ADVERTISEMENT

അബുദാബി∙ ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സിഎസ്ഐ) അബുദാബിയിൽ നിർമ്മിക്കുന്ന ദേവാലയത്തിന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയുടെ സഹായ ഹസ്തം. ദേവാലയത്തിന്റെ നിർമ്മാണത്തിന് അഞ്ച് ലക്ഷം   ദിർഹമാണ് (1 കോടി രൂപ) യൂസഫലി നൽകിയത്. 

 

അബുദാബി സിഎസ്ഐ പാരിഷ് വികാരി റവ: ലാൽജി എം. ഫിലിപ്പ് യൂസഫലിയിൽ നിന്നു തുക ഏറ്റുവാങ്ങി. സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ്പ് റൈറ്റ് റവ:  ഡോ:  മലയിൽ സാബു കോശി ചെറിയാൻ  നാട്ടിൽ നിന്നും ഓൺ ലൈനായി ചടങ്ങിൽ പങ്കെടുത്തു. 

 

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ  ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി അബു  മുറൈഖയിൽ  അനുവദിച്ച  4.37 ഏക്കർ ഭൂമിയിലാണ്  സിഎസ്ഐ ദേവാലയം ഉയരുന്നത്.  ഇതിനു സമീപമായാണു കിരീടാവകാശി അനുവദിച്ച സ്ഥലത്ത് നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ബാപ്സ് ഹിന്ദു ക്ഷേത്രം. 

 

എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുള്ള യുഎഇയിൽ  വ്യത്യസ്ത മതക്കാർക്ക് സഹകരണത്തോടെ കഴിയാനുള്ള സാഹചര്യമാണ്  യുഎഇ ഭരണാധികാരികൾ ഉറപ്പ് നൽകുന്നതെന്ന് എം.എ.യൂസഫലി പറഞ്ഞു.   യുഎഇ  രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ  ആവിഷ്കരിച്ച സഹിഷ്ണുതാ ആശയങ്ങളാണ് യുഎഇ ഭരണകുടം പിന്തുടരുന്നത്. അബുദാബിയിലെ നഗരഹൃദയത്തിലുള്ള പള്ളിക്ക്  യേശു ക്രിസ്തുവിന്റെ  മാതാവിന്റെ പേരിട്ടത് (മറിയം ഉമ്മുല്‍ ഈസാ അഥവാ യേശുവിന്റെ മാതാവ് -മറിയം മസ്ജിദ്) ഇതിന്റെ ഉത്തമോദാഹരണമാണെന്നും യൂസഫലി പറഞ്ഞു. സാഹോദര്യത്തിന്റെയും  മാനവികതയുടെയും  സമാധാനത്തിന്റെയും പുതിയ മാതൃകയാണ് ഇതിലൂടെ ലോകത്തിനു മുന്നിൽ യുഎഇ കാണിച്ചു കൊടുക്കുന്നതെന്നും യൂസഫലി കൂട്ടിച്ചേർത്തു.

 

15,000 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിക്കുന്ന, 750 പേർക്കു പ്രാർഥനാ സൗകര്യമുള്ള ദേവാലയം ഈ വർഷാവസാനത്തോടെ പൂർത്തിയാകും.  യുഎഇ കാബിനറ്റ്   അംഗവും സഹിഷ്ണുതാ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനാണ്  ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. 

English Summary: M.A.Yusafali donates one crore rupee to CSI church in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com