ADVERTISEMENT

അബുദാബി∙ അർമേനിയൻ മനോഹാരിതയിൽ അലിഞ്ഞ് പ്രവാസി മലയാളികൾ. ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് അനിശ്ചിതമായി നീളുന്നതോടെ മറ്റു രാജ്യങ്ങൾ വഴി യുഎഇയിലേക്കു വരുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നു. ഖത്തർ ക്വാറന്റീൻ നടപടി ശക്തമാക്കിയതോടെ അർമേനിയ, ഉസ്ബെക്കിസ്ഥാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങളാണ് മലയാളികൾ ഇടത്താവളമായി തിരഞ്ഞെടുക്കുന്നത്.

താരതമ്യേന ചെലവു കുറവും നടപടിക്രമങ്ങൾ എളുപ്പവുമുള്ള അർമേനിയ വഴിയാണ് കൂടുതൽ പേർ എത്തുന്നത്. അർമേനിയൻ വീസ, കൊച്ചി–ഡൽഹി, ഡൽഹി–അർമേനിയ, അർമേനിയ–യുഎഇ വിമാന ടിക്കറ്റ്, 15 ദിവസത്തെ താമസം, മൂന്നു നേരത്തെ ഭക്ഷണം പിസിആർ ടെസ്റ്റ്, ട്രാവൽ ഇൻഷൂറൻസ് ഉൾപ്പെടെ ഒരാൾക്ക് 1.2 ലക്ഷം രൂപ മുതലാണ് നിരക്ക്. അർമേനിയയിൽ താമസിക്കുന്ന ഹോട്ടലിന്റെ നക്ഷത്ര പദവി അനുസരിച്ച് നിരക്ക് 1.45 ലക്ഷം രൂപ വരെയാകും. 

തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന് കരുതുന്നവരാണ് ഗ്രീൻരാജ്യങ്ങളെ ഇടത്താവളമാക്കി യുഎഇയിലെത്തുന്നത്. ഇതുവരെ ബാച്ചിലേഴ്സ് ആണ് കൂടുതലായി എത്തിയിരുന്നതെങ്കിൽ ഈ മാസം 29ന് സ്കൂൾ തുറക്കുന്നതിനാൽ നാട്ടിൽ കുടുങ്ങിയ കുടുംബങ്ങളും ഈ വഴി തിരഞ്ഞെടുത്തു തുടങ്ങി. വിദേശ രാജ്യങ്ങളിലെയും യുഎഇയിൽ എത്തിയാലുമുള്ള ക്വാറന്റീൻ മുന്നിൽ കണ്ടാണ് കുടുംബങ്ങൾ നേരത്തെ യാത്ര പുറപ്പെടുന്നത്. ആവശ്യക്കാർ കൂടുതലായതോടെ വിവിധ ട്രാവൽ ഏജൻസികൾ ആകർഷക പാക്കേജുമായി രംഗത്തുണ്ട്.

vijin-kerala-uae

കാലാവധിയുള്ള യുഎഇ വീസയുള്ളവരെയാണ് പരിഗണിക്കുന്നത്. രേഖകളും പണവും നൽകിയാൽ 3–6 ദിവസത്തിനകം നടപടി പൂർത്തിയാക്കി യാത്ര പുറപ്പെടാമെന്ന് ഈ രീതിയിൽ യുഎഇലെത്തിയ എടപ്പാൾ സ്വദേശിയും അബുദാബി ഹസ്സാനി ഗ്രൂപ്പ് ഓഫ് കമ്പനി മാർക്കറ്റിങ് സ്പെഷ്യലിസ്റ്റുമായ വിജിൻ അരവിന്ദ് പറഞ്ഞു. യെരവൻ വിമാനത്താവളത്തിൽ എത്തുന്ന വിദേശികളെ പ്രാദേശിക ടൂറിസ്റ്റ് ഏജന്റ് സ്വീകരിച്ച് ബന്ധപ്പെട്ട ഹോട്ടലിലേക്കു എത്തിക്കുകയായിരുന്നു. 

ആവശ്യക്കാർക്ക് പ്രാദേശിക ടൂർ ഓപ്പറേറ്റർമാരുമായി സഹകരിച്ച് സ്ഥലം കാണാനും അവസരമുണ്ട്. ഒന്നര വർഷത്തോളം മാസ്കും അകലവും പാലിച്ച് കഴിഞ്ഞ മലയാളികൾക്ക് യെരവനിലെ കാഴ്ച അത്ഭുതപ്പെടുത്തിയതായി വിജൻ പറഞ്ഞു. കോവിഡ് കുറഞ്ഞ അർമേനിയയിൽ മുഖാവരണമില്ലാതെ സ്വതന്ത്രമായാണ് ജനങ്ങൾ ഇടപഴകുന്നത്. എങ്കിലും സ്വന്തം സുരക്ഷിതത്വം ഓർത്ത് മാസ്ക് ഊരാതെയായിരുന്നു മലയാളി സംഘത്തിന്റെ യാത്ര. ഫോട്ടോ എടുക്കാൻ മാത്രമാണ് മാസ്ക് ഊരിയത്. 

18 അംഗ മലയാളി സംഘങ്ങൾ ചേർന്ന് അർേമനിയയില ടൂറിസ കേന്ദ്രങ്ങളും സന്ദർശിച്ചാണ് മടങ്ങിയത്. വിദേശ യാത്രയിലെ ആശങ്കളെല്ലാം അർമേനിയയിൽ എത്തിയപ്പോൾ ഇല്ലാതായതായും പറഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് താരതമ്യേന കുറവാണ്. ഹോട്ടലിൽ മാത്രം കഴിയുന്നവർക്ക് പാക്കേജിനപ്പുറത്തേക്ക് ചെലവുണ്ടാകില്ല. അർമേനിയൻ ട്രിപ്പിലെ സുഹൃത്തുക്കളെല്ലാം ചേർന്ന് വാട്ട്സാപ്പ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. ഭാവിയിൽ ഒരുമിച്ചുള്ള യാത്ര ഉൾപ്പെടെ ആസൂത്രണം ചെയ്യാനും പദ്ധതിയുണ്ട്.

ശ്രദ്ധിക്കാൻ

അർമേനിയ നിലവിൽ യുഎഇയുടെ ഗ്രീൻ പട്ടികയിലുള്ള രാജ്യമാണ്. അതുകൊണ്ടുതന്നെ ഇവിടന്നുള്ള യാത്രയ്ക്കു ഇപ്പോൾ തടസ്സമില്ല. കോവിഡ് തീവ്രതയനുസരിച്ച് എപ്പോൾ വേണമെങ്കിലും ഇത് മാറാമെന്ന് മനസ്സിൽ കണ്ടുവേണം യാത്ര തിരിക്കാൻ. യാത്രയ്ക്കിടയിൽ കോവിഡ് പിടിപെട്ടാൽ ക്വാറന്റീൻ കാലയളവും അധിക ചെലവും മുൻകൂട്ടി കാണണമെന്നും വിജിൻ അരവിന്ദ് ഓർമിപ്പിച്ചു. ചെലവിനുള്ള തുക ഡോളറിലേക്കോ ദിർഹത്തിലേക്കോ മാറ്റുന്നത് ഉചിതമാകും. സന്ദർശക വീസക്കാർ വരാതിരിക്കുന്നതാണ് ഉചിതം. യാത്രക്കാർ സ്വന്തം വീസയുടെയും പാസ്പോർട്ടിന്റെയും കാലാവധി ഉറപ്പുവരുത്തിയാൽ യാത്രയിൽ മറ്റു പ്രതിബന്ധങ്ങൾ ഉണ്ടാകില്ലെന്നും പറഞ്ഞു.

English Summary: Armenia becomes quarantine hub for hundreds of Indians returning to the UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com