ADVERTISEMENT

ദുബായ് ∙ സാദാ കാർ ആണെങ്കിലും റോൾസ് റോയ്സ് ആണെങ്കിലും വിവേചനം കാണിക്കാതെ സുദീപ് കോശി പറയും: നാം കൂട്ടുകാർ, നമുക്ക് കൂട്ട് കാർ. കോട്ടും സ്യൂട്ടും പത്രാസും കാണിച്ച് വാഹനങ്ങളെ പരിചയപ്പെടുത്തുന്ന രാജ്യാന്തര യു ട്യൂബർമാർക്കിടയിൽ മുണ്ടും ജൂബയുമടക്കമുള്ള സാധാരണ വേഷം ധരിച്ച്, കുടചൂടിയെത്തിയ ദുബായിലെ ഇൗ മലയാളി ഇങ്ങനെ പലവിധത്തിൽ വ്യത്യസ്തനാണ്. സുദീപ് കോശി ആട്ടോമോട്ടീവ് ബ്ലോഗിങ് എന്ന യു ട്യൂബ് ചാനൽ വഴി വാഹനങ്ങൾ റിവ്യൂ ചെയ്യാൻ തുടങ്ങിയിട്ട് ഒരു ദശാബ്ദം പൂർത്തിയാകുന്നു. 

ഇതിനകം നൂറിലേറെ മോഡലുകൾ വാഹനപ്രിയർക്ക് പരിചയപ്പെടുത്തി. കഴിഞ്ഞ വിഷുവിന് മുണ്ടും ജൂബയും ധരിച്ചെത്തി നടത്തിയ റോൾസ് റോയ്സ് വിവരണം ഏറെ ശ്രദ്ധേയമായി. റോൾസ് റോയ്സിനെ അപമാനിക്കുകയാണോ ഉദ്ദേശ്യം?–ഇതുകണ്ട് ചിലർ തന്നോട് നേരിട്ടും സമൂഹമാധ്യമം മുഖേനയും ആരാഞ്ഞതായി എറണാകുളം സ്വദേശിയായ സുദീപ് പറയുന്നു. പക്ഷേ, കാർപ്രേമികളായ മലയാളികൾക്ക് ആ വരവ് നന്നേ ബോധിച്ചിരുന്നു. കാറുകൾ സുദീപിന് റിവ്യൂ നടത്താനുള്ള വെറുമൊരു യന്ത്രമല്ല, ഒരു കൂട്ടുകാരൻ തന്നെയാണ്. ഏത് യാത്രയിലും കരുതലോടെ യാത്രക്കാരെയും വാഹനമോടിക്കുന്നവരെയും കാക്കുന്ന, ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന, ഹൃദയത്തോട് ചേർത്ത് നിർത്താവുന്ന ഒരു കൂട്ട്.

sudeep-koshy-car-reviews2

ഡ്രൈവ് മി ഒാൺലൈൻ ഡോട് കോമിന് 2011 ജൂലൈയിലാണ് തുടക്കമിട്ടത്. ഇതുവരെ 400 ഓളം കാറുകൾ റിവ്യൂ ചെയ്തു. കേരളത്തിന് പുറത്ത് നിന്നിറങ്ങുന്ന ആദ്യത്തെ മലയാളം കാർ റിവ്യൂ ചാനൽ എന്ന് വിശേഷിപ്പിക്കാവുന്ന സുദീപ് കോശി റിവ്യൂസ് ഡ്രൈവ് മി ഓൺലൈനിന്റെ തന്നെ മലയാളം സംരംഭമാണ്. 2016-ൽ അത് തുടങ്ങുമ്പോൾ ഇത്തരമൊന്ന് കേരളത്തിന് പുറത്ത് നിന്ന് ഇല്ലായിരുന്നു. ഇപ്പോഴും ആ ഗണത്തിൽപ്പെട്ട ശ്രദ്ധേയമായ വ്ലോഗ് ഇത് തന്നെയാണ്. സ്വന്തം കാറോ അല്ലെങ്കിൽ അപൂർവ്വമായി ലഭിക്കുന്ന വ്യത്യസ്തമായ ഏതെങ്കിലും കാറോ സന്ദർഭവശാൽ വല്ലപ്പോഴും ചെയ്യുന്ന ഒറ്റപ്പെട്ട ശ്രമങ്ങളല്ലാതെ തുടർച്ചയായി ഈ റിവ്യൂവുകൾ ചെയ്യാൻ ആർക്കും ബുദ്ധിമുട്ടാണെന്ന് സുദീപ് പറയുന്നു. കാരണം ഇതിന്റെ പ്രായോഗികതയും സാങ്കേതികതയും തന്നെ. റിവ്യൂ ചെയ്യാൻ പുതിയ കാറുകൾ ലഭ്യമാക്കുക എന്നത് തന്നെ വലിയ പ്ര യത്നം ആവശ്യമുള്ളതാണ്. 

2010 മുതൽ ദുബായിലെ ഓട്ടോമോട്ടീവ് മേഖലയിൽ നിൽക്കുന്ന ആളെന്ന നിലയിലാണ് ഇത് ഇദ്ദേഹത്തിന് സാധ്യമാവുന്നത്. ലോകത്ത് മറ്റെങ്ങും ദൃശ്യമാകാത്ത കാറുകളും ഏറ്റവും മുന്തിയ ബ്രാൻഡുകൾ പോലും ലഭ്യമാണ് എന്നതാണ് ഡ്രൈവ് മീ ഓൺലൈനേയും സുദീപ് കോശി റിവ്യൂസ് എന്ന മലയാളം വ്ലോഗിനെയും വേർതിരിച്ചു നിർത്തുന്നത്. 

കാറുകളുടെയും കാർ കമ്പനികളുടെയും കാഴ്ചപ്പാടിൽ നിന്ന് എന്നതിനുപരി വാങ്ങാനായി കാർ തിരഞ്ഞെടുക്കുന്നവരുടെ കണ്ണിലൂടെ കാറിനെ അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു വിജയം കണ്ടതെന്ന് സുദീപ് പറയുന്നു. കാർ പ്രേമികൾ ഡ്രൈവ് മി ഓൺലൈനിൽ നിരന്തരമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, 'ഏതാണ് മികച്ച കാർ?. ഏത് കാറാണ് മികച്ചതെന്നല്ല, ഏതാണ് താങ്കൾക്ക് അനുയോജ്യം എന്ന് ചോദിക്കൂ എന്നാണ് ഇദ്ദേഹത്തിന്റെ മറുപടി. ഓരോരുത്തരും തങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും കണക്കിലെടുത്തായിരിക്കണം ആ തിരഞ്ഞെടുപ്പ് നടത്താൻ. 

ഓരോ കാറും ആർക്കോ വേണ്ടിയുള്ള മികച്ച കാർ ആയിരിക്കും. ചിലർ സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്. എസ് യുവികൾ വളരെ കാര്യമായി വിറ്റുപോന്നത് ഇത്തരമൊരു കരുതലിന്റെ അടിസ്ഥാനത്തിലാണ്. അതുപോലെ സ്ഥല സൗകര്യം. മധ്യപൂർവദേശത്ത് ശ്രദ്ധ ചെലുത്തേണ്ട എസി പ്രവർത്തനക്ഷമത, നല്ല ഒന്നാന്തരം റോഡായിരിക്കുമ്പോഴും ഹൈവേയിൽ വ്യത്യസ്തമായി അനുഭവപ്പെടാനിടയുളള കാറ്റിന്റെ സ്വാധീനം, ഓഫ് റോഡിങ്ങിൽ വ്യത്യസ്തമായ ഭൂപ്രദേശത്തിൽ മൾട്ടി ടെറെയിൻ ടെക്നോളജിയിലൂടെ എങ്ങനെ ഡ്രൈവിങ് എളുപ്പത്തിലാക്കാം. ഇങ്ങനെ ഒട്ടേറെ പ്രത്യേകതകൾ കൂടി കണക്കിലെടുക്കുമ്പോഴാണ് അതാത് പ്രദേശത്ത് ഉള്ളവർക്ക് ഉപകരിക്കുക. 

sudeep-koshy-car-reviews

ലോകത്തെ ഏറ്റവും മികച്ച മോട്ടോർ ഷോകൾ ആയ ഫ്രാങ്ക്ഫർട്ട്, ന്യൂയോർക്ക്, ലണ്ടൻ എന്നിവയോടൊപ്പം കിടപിടിച്ചു നിൽക്കുന്ന ദുബായ് മോട്ടോർ ഷോയിലെ സ്ഥിരം സാന്നിധ്യമാണ് സുദീപ് കോശി. ഈ ഷോയുടെ പ്രത്യേകതകളിലൊന്ന് വളരെ അപൂർവ്വമായി മാത്രം കാണാൻ കഴിയാറുള്ള ആഡംബര കാറുകളിൽ പലതും അവതരിപ്പിക്കാറുണ്ട് എന്നതാണ്. 2017 ദുബായ് മോട്ടോർ ഷോയുടെ പാർട്ട്ണർമാരിലൊരാളായി ഡ്രൈവ് മീ ഓൺലൈനെ പ്രതിനിധീകരിച്ച് സുദീപുമുണ്ടായിരുന്നു. മിഡിൽ ഈസ്റ്റ് കാർ ഓഫ് ദി ഇയർ മത്സരത്തിലെ ജൂറി മെമ്പർമാരിൽ ഒരാളാണ് ഇദ്ദേഹം. 

English Summary: Sudeep koshy car reviews

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com