ADVERTISEMENT

ദോഹ∙ പ്രവാസി മലയാളിയുടെ ഹ്രസ്വ ചിത്രം 'ഡോഗ് ബ്രദേഴ്‌സ്' കാന്‍ ചലച്ചിത്രമേളയിലേയ്ക്ക്. ഖത്തര്‍ ടെലിവിഷനിലെ ക്യാമറമാന്‍ ആയ തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ ഗോപകുമാര്‍.ജി.നായര്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഗ്രേറ്റ്8 എവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച 15 മിനിറ്റ് നീളുന്ന ഹ്രസ്വ ചിത്രം കാന്‍ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലെ അവസാന റൗണ്ടില്‍ പ്രദര്‍ശിപ്പിക്കും. . കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ ടോപ്പ് അച്ചീവ്‌മെന്റ് പുരസ്‌കാരത്തിനും ഇതിനകം ഡോഗ് ബ്രദേഴ്‌സ് അര്‍ഹമായി. ബെര്‍ലിന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിലിലേയ്ക്കുള്ള എന്‍ട്രിയാണ് ആദ്യത്തെ രാജ്യാന്തര അംഗീകാരം.  ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അജ്യാല്‍ ചലച്ചിത്രമേള ഉള്‍പ്പെടെയുള്ള രാജ്യാന്തര മേളകളില്‍ പങ്കെടുക്കാനായി ചിത്രം സമര്‍പ്പിച്ചിട്ടുണ്ട്.

dog-brothers-ic

 

 

ഇന്ത്യന്‍ ഗ്രാമങ്ങളിലെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലേയ്ക്ക് വിരല്‍ചൂണ്ടുന്ന ചിത്രത്തിന്റെ ഇതിവൃത്തം പാലക്കാട്ടെ ഗ്രാമത്തില്‍ ജീവിക്കുന്ന ദരിദ്ര കുടുംബത്തിലെ രണ്ടു സഹോദരങ്ങളും രണ്ടു നായക്കുട്ടികളും തമ്മിലുള്ള സൗഹൃദമാണ്. വിശപ്പുസഹിക്കാതെ ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ പാലക്കാട്ടെ   അട്ടപ്പാടിയില്‍ ജനക്കൂട്ടം ദാരുണമായി കൊലപ്പെടുത്തിയ മാനസിക പ്രശ്‌നങ്ങളുള്ള മധുവിന്റെ ദുരിതജീവിതമാണ് ചിത്രത്തിന്റെ പ്രചോദനം. 

 

തിരുവില്വാമല സ്വദേശി വിശ്വന്റെ തിരക്കഥയിലും സംവിധാനത്തിലുമാണ് ഹ്രസ്വ ചിത്രം പൂര്‍ത്തിയായത്. വിജേഷ് കാപ്പാറ (ഛായാഗ്രാഹകന്‍,എഡിറ്റിങ്), സുനില്‍കുമാര്‍ പി.കെ (സംഗീതം), ഗണേഷ് മാരാര്‍ (ശബ്ദം), റാം ദാസ് (സഹസംവിധാനം) എന്നിവരാണ് അണിയറയിലുള്ളത്. ഹരിജിത്ത്, ആദിത്ത് എന്നിവരാണ് പ്രധാന ബാലതാരങ്ങള്‍. നടന്‍ കെ.എസ്.പ്രതാപനും നാടൻ പാട്ടുകലാകാരി വസന്ത പഴയന്നൂരും മികച്ച അഭിനയമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. തിരുവില്വാമല കുതിരമ്പാറയിലെ ഒരു സംഘം കുട്ടികളും ചിത്രത്തിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com