ADVERTISEMENT

കുവൈത്ത് സിറ്റി∙ ഓഗസ്റ്റ് 1 മുതൽ യാത്രാവിലക്ക് നീങ്ങുമെങ്കിലും ഇന്ത്യയിൽ നിന്നുള്ളവർക്ക് കുവൈത്തിലേക്ക് നേരിട്ടുള്ള യാത്ര സാധ്യമാകുമോ എന്നതിൽ അവ്യക്തത. നിബന്ധനകൾക്ക് വിധേയമായി വിദേശികൾക്ക് പ്രവേശനം അനുവദിക്കാൻ കുവൈത്ത് തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ തീരുമാനത്തിൽ ഇന്ത്യയെക്കുറിച്ച് പരാമർശമില്ല. നിലവിൽ ഇന്ത്യയുൾപ്പെടെ 30ലേറെ രാജ്യങ്ങൾ യാത്രാവിലക്കുള്ള പട്ടികയിലുണ്ട്. കോവിഡ് വ്യാപനം കൂടുതലാണ് എന്നതിനാലാണ് വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം ഈ പട്ടികയിൽ‌പ്പെട്ട മൊറോക്കോ, മാലിദ്വീപ് എന്നിവിടങ്ങളിൽനിന്ന് നേരിട്ടുള്ള യാത്രയ്ക്ക് അനുമതി നൽകി.

പട്ടികയിലുള്ള ഈജിപ്‌റ്റിൽനിന്ന് നേരിട്ടുള്ള യാത്ര അനുവദിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയുൾപ്പെടെ മറ്റ് രാജ്യങ്ങളെക്കുറിച്ച് പരാമർശമില്ല. അതിനാൽ നേരിട്ടുള്ള യാത്ര സാധ്യമാകുമോ ഇല്ലെയോ എന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്. ഇന്ത്യയുൾപ്പെടെ പട്ടികയിലെ ബാക്കി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മറ്റൊരു രാജ്യത്ത് തങ്ങിയ ശേഷം കുവൈത്തിൽ പ്രവേശിക്കാനാകുമെന്നാണ് കരുതുന്നത്. അതേസമയം നേരിട്ടായാലും മറ്റു രാജ്യങ്ങൾ വഴിയായാലും കുവൈത്തിൽ പ്രവേശിക്കുന്നതിന് നേരത്തെ ഏർപ്പെടുത്തിയ ഉപാധികളിൽ മാറ്റമുണ്ടാകില്ല.

സാധുതയുള്ള ഇഖാമ, കുവൈത്ത് അംഗീകരിച്ച ഫൈസർ, മൊഡേണ, ആസ്ട്രസെനിക വാക്സീൻ 2 ഡോസോ ജോൺസൺ ആൻഡ് ജോൺസൺ 1 ഡോസോ എടുത്തിരിക്കണം, 72 മണിക്കൂർ സമയപരിധിയുള്ള പിസി‌ആർ പരിശോധനാ റിപ്പോർട്ട്, കുവൈത്തിൽ എത്തി 3 ദിവസത്തിനകം പിസി‌ആർ പരിശോധന എന്നിവയാണ് ഉപാധികൾ. ഇലക്ട്രോണിക്സ് വാക്സീൻ സർട്ടിഫിക്കറ്റ് മാത്രമേ സ്വീകാര്യമാകൂ. കുവൈത്ത് അധികൃതർക്ക് സ്കാൻ ചെയ്യാൻ കഴിയുന്ന ക്യു‌ആർ കോഡ് സഹിതമാകണം വാക്സീൻ സർട്ടിഫിക്കറ്റ്.

കടലാസ് സർട്ടിഫിക്കറ്റ് സ്വീകരിക്കില്ല. 14 ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാ‍റൻ‌റീൻ എന്ന ഉപാധിയോടെ ഗാർഹിക തൊഴിലാളികൾക്ക് പ്രവേശനം നൽകും. വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർക്ക് നേരിട്ടുള്ള പ്രവേശനം സാധ്യമാക്കും. ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രാലയം അത് സംബന്ധിച്ച നടപടികൾ ക്രമീകരിക്കും. സ്വദേശികൾക്ക് രാജ്യത്തിന് പുറത്ത് പോകുന്നതിന് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഇല്ല. 75 കഴിഞ്ഞവർക്ക് യാത്രാനിരോധനം ഏർപ്പെടുത്തുമെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com