മലയാളികൾക്ക് വീണ്ടും വമ്പൻ ഭാഗ്യം; നറുക്കെടുപ്പിൽ 23 കോടി രൂപ സമ്മാനം

Thahir-big-ticket
SHARE

അബുദാബി ∙ ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിൽ കാസർകോട് സ്വദേശിക്കും നാല് സുഹൃത്തുക്കൾക്കും 23 കോടിയിലേറെ രൂപ (12 ദശലക്ഷം ദിർഹം) സമ്മാനം. റാസൽഖൈമയിൽ താമസിക്കുന്ന കാസർകോട് ഉപ്പള ബൈദല സ്വദേശി താഹിർ മുഹമ്മദാണ് ഒന്നാം സമ്മാനം നേടിയത്. ഇതോടൊപ്പം നടന്ന, ബിഗ് ടിക്കറ്റിലെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം അടക്കം നാല് നറുക്കെടുപ്പുകളിലും വിജയികളായത് ഇന്ത്യക്കാരാണ്.

കഴിഞ്ഞ മാസം 30ന് എടുത്ത 027700 എന്ന ടിക്കറ്റാണ് താഹിറിനെയും സഹപ്രവർത്തകരെയും കോടീശ്വരന്മാരാക്കിയത്. മാതാവിനോടും ഭാര്യ, രണ്ട് മക്കൾ എന്നിവരോടുമൊപ്പം വർഷങ്ങളായി റാസൽഖൈമയിലാണ് താഹിർ താമസിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇദ്ദേഹവും സംഘവും ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം നടത്തിവരുന്നു. 

Thahir-big-ticket1

ഇന്നലെ നടന്ന നറുക്കെടുപ്പ് തത്സമയം കണ്ടിരുന്നില്ലെങ്കിലും ഒരു കൂട്ടുകാരൻ കണ്ട് സമ്മാനം നേടിയ വിവരം താഹിറിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സമ്മാനത്തുക അഞ്ച് പേർ തുല്യമായി പങ്കിടുമെന്നും എന്നാൽ തനിക്ക് ലഭിക്കുന്ന പണം എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇൗ യുവാവ് പറഞ്ഞു.

രണ്ടാം സമ്മാനമായ 10 ദശലക്ഷം ദിർഹം  നൈന മുഹമ്മദ് റഫീഖിനാണ്. ഒരു ലക്ഷം ദിർഹം സമ്മാനത്തുകയുള്ള മൂന്നാം സമ്മാനം പി.വി.സജിത് കുമാറും നാലാം സമ്മാനം (80,000 ദിർഹം) ഹാരെൻ ജോഷിയും ആറാം സമ്മാനം (40,000) ഹഫ്സൽ പരളത്തും നേടി. നേരത്തെ അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് എന്നറിയപ്പെട്ടിരുന്ന ബിഗ് ടിക്കറ്റ് എല്ലാ മാസവും മൂന്നാം തിയതിയാണ് നറുക്കെടുക്കുന്നത്. 

English Summary: Big Ticket Abu Dhabi kerala man wins Dh12 million

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS