ADVERTISEMENT

ദുബായ്∙ ലോക്ഡൗൺ വീർപ്പുമുട്ടലിൽ നിന്ന് പെരുന്നാൾ ആഘോഷങ്ങളുടെ ആഹ്ലാദ നിറവിലാണ് യുഎഇ. അർമേനിയയും ഗ്രീസും ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പെരുന്നാൾ ആഘോഷത്തിന് പോയവർ ഏറെ. അതേ സമയം യുഎഇയിലെ തന്നെ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും കുടുംബത്തിനൊപ്പം ചെലവഴിച്ചവരും ധാരാളം. അവധി ആഘോഷിക്കണമെന്ന കുട്ടികളുടെ വാശി കാരണമാണ് മിക്കവരും ഉല്ലാസ കേന്ദ്രങ്ങളിൽ പോയത്. യുഎഇയിലെ തന്നെ പുതിയ ആകർഷണ കേന്ദ്രമായ ഖോർഫക്കാൻ ബീച്ചിലേക്ക് വൈകുന്നേരങ്ങളിൽ ജനപ്രവാഹമായിരുന്നു. ദുബായിൽ നിന്ന് ഒന്നരമണിക്കൂർ കൊണ്ട് എത്താമെന്നതും ധാരാളം കാഴ്ചകൾ കണ്ടുപോകാമെന്നതുമാണ് ഈ പ്രദേശത്തെ ആകർഷകമാക്കുന്നത്. ബീച്ചിന് സമീപം തയാറാക്കിയ വെള്ളച്ചാട്ടവും വിശാലമായ ആംഫി തിയറ്ററും മനം കവരുന്ന കാഴ്ചകളാണ്. ബീച്ചിൽ വിവിധ കോർട്ടുകളും ഊഞ്ഞാലുമെല്ലാം സജ്ജമാക്കി കുടുംബങ്ങളുടെ ഇഷ്ടയിടമാക്കി  മാറ്റി. ഒപ്പം കുറഞ്ഞ നിരക്കിൽ ഖോർഫക്കാൻ മാർക്കറ്റിനു സമീപത്തെ ഫിഷ് ഗ്രിൽ കേന്ദ്രങ്ങളിൽ അത്താഴവും കഴിഞ്ഞു മടങ്ങാം. അതേ സമയം അത്ര ദുരം പോലും പോകാൻ താൽപര്യമില്ലാത്തവർ പാർക്കുകളിൽ പെരുന്നാൾ ആഘോഷം ഉഷാറാക്കി. മരത്തണലുകൾ താവളമാക്കിയും പുൽമൈതാനത്ത് തമ്പ് കെട്ടിയും കുട്ടികളും കുടുംബങ്ങളും പെരുന്നാൾ ദിനങ്ങൾ കേമമാക്കി.. ചൂട് കുറയുംവരെ ഉറങ്ങിയ ശേഷം ശേഷിക്കുന്ന സമയം ബീച്ചുകളിൽ ചെലവഴിച്ചാണ് ചിലർ അവധി ആഘോഷിച്ചത്. കോവിഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന്‌   വിനോദ കേന്ദ്രങ്ങളിലെല്ലാം സുരക്ഷാ മുന്നറിയിപ്പുണ്ട്. ഇതിനൊപ്പം നിരീക്ഷണ ഉദ്യോഗസ്ഥരും റോന്ത് ചുറ്റുന്നുണ്ട്.

ബീച്ചുകളിലും പാർക്കുകളിലും കുട്ടികളുടെ കളികൾക്കും ഉല്ലാസത്തിനും വൈവിധ്യമാർന്ന പരിപാടികൾ നഗരസഭ ഒരുക്കിയിട്ടുമുണ്ട്. ദുബായിലെ പ്രധാന പാർക്കുകളായ സഫ, സഅബീൽ, മംമ്സർ , മുഷ്റിഫ്, ക്രീക്  പാർക്കുകളിലെല്ലാം സജീവമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം. 

പാർക്കുകളിലെ സമയം 

രാവിലെ 8 മുതൽ രാത്രി 11 വരെയാണ് പ്രധാന പാർക്കുകളുടെ പ്രവൃത്തി സമയം. സഅബീൽ പാർക്കിലെ ദുബായ് ഫ്രെയിം സന്ദർശന സമയം രാവിലെ 9 മുതൽ രാത്രി 9 വരെ. ദുബായ് ചിൽഡ്രൻ സിറ്റി രാവിലെ 9 നു തുറന്ന് വൈകിട്ട് 7നു അടയ്ക്കും. ഖവനീജിലെ ഖുർആൻ പാർക്കിലും  രാവിലെ 8 മുതൽ 11 വരെ സന്ദർശകരെ സ്വീകരിക്കും. പാർപ്പിട മേഖലയിലെ പാർക്കുകളിൽ രാവിലെ 8 മുതൽ രാത്രി 12 വരെ തുറക്കുമെന്നും നഗരസഭാധികൃതർ അറിയിച്ചു.

ബീച്ചുകളിൽ ജാഗ്രത വേണം

അതേ സമയം ഷാർജ കടലോരങ്ങളിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. സുരക്ഷിതമെന്ന് അടയാളപ്പെടുത്തിയ പ്രദേശങ്ങളിൽ മാത്രമേ കടലിൽ ഇറങ്ങാവൂ എന്നും ഓർമിപ്പിക്കുന്നു. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. അവരെ പാർക്കു ചെയ്ത കാറുകളിൽ ഇരുത്തിയ ശേഷം പുറത്തിറങ്ങുന്നവരും ജാഗ്രത പുലർത്തണം. കാറിലിരുന്ന് ശ്വാസം മുട്ടി കുട്ടികൾ മരിച്ച സംഭവങ്ങൾ അടുത്തിടെയും ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. അപകടങ്ങളോ അസ്വാഭാവിക സംഭവങ്ങളോ കണ്ടാൽ 999 എന്ന അടിയന്തര നമ്പരിലേക്കോ അത്ര അടിയന്തര സ്വഭാവമില്ലാത്ത കാര്യങ്ങൾ 901 എന്ന നമ്പരിലേക്കോ അറിയിക്കണം. ഷാർജ പൊലീസിന്റെ ഹാരിസ് സർവീസ് എന്ന ആപ്പ് വഴിയും ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

English Summary : UAE celebrating Eid holidays in parks and beaches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com