ADVERTISEMENT

ദുബായ് ∙ ബസ് ഷെഡ്യൂളുകളും മറ്റും പുനക്രമീകരിക്കാനും ഇടവേളകൾ കുറയ്ക്കാനും സഹായിക്കുന്ന സാങ്കേതിക വിദ്യകളുടെയും നിർമിത ബുദ്ധിയുടെയും സഹായത്തോടെ കോവിഡ് പൂർവ സ്ഥിതിയിലേക്ക് എത്താൻ ആർടിഎ.

അൽഖൂസിൽ റിമോട്ട് ബസ് പെർഫോമൻസ് മോണിറ്ററിങ് സെന്ററും സിറ്റി ബ്രെയിൻ സംവിധാനവുമാണു ബസ് സർവീസ് കൂടുതൽ പ്രയോജനപ്രദമാക്കുന്നത്. ഈ സംവിധാനങ്ങൾ ഉപയോഗിച്ചതു മൂലം കോവിഡിന് മുൻപുണ്ടായിരുന്ന സ്ഥിതിയുടെ 70% എന്ന നിലയിലേക്ക് യാത്രക്കാരുടെ എണ്ണം എത്തിക്കാൻ സാധിച്ചതായി ആർടിഎ ഡയറക്ടർ ജനറലും ചെയർമാനുമായ മതർ മുഹമ്മദ് അൽ തായർ വ്യക്തമാക്കി. അനാവശ്യമായി അധിക ദൂരം വാഹനം ഓടുന്നത് 18% കുറച്ചു.

ബസ് കൃത്യ സമയത്ത് എത്തിച്ചേരുന്നത് 6% വർധിപ്പിക്കാനായി. കാർബൺ വമനം 34 മെട്രിക് ടൺ കുറച്ചതായും അദ്ദേഹം പറഞ്ഞു. ആർടിഎ അടുത്തിടെ ആരംഭിച്ച അൽ ഗുബൈബ, അൽ ജാഫിലിയ, എത്തിസലാത്ത്, യൂണിയൻ, ഊദ്മേത്ത, അൽ സത് വ എന്നീ ബസ് സ്റ്റേഷനുകളിൽ അതിവിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും തായർ പറഞ്ഞു. 

ആർടിഎയുടെ 2 പദ്ധതികൾ

ബസ് സർവീസിന്റെ ബ്രെയിൻ

അലിബാബ ക്ലൗഡുമായി ചേർന്ന് ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) നടപ്പാക്കിയ സിറ്റി ബ്രെയിൻ സംവിധാനം നഗരത്തിലെ ഗതാഗത സംവിധാനം ക്രമീകരിക്കുന്നു. നോൾ കാർഡിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് ഏത് റൂട്ടിലാണ് കൂടുതൽ ആളുകൾ ഉള്ളത്, അവിടെ ആവശ്യത്തിന് ബസ് ഉണ്ടോ എന്നെല്ലാമുള്ള വിവരങ്ങൾ മനസ്സിലാക്കിയാണു പ്രവർത്തനം. അതനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കാം. ഇങ്ങനെ ബസിലെ യാത്രക്കാരുടെ എണ്ണം 17% വർധിപ്പിക്കാം. കാത്തിരിപ്പ് സമയം 10 ശതമാനവും യാത്രാസമയം 5 ശതമാനവും കുറയ്ക്കാനും സാധിക്കും.

ബസുകളെ നിരീക്ഷിക്കാൻ കേന്ദ്രം

ഫാംകോയുമായി ചേർന്നാണ് അൽഖൂസിലെ ബസ് ഡിപ്പോയിൽ റിമോട്ട് ബസ് പെർഫോമിങ് മോണിറ്ററിങ് സെന്റർ തുറന്നത്. ആർടിഎയുടെ പുതിയ 516 വോൾവോ ബസുകളിലും ഘടിപ്പിച്ചിട്ടുള്ള ടെലിമാറ്റിക് സംവിധാനവുമായി ഇതിന് ബന്ധപ്പെടാം. യന്ത്രത്തിന്റെ പ്രവർത്തനം സംബന്ധിച്ച് 47 തരം മുന്നറിയിപ്പുകളും ഇന്ധന ഉപയോഗവും സുരക്ഷാ ഉപകരണങ്ങളുടെ കാര്യക്ഷമതയും എല്ലാം സംബന്ധിച്ച വിവരങ്ങളും ഇതിലൂടെ ലഭിക്കും. ഇന്ധന ഉപയോഗത്തിൽ 5% കുറവ് വരുത്താൻ കഴിയും. ഡ്രൈവർമാരുടെ കാര്യക്ഷമതയും അറിയാം. ഇങ്ങനെ ഉപയോക്താക്കളുടെ സന്തോഷവും വർധിപ്പിക്കാൻ സാധിക്കുമെന്ന് അൽ തായർ ചൂണ്ടിക്കാട്ടി.

English Summary: RTA uses artificial intelligence, high-tech to improve bus services.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com