ADVERTISEMENT

അബുദാബി∙ കോവിഡ് പശ്ചാത്തലത്തിൽ പിഎസ്​സിക്കു (കേരള പബ്ലിക് സർവീസ് കമ്മിഷൻ) ഗൾഫിൽ പരീക്ഷാ കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു. സ്വന്തം നാട്ടിൽ സർക്കാർ ജോലി സ്വപ്നം കാണുന്ന പ്രവാസി മലയാളികളാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ തേടുന്നത്.

കീം, നീറ്റ്, ജെഇഇ ഉൾപ്പെടെ വിവിധ പ്രവേശന പരീക്ഷകൾക്കും എസ്എസ്എൽസി, ഹയർസെക്കൻഡറി, സിബിഎസ്ഇ പരീക്ഷകൾക്കും യുഎഇയിൽ പരീക്ഷകേന്ദ്രം ഉണ്ട്. ഇതേ മാതൃകയിൽ ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും നേതൃത്വത്തിൽ പരീക്ഷ നടത്താൻ സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. കോവിഡ് സാഹചര്യത്തിൽ ജോലി പോയവരും ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടവരും ഏതുസമയവും ജോലി നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരും വീട്ടമ്മമാരും പിഎസ്​സി പരീക്ഷയ്ക്കായി തയാറെടുക്കുന്നുണ്ട്.

ഗൾഫിൽ കിട്ടിയ ജോലിയിൽ കയറി ജീവിതം തള്ളിനീക്കുന്നവർ സർക്കാർ ജോലി കിട്ടിയാൽ നാടുപിടിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനായി ജോലിക്കിടയിലും പിഎസ്​സി പരിശീലനത്തിനു ചേർന്നും സ്വന്തമായും പഠിച്ചുവരുന്നു. ചിലർ നാട്ടിലെ ഓൺലൈൻ ക്ലാസുകളിൽ ചേർന്നും പരിശീലനം തുടരുന്നു. യുഎഇയിൽ അബുദാബി മലയാളി സമാജത്തിൽ നടത്തിയിരുന്ന പിഎസ്​സി പരിശീലനത്തിനു 2 ബാച്ചുകളിലായി 27 പേരുണ്ടായിരുന്നു. കോവിഡ് നിയന്ത്രണം മൂലം സമാജം അടച്ചതോടെ ശേഷിച്ച ക്ലാസുകൾ ഓൺലൈനിൽ പൂർത്തിയാക്കി.

പുതിയ ബാച്ച് തുടങ്ങിയിട്ടില്ല. വിമാന ടിക്കറ്റിനു വൻതുക മുടക്കി നാട്ടിൽ പോയി പിഎസ്​സി പരീക്ഷ എഴുതുകയാണു മുൻപു ചെയ്തിരുന്നത്. നിലവിൽ യാത്രാവിലക്കുള്ളതിനാൽ പരീക്ഷയ്ക്കുപോയാൽ തിരിച്ചുവരാൻ കഴിയില്ല.  ഇതുമൂലം പല ഉദ്യോഗാർഥികൾക്കും പരീക്ഷയ്ക്ക് ഹാജരാകാൻ സാധിക്കുന്നില്ല. യാത്രയിലെ അനിശ്ചിതത്വം മൂലം ഒന്നര വർഷത്തിനിടെ നടന്ന വിവിധ പിഎസ്​സി പരീക്ഷകൾക്ക് ഹാജരാകാൻ സാധിക്കാത്ത ഒട്ടേറെ പേർ നിരാശരാണ്.

പ്രായപരിധി കഴിയുമ്പോഴേക്കും റാങ്ക് ലിസ്റ്റിലും ജോലിയിലും ഇടംപിടിക്കാൻ നെട്ടോട്ടമോടുന്ന ഇവരുടെ സാധ്യതകളാണ് മങ്ങുകയാണ്. യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്തുന്ന മാതൃകയിൽ സംസ്ഥാന സർക്കാരിന് പിഎസ്​സി പരീക്ഷ കൂടി നടത്താവുന്നതാണെന്ന് അബുദാബിയിലെ പിഎസ്​സി പരീക്ഷാ പരിശീലനകനും മലയാളം മിഷൻ കോഓർഡിനേറ്ററുമായ എ.പി അനിൽകുമാർ പറഞ്ഞു. ഇവിടെയുള്ള ആയിരക്കണക്കിനു വിദ്യാർഥികൾക്കും ഇതു ഗുണകരമാകും. എൽഡിസി പോലുള്ള പരീക്ഷ എഴുതാൻ സാധിക്കാത്തതിൽ ഏറെ പേർ നിരാശരാണ്. ഇവിടെ ഒരു സെന്റർ തുടങ്ങിയാൽ അത് ഒട്ടേറെ പേർക്കു ഗുണം ചെയ്യും.

ഉദ്യോഗാർഥികൾ പറയുന്നു...

∙ പ്രായപരിധി കഴിയുന്നതിനു മുൻപ് ജീവിതത്തിലെ അവസാന പരീക്ഷ എഴുതാനുള്ള സാധ്യതയാണ് കോവിഡ് ഇല്ലാതാക്കിയത്. മാർച്ച്, ജൂലൈ തീയതികളിലെ പ്രിലിമിനറി എഴുതാൻ സാധിച്ചില്ല. കോവിഡ് സാഹചര്യത്തിൽ പ്രിലിമിനിറി ഒഴിവാക്കി സെപ്റ്റംബറിലെ പരീക്ഷ എഴുതാൻ യുഎഇയിൽ തന്നെ അവസരം ഒരുക്കണം-ചിത്ര ഡെന്നി, കൂർക്കഞ്ചേരി തൃശൂർ  

∙ മക്കളെ യുഎഇയിലാക്കി ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രം നാട്ടിൽ പോയി പരീക്ഷ എഴുതി തിരിച്ചുവരുമായിരുന്നു. യാത്രാ വിലക്കുമൂലം ഇപ്പോൾ അതിന് സാധിക്കുന്നില്ല. യഥാസമയം തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുകയും ചെയ്യും-നിസാന എം.എ. ഗുരുവായൂർ

∙ ദുബായിലെ ജോലി കഴിഞ്ഞ് അബുദാബിയിലെത്തി ഭാര്യയെയും കൂട്ടി പിഎസ്​സി പരിശീലനത്തിന് എത്തിയത് പ്രായപരിധിക്കു മുൻപ് സർക്കാർ ജോലിയിൽ കയറിപ്പറ്റാനായിരുന്നു. പക്ഷേ കോവിഡ് എല്ലാം തട്ടിത്തെറിപ്പിച്ചു. പ്രായപരിധിയിൽ പ്രവാസികൾക്ക് ഇളവ് നൽകുകയും ഇവിടെ പരീക്ഷാ കേന്ദ്രം തുടങ്ങുകയും ചെയ്താൽ കുറേ പേർക്ക് അനുഗ്രഹമാകും-ഷിബു ദാമോദരൻ, കേച്ചേരി.

English Summary:  expats students request PSC exam centre in UAE.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com