ADVERTISEMENT

അബുദാബി∙ മലയാളി സമാജം ബിരിയാണി ചാലഞ്ചിലൂടെ അബുദാബി നിവാസികളുടെ രണ്ടാം പെരുന്നാൾ വിഭവ സമൃദ്ധമായി. 4150 ബിരിയാണിയാണ് ചാലഞ്ചിലൂടെ വിതരണം ചെയ്തത്. ചാലഞ്ച് ഏറ്റെടുത്ത് ഓർഡർ നൽകിയവർക്ക് വിവിധ സംഘടനാ ഭാരവാഹികളുടെ സഹായത്തോടെ രാവിലെ 11ന് വീടുകളിൽ എത്തിച്ചു. 

കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു വിതരണം. സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് സമാജത്തെ കരകയറ്റാനാണ് ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചത്. 11 അംഗ സംഘടനകളിലെ അംഗങ്ങളും അഭ്യുദയകാംക്ഷികളും ചാലഞ്ച് ഏറ്റെടുക്കാൻ മുന്നോട്ടുവന്നതോടെ പരിപാടി വിജയിപ്പിക്കാനായെന്ന് ആക്ടിങ് പ്രസിഡന്റ് സലീം ചിറക്കൽ പറഞ്ഞു. ചെലവു കഴിച്ച് ഇതിലൂടെ 70,000 ദിർഹം സമാജത്തിനു ലഭിക്കും. ചിലർ ബിരിയാണി വാങ്ങാതെ തന്നെ 1100 ബിരിയാണിയുടെ തുക നൽകി. കൂടാതെ ചിലർ വില കണക്കാക്കാതെ പണം നൽകി. നേരത്തെ അംഗങ്ങൾ സംഭാവനയായി നൽകിയ ഒരു ലക്ഷത്തോളം ദിർഹമുണ്ട്. ഇതിനുപുറമെ വ്യവസായ പ്രമുഖരെ കണ്ട് സഹായം അഭ്യർഥിച്ച് വാടക കുടിശിക പ്രശ്നം തീർക്കാനാണ് ആലോചിക്കുന്നത്.കോവിഡ് പശ്ചാത്തലത്തിൽ കമ്യുണിറ്റി ഡവലപ്മെന്റ് അതോറിറ്റിയുടെ നിർദേശപ്രകാരം 2020 മാർച്ചിൽ പ്രവർത്തനം നിർത്തിവച്ചിരുന്നു. ഇതേ തുടർന്ന് വരുമാനം നിലച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നികുതി ഉൾപ്പെടെ 4.75 ലക്ഷം ദിർഹം വാർഷിക വാടക അടയ്ക്കാത്തതിന്റെ പേരിൽ കെട്ടിട ഉടമ സമാജത്തിനെതിരെ മേയിൽ കേസ് നൽകി. പ്രതിസന്ധി പരിഹരിക്കാൻ   മുൻകാല ഭാരവാഹികളെ ഉൾപ്പെടുത്തി ഏപ്രിലിൽ കോർ കമ്മിറ്റി രൂപീകരിച്ചെങ്കിലും കാര്യമായ പ്രവർത്തനങ്ങൾ നടന്നില്ലെന്ന് പരാതിയുണ്ട്. 5 പതിറ്റാണ്ടു പിന്നിട്ട മലയാളി സമാജത്തെ കോടതി കയറ്റിയതിനെ അബുദാബിയിലെ മലയാളികൾ അമർഷം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com