sections
MORE

'മാലികി'ന്റെ ചങ്ങാതി; റമദാ പള്ളിയിലേയ്ക്ക് തോക്ക് അയച്ചു കൊടുത്ത നടൻ ദുബായിലുണ്ട്

shahu
SHARE

ദുബായ്∙ചില്ലറക്കാരനൊന്നുമല്ല, റമദാ പള്ളിയിലേയ്ക്ക് തോക്ക് കയറ്റി അയച്ച് എരിതീയിൽ എണ്ണയൊഴിച്ച പുള്ളിയാണ് ഇൗ ഷാഹുൽ കരീം. വീട്ടിലേയ്ക്ക് ഭക്ഷ്യോത്പന്നങ്ങൾ അയക്കും പോലുള്ള ലാഘവത്വത്തോടെയാണ് ആയുധങ്ങൾ കള്ളക്കടത്ത് നടത്തി അതേക്കുറിച്ച് അന്വേഷിച്ച മാലികിനോട് വിശദീകരിക്കുന്നത്.  ആമസോണിൽ ഹിറ്റായ മഹേഷ് നാരായണൻ–ഫഹദ് ഫാസിൽ കൂട്ടുകെട്ടിന്റെ 'മാലിക്' എന്ന ചിത്രത്തിൽ ഷാഹുൽ കരീമിനെ അവതരിപ്പിച്ചത് ദുബായിൽ എൻജിനീയറായ യുവനടൻ തൃശൂർ ഗുരുവായൂർ കണ്ണോത്ത് സ്വദേശി ആസിഫ് യോഗി.  മാലികിലെ ഷാഹുൽ കരീം എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ആസിഫിനും താരത്തിളക്കം.

asif-in-malik
1. 1956 മധ്യതിരുവിതാംകൂറിലെ രംഗം ,2. മാലികില്‍ ആസിഫ് യോഗി.

കഴിഞ്ഞ 17 വർഷമായി യുഎഇയിലുള്ള ഇദ്ദേഹം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ മെയിന്റനൻസ് പ്ലാനിങ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. അടുത്തിടെ പുറത്തിറങ്ങിയ  ഒട്ടേറെ മികച്ച മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ദുബായിൽ ചിത്രീകരിച്ച ജേക്കബിന്റെ സ്വർഗരാജ്യത്തിലെ ദുബായ് പൊലീസ്,  42–ാമത് മോസ്കോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും 25–ാമത് െഎഎഫ്എഫ്കെയിലും തിരഞ്ഞെടുക്കപ്പെട്ട ഡോൺ പാലാത്തറയുടെ  1956 മധ്യതിരുവിതാംകൂറിലെ പ്രധാന കഥാപാത്രമായ കോര, സഖറിയയുടെ ഹലാൽ ലവ് സ്റ്റോറിയിലെ ക്യാമറമാൻ എന്നിവയാണു മറ്റു ചിത്രങ്ങൾ. 

shahul-ator
ഭാര്യ നജ് ലയോടൊപ്പം.

കൂടാതെ, പ്രവാസി എഴുത്തുകാരൻ അനൂപ് കുമ്പനാടിന്റെ കഥ അടിസ്ഥാനമാക്കി ഒരുക്കിയ ബ്രേക്ക് ജേർണി എന്ന ഹ്രസ്വചിത്രത്തിലും മുഖ്യ കഥാപാത്രമായി വേഷമിട്ടു. 1956 മധ്യതിരുവിതാംകൂർ നാളെ(24) മുബി ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. അഞ്ചോളം ചിത്രത്തിൽ അഭിനയിച്ചിട്ടും കിട്ടാത്ത സ്വീകാര്യതയാണ് മാലിക്കിലൂടെ ഉണ്ടായതെന്ന് ആസിഫ് മനോരമ ഒാൺലൈനിനോട് പറഞ്ഞു. കുടുംബത്തോടൊപ്പം ആദ്യ ദിവസം തന്നെ ചിത്രം കണ്ടു. ഫഹദ് ഫാസിൽ ചിത്രത്തിൽ ഹ്രസ്വമെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ സ്ക്രീനിൽ കണ്ടപ്പോൾ എല്ലാവർക്കും വളരെ സന്തോഷംതോന്നി. പരിചയമുള്ളവരെല്ലാം ചിത്രം കണ്ടു അഭിനന്ദിച്ചു.

 

തിരഞ്ഞെടുത്തത്  ഒാഡീഷനിലൂടെ

മുൻപ് പോണ്ടിച്ചേരിയില്‍ ആദിശക്തി എന്ന അഭിനയ പരിശീലന കേന്ദ്രത്തിൽ ഒരു ശിൽപശാലയിൽ പങ്കെടുത്തിരുന്നു. അവിടെ പരിചയപ്പെട്ട രാജേഷ് രാജ് എന്ന യുവനടനാണു മാലിക്കിലെ ഷാഹുൽ കരീമിനു വേണ്ടി ഒാ‍ഡിഷനിൽ പങ്കെടുക്കാൻ അവസരം നൽകിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇവിടെ നിന്ന് അഭിനയം ചിത്രീകരിച്ച് അയച്ചുകൊടുക്കുകയായിരുന്നു. വൈകാതെ തിരഞ്ഞെടുക്കപ്പെട്ട സന്തോഷ വാർത്തയെത്തി. അതേവർഷം ‍ഡിസംബറിലായിരുന്നു മഹേഷ് നാരായണൻ, ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ ടീം അബുദാബിയിൽ വന്ന് ചിത്രീകരണം നടത്തിയത്. ഫഹദും ദിലീഷും അബുദാബിയിലെത്തുന്നതും മിനാ മാർക്കറ്റ്, ഇറാനിയൻ കാർപെറ്റ് മാർക്കറ്റ് എന്നിവിടങ്ങൽ സന്ദർശിക്കുന്നതുമെല്ലാം പാട്ടിലൂടെ ചിത്രീകരിക്കുകയായിരുന്നു. 

 

ഇനി ചട്ടമ്പി

സ്വന്തം നിർമാണകമ്പനി നിർമിക്കുന്ന 'ചട്ടമ്പി' എന്ന ചിത്രത്തിലാണ് ആസിഫ് ഇനി അഭിനയിക്കുക. ഇൗ ചിത്രത്തിലും പൊലീസ് ഉദ്യോഗസ്ഥനാണ്. നവാഗതനായ അഭിലാഷ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഡോൺ  പാലാത്തറ. ശ്രീനാഥ് ഭാസി, ചെമ്പൻ ജോസ്, ബിനു പപ്പു തുടങ്ങിയവരാണ് മറ്റു പ്രധാന നടന്മാർ. കോവി‍ഡ് നിയന്ത്രണങ്ങൾ മാറിയാൽ ചട്ടമ്പിയും മറ്റു രണ്ടു ചിത്രങ്ങളും ഷൂട്ടിങ് തുടങ്ങും. പൗരുഷവും ആകാരഭംഗിയുമുള്ള ആസിഫ് യോഗി വൈകാതെ മലയാള സിനിമയിലുള്ള തിരക്കുള്ള അഭിനേതാവാകാനുള്ള ഒരുക്കത്തിലാണ്. നജ് ലയാണ് ഭാര്യ. മക്കൾ: നൂറുൽ ഹയ, അയിഷ എൽഹാം.

English Summary: Actor who played the role of Shahul Karim in Malik movie is in Dubai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA