ADVERTISEMENT

ദുബായ് ∙ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്കേർപ്പെടുത്തിയിട്ട് മൂന്ന് മാസം കഴിഞ്ഞിരിക്കുന്നു. ഇതോടെ അവധിക്ക് നാട്ടിൽ പോയ ലക്ഷക്കണക്കിന് പ്രവാസികൾ ദുരിതത്തിലും ആശങ്കയിലുമാണ്. ജോലി ആവശ്യാർഥവും മറ്റും അടിയന്തരമായി യുഎഇയിലെത്തേണ്ട മലയാളികളടക്കമുള്ള ഇന്ത്യക്കാർ യാത്രയ്ക്ക് മറ്റു വഴികൾ തേടുകയാണ്. അങ്ങനെ എളുപ്പത്തിൽ വരാവുന്ന വഴികളിലൊന്നാണ് അർമേനിയ സന്ദർശിച്ചുള്ള യാത്ര. ഇന്ത്യയിൽ നിന്നുള്ളവർക്ക് അവിടെ 14 ദിവസം താമസിച്ചാൽ യുഎഇയിലേയ്ക്ക് പ്രവേശിക്കാം. 

ഏപ്രിൽ 24നായിരുന്നു യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി ആദ്യമായി ഇന്ത്യയിൽ നിന്നു 10 ദിവസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. മേയ് അഞ്ചിന് വിലക്ക് നീട്ടി. തുടർന്ന പല പ്രാവശ്യം നീട്ടിക്കൊണ്ടിരുന്നു. ഇപ്പോൾ അനിശ്ചിതമായ യാത്രാ വിലക്കാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എങ്കിലും, ഗോൾഡൻ, നിക്ഷേപ വീസക്കാർക്കു പ്രത്യേക വിമാനത്തിൽ യാത്ര ചെയ്യാം. വൈകാതെ  യാത്രാ വിലക്ക് പൂർണമായും നീക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

kerala-to-dubai-via-armenia2

ഇന്ത്യയിലെ ട്രാവൽ ഏജൻസികൾ അർമേനിയ വഴിയുള്ള പ്രത്യേക ടൂർ പാക്കേജ് തന്നെ ഒരുക്കുന്നു. 1,20,000 മുതൽ 1,40,000 രൂപ വരെയാണ് നിരക്ക് ഇൗടാക്കുന്നത്. തിരക്കിനനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നു. ഇത്തരത്തിൽ കൊച്ചിയിൽ നിന്ന് ഡൽഹിയിലേയ്ക്കും അവിടെ നിന്ന് അർമേനിയൻ തലസ്ഥാനമായ യെരവനിലേയ്ക്കും പ്രത്യേക വിമാനത്തിൽ യാത്ര ചെയ്ത, ദുബായിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി സുഭാഷ് എം.മേനോൻ തന്റെ യാത്രാനുഭവവും അർമേനിയയിലെ കാഴ്ചകളും മനോരമ ഒാൺലൈനുമായി പങ്കിടുന്നു.

ആദ്യം ആശങ്ക; പിന്നെ വിനോദസഞ്ചാരം

മാസങ്ങളായി നാട്ടിൽ കുടുങ്ങിയ ഏതൊരു പ്രവാസിയേയും പോലെ തന്നെയായിരുന്നു എന്റെയും അവസ്ഥ. ഏപ്രിൽ 24ന് കുറഞ്ഞ ദിവസത്തെ അവധിക്ക് നാട്ടിൽ ചെന്ന് തിരിച്ചുവരാൻ കഴിയാതെ മാസങ്ങളായി പ്രതിസന്ധിയിലായിരുന്നു. കോവിഡ്19 കാരണം എല്ലാ തീരുമാനങ്ങളും കീഴ്മേൽ മറിഞ്ഞു. അനിശ്ചിതകാലമായി വിമാന സർവീസ് നിർത്തലാക്കിയ വാർത്ത മടങ്ങിവരവിന് ഒരുങ്ങിയ എനിക്ക്  ഇടിത്തീയായി മാറി. 

kerala-to-dubai-via-armenia

അർമേനിയ വഴി യുഎഇയിലേയ്ക്ക് എത്താൻ കഴിയുന്ന ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞപ്പോൾ, എന്നെപ്പോലെ കേരളത്തിലുണ്ടായിരുന്ന ഒരു സുഹൃത്തിനോടൊപ്പം ഇൗ യാത്രാ വഴി തേടുകയായിരുന്നു. ടൂർ പാക്കേജിന് 1,34,000 രൂപയായിരുന്നു ആവശ്യപ്പെട്ടത്. 14 ദിവസം അർമേനിയൻ തലസ്ഥാനമായ യെരവനിലെ ഹോട്ടലിൽ താമസിച്ച് തലസ്ഥാനനഗരിയും പ്രാന്ത പ്രദേശങ്ങളും കാണിച്ചുതരും. മൂന്ന് നേരം ഭക്ഷണവും സൗജന്യമാണ്. ജൂലൈ‌ ഒന്നിന് യാത്രാ തിയതി നിശ്ചയിച്ചു. രണ്ട് ദിവസം മുൻപ് വീസയും വിമാന ടിക്കറ്റും ലഭിച്ചതോടെ ശുഭപ്രതീക്ഷയായി. 48 മണിക്കൂറിനകം എടുത്ത പിസിആർ പരിശോധനാ ഫലം ലഭിച്ചതോടെ കുടുംബാംഗങ്ങളോട് യാത്ര പറഞ്ഞിറങ്ങി.

ഇതേ ടൂർ പാക്കേജിലൂടെ യുഎഇയിലേയ്ക്ക് വരാൻ കുടുംബങ്ങളടക്കം ഒട്ടേറെ പേരുണ്ടായിരുന്നു. ടാറ്റാ വിസ്താരയുടെ ചാർട്ടേർഡ് വിമാനത്തിൽ ഞങ്ങളെല്ലാം കൊച്ചിയിൽ നിന്ന് പുലർച്ചെ നാലു മണിക്ക് ഡൽഹിയിലേയ്ക്ക് യാത്ര തിരിച്ചു. മൂന്ന് മണിക്കൂർ യാത്ര കഴിഞ്ഞ് രാവിലെ ഏഴിന് വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തി. 

ഉച്ചയ്ക്ക് 12ന് അർമേനിയൻ തലസ്ഥാനമായ യെരവൻ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കു പുറപ്പെട്ട പ്രത്യേക വിമാനത്തിലുണ്ടായിരുന്ന ഏകദേശം 200 പേരിൽ 180 പേരും മലയാളികൾ. കൂടാതെ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും സഹയാത്രക്കാരായി.  ആറു മണിക്കൂറിലെ നീണ്ട പറക്കലിന് ശേഷം ഞങ്ങൾ യെരവനിലെത്തി. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ ഞങ്ങളെ സ്വീകരിക്കാൻ ടൂറിസ്റ്റ് ഗൈഡുകൾ നിൽപുണ്ടായിരുന്നു. 

kerala-to-dubai-via-armenia5

യെരവനിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള വഗാർഷപത് അഥവാ എജ്മിയാറ്റ്സിൻ എന്ന സ്ഥലത്താണ് ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്നത്. കണ്ണിനും കരളിനും കുളിർമ നൽകുന്ന, ഗ്രാമീണ ഭംഗി തുടിച്ചു നിൽക്കുന്ന പ്രദേശങ്ങളിലൂടെ പ്രത്യേക ബസിലായിരുന്നു യാത്ര. ഒട്ടേറെ ക്രിസ്തീയ ദേവാലയങ്ങൾക്ക് മുൻപിലൂടെ ഞങ്ങൾ കടന്നുപോയി. പഴയ സോവിയറ്റ് ശൈലിയിലുള്ള വാസ്തുശില്പങ്ങളായിരുന്നു അവ. അരമണിക്കൂർ യാത്രയ്ക്കൊടുവിൽ ഹോട്ടൽ മുറിയിലെത്തി. കൊച്ചിമുതൽ മണിക്കൂറുകൾ നീണ്ട യാത്രയായതിനാൽ ഞങ്ങളെല്ലാം ക്ഷീണിതരായിരുന്നു. അന്നത്തെ ആ ദിവസം സുഖമായി കിടന്നുറങ്ങി ക്ഷീണം തീർത്തു. 

മുഖാവരണമില്ലാതെ അർമേനിയ

ഒന്നരവർഷത്തോളമായി മുഖാവരണവുമായി നടന്നിരുന്ന എനിക്ക് വലിയ അത്ഭുതമാണ് അടുത്ത പ്രഭാതം സമ്മാനിച്ചത്. അർമേനിയയിൽ ആരും മാസ്ക് ഉപയോഗിക്കുന്നില്ല!; ഹോട്ടൽ ജോലിക്കാരോ, പുറത്തെ കടകളിലുള്ളവരോ, ആരും!. എന്നാൽ, ഞങ്ങൾ മാസ്ക് ധരിക്കാൻ തന്നെ തീരുമാനിച്ചു. ഇന്ത്യക്കാരെ കൂടാതെ, ശ്രീലങ്കക്കാരും യൂറോപ്പുകാരും വിനോദസഞ്ചാരികളായി അവിടെയുണ്ടായിരുന്നു.

kerala-to-dubai-via-armenia3

വഗാർഷപത് നഗരം അർമേനിയക്കാരുടെ റിലീജ്യസ് ക്യാപിറ്റലാണ്. ഒട്ടേറെ ക്രിസ്ത്യൻ ദേവാലയങ്ങളും സന്ന്യാസി മഠങ്ങളുമുള്ള സ്ഥലമാണ്. അർമേനിയൻ ഒാർത്തഡോക്സ് ക്രിസ്ത്യാനികളുടെ പ്രധാന ആത്മീയകേന്ദ്രം. കാലാകാലങ്ങളായി നേരിട്ടിട്ടുള്ള ആക്രമണങ്ങളും ഏറ്റുമുട്ടലുകളും. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം 1990കളിലാണ് നഗരം പുനഃസൃഷ്ടിച്ചതെന്ന് നാട്ടുകാരുമായുള്ള സംഭാഷണത്തിലൂടെ മനസിലായി.

പ്രധാനപ്പെട്ട കവാടത്തിനുള്ളിൽ പള്ളികളും സന്ന്യാസിമഠങ്ങളും കൊട്ടാരങ്ങളും കണ്ടു.  വൈകുന്നേരങ്ങളിൽ അവിടുത്തെ വഴികളിലൂടെയുള്ള നടത്തം പതിവായി. മാസ്ക് ധരിച്ചതിനാൽ വിനോദ സഞ്ചാരികളാണെന്ന് ഞങ്ങളെ മറ്റുള്ളവർ തിരിച്ചറിഞ്ഞു. ചിലയിടങ്ങളിലുള്ളവർ ഞങ്ങളെ ഇന്ത്യക്കാരാണെന്ന് മനസ്സിലാക്കി നമസ്തേ എന്ന് അഭിവാദ്യം ചെയ്തു. അവിടെയുള്ളവര്‍ക്ക് ഇംഗ്ലീഷ് തീരെ വഴങ്ങുമായിരുന്നില്ല. അതുകൊണ്ട് അർമേനിയൻ, റഷ്യൻ ഭാഷകളിലായിരുന്നു ആശയവിനിമയത്തിന് ശ്രമിച്ചുകൊണ്ടിരുന്നത്. 

kerala-to-dubai-via-armenia7

നഗരപ്രദക്ഷിണങ്ങളിലൂടെ അർമേനിയൻ മനുഷ്യരെയും അവരുടെ ജീവിതവും ചരിത്രവുമെല്ലാം അ‌ടുത്തറിയാൻ സാധിച്ചു. അവിടെ തന്നെ കൃഷി ചെയ്യുന്ന പഴവർഗങ്ങൾ വിലക്കുറവിൽ യഥേഷ്ടം ലഭിക്കുമായിരുന്നു. മിക്ക വീടുകളുടെയും മുൻപിൽ മുന്തിരി, മൾബറി തുടങ്ങിയ പഴങ്ങൾ കൃഷി ചെയ്യുന്നത് കാണ്ടു. എൽപിജി ഉപയോഗിച്ചായിരുന്നു മിക്ക വാഹനങ്ങളും സഞ്ചരിച്ചിരുന്നത്. ‍സംസ്കാര സമ്പന്നരായ നാട്ടുകാർ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറി.

റോമിനേക്കാൾ പഴക്കം

തലസ്ഥാനനഗരമായ യെരവൻ ഒരുത്ഭുതമായി മുന്നിൽ നിന്നു. പിങ്ക് സിറ്റി എന്നറിയപ്പെട്ട നഗരം റോമിനേക്കാൾ പഴക്കം ചെന്നതാണെന്ന് ചരിത്രം പറയുന്നു. റിപബ്ലിക് സ്ക്വയർ, ഒാപറ ഹൗസ്, സെവൻ ലെയ്ക്, കാസ് കേഡ്, കാരി ലെയ്ക്, ഗർണി ടെംപിൾ, റോപ് വേ തുടങ്ങിയവയെല്ലാം വളരെ മനോഹര അനുഭവമായിരുന്നു.

kerala-to-dubai-via-armenia6

അർമേനിയൻ ശൈലിയിലുള്ള കലാരൂപങ്ങളായിരുന്നു മറ്റൊരു പ്രത്യേകത. ഇതിനായി ഒരു ഒാപൺ മാർക്കറ്റ് തന്നെ അവിടെയുണ്ട്. സീവാൻ ലെയ്ക്, 50 കിലോ മീറ്റർ അകലെയുള്ള അരാരാത് മലനിരകളും ആസ്വദിച്ചു. നവംബർ മുതൽ അതിശൈത്യം അനുഭവപ്പെടുന്ന ഇൗ രാജ്യത്ത് ജൂലൈയിലെ മഞ്ഞുവീഴ്ച കാണാനും ഭാഗ്യമുണ്ടായി. 

kerala-to-dubai-via-armenia1

ഒടുവിൽ, ജീവിതത്തിലെ, അതും കോവിഡ് കാലത്തെ വേറിട്ട അനുഭവവുമായി ഇൗ മാസം 17ന് യെരെവനിൽ നിന്ന് ‍ഞങ്ങൾ ദുബായിലേയ്ക്ക് യാത്ര തിരിച്ചു. മൂന്നു മണിക്കൂർ പറന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി. ഇൗ മാസം 15 മുതൽ അർമേനിയ യുഎഇ ഗ്രീൻ പട്ടികയിൽ ഇടംപിടിച്ചതിനാൽ പിസിആർ പരിശോധനയോ ക്വാറന്റീനോ ആവശ്യമില്ലായിരുന്നു. ഒാർമയിൽ എന്നും സൂക്ഷിക്കാൻ കോവി‍ഡ് കാലം സമ്മാനിച്ച കുറേ ഹരിതദിനങ്ങളായി മാറി, അർമേനിയൻ യാത്ര.

English Summary: Kerala to dubai via armenia experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT