്നു അദ്ദേഹം.  പ്രായഭേദമന്യെ ഒരേ ആവേശത്തോടെ തൽബിയത്ത് മന്ത്രം ചൊല്ലി മുന്നേറുമ്പോൾ യുവാക്കളുടെ പോലും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ദേശ, ഭാഷ, വർണ വ്യത്യാസമില്ലാതെ ഒരേ ലക്ഷ്യത്തിലേക്കുള്ള പ്രയാണം വിശ്വാസത്തെ കൂടുതൽ ബലപ്പെടുത്തിയതായും പറഞ്ഞു.

 

യുവത്വത്തിന്റെ പ്രസരിപ്പിലും ദീർഘദൂര കാൽനട യാത്ര പൂർത്തിയാക്കാനാകുമോ എന്ന് ഭയന്ന കാലം. എട്ടോ പത്തോ കിലോമീറ്റർ പിന്നിട്ടതോടെ കാലുപൊട്ടി അവശനായി ഇനി മുന്നോട്ടു പോകാനാവില്ലെന്നും ബൈക്ക് സർവീസിനെ ആശ്രയിക്കണമെന്നും സുഹൃത്തുക്കളോട് പറഞ്ഞ് നിൽക്കുമ്പോഴാണ് 90 വയസുള്ള നിവർന്നു നിൽക്കാൻ പോലുമാകാത്ത ദമ്പതികൾ തന്നെക്കാൾ ആവേശത്തോടെ മുന്നേറുന്നത് കണ്ടത്. ഇതോടെ പ്രത്യേക ഊർജം ലഭിച്ച ഫസ് ലിൻ നടന്നുതന്നെ ലക്ഷ്യസ്ഥാനത്തെത്തി.  അത്തരം കാഴ്ചകളും ഇത്തവണ മിസ് ചെയ്തതായി ഫസ് ലിൻ പറഞ്ഞു. 

 

തീർഥാടകരുടെ ആരോഗ്യ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി ആർക്കും ഒരു പ്രയാസവും കൂടാതെ ഹജ് നിർവഹിക്കാൻ സൗദി ഭരണകൂടം ഒരുക്കിയ രാജ്യാന്തര സൗകര്യത്തിന് എത്ര പ്രശംസിച്ചാലും മതിവരില്ലെന്നും പറഞ്ഞു.  

English Summary: Malayali pilgrims renew their hajj memories

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com