ADVERTISEMENT

ദുബായ് ∙ ആരെയും ആരാധകരാക്കുന്ന രുചിക്കൂട്ടുകളുടെ ‘രസ’തന്ത്രമൊരുക്കി എക്സ്പോയിൽ പാക്ക് 'ധാബ'. കറാച്ചി, പെഷവാറി, ലാഹോറി ടിക്കയിൽ തുടങ്ങി തന്തൂരിയും കബാബും കടന്നാണ് രുചികളുടെ പടയോട്ടം. വയറും തിരുമ്മി ആരും സമ്മതിക്കും, കഴിച്ചതൊന്നുമല്ല 'കയ്യിലിരിപ്പുകൾ'.

വിഭവങ്ങളുടെ കലവറയായ ധാബയും പരമ്പരാഗത ഉൽപന്നങ്ങളുടെ വിപണിയായ ബസാറും പാക്കിസ്ഥാനി നഗരക്കാഴ്ചകളിലേക്കാണ് സന്ദർശകരെ കൂട്ടിക്കൊണ്ടുപോകുക. അതിരുകളില്ലാത്ത ലോകത്ത് ഇന്ത്യൻ അഭിരുചികൾക്കും ഒട്ടേറെയിടങ്ങൾ. ഹരം പകരുന്ന സംഗീതലോകവും കാത്തിരിക്കുന്നു. രാജ്യത്തെ വിനോദസഞ്ചാരമേഖലയെക്കുറിച്ചും അറിയാനാകും.

കബാബിൽ 'കടലിരമ്പം'

kabab
പാക്കിസ്ഥാനി വിഭവം.

പതിറ്റാണ്ടുകൾ പിന്നിട്ട മുഗൾ രുചിക്കൂട്ടുകളുടെ സ്വാധീനമുള്ള പാക്ക് കബാബുകൾ രുചിക്കാത്തവർ ഗൾഫ് മേഖലയിലില്ല.   കബാബിൽ ഇന്ത്യൻ, പഠാൻ, പാക്കിസ്ഥാൻ, തുർക്കി തനിമകൾ ആസ്വദിക്കാം. ഹരിയാലി കബാബ്, സമുദ്രി കബാബ് എന്നിങ്ങനെ സകല കബാബുകളും അവതരിപ്പിക്കാനാണ് പാക്കിസ്ഥാനി പാചകവിദഗ്ധരുടെ തയാറെടുപ്പ്.

പാക്കിസ്ഥാനിലെ ഓരോ നഗരത്തിലും രുചിക്കൂട്ടുകളിൽ വ്യത്യാസമുണ്ടാകും. ഇതെല്ലാം കഴിച്ചുതീർക്കാനുള്ള അപൂർവ അവസരമാണ് ഒരുങ്ങുന്നത്. പേരുപോലെ തന്നെ മത്സ്യപ്രിയർക്കുള്ളതാണ് സമുദ്രി കബാബ്. അയക്കൂറ, കൂന്തൽ, ചെമ്മീൻ എന്നിവയാണ് ഇതിലെ മുഖ്യതാരങ്ങൾ.

പച്ചക്കറി ഇഷ്ടപ്പെടുന്നവർക്കുള്ള സ്പെഷൽ കബാബാണ് ഹരബര. മുർഗ്-പാലക്, പൊട്ടറ്റോ മഷ്റൂം, ചട്പട്ടി കോക്കനട്ട്, ഗലൌട്ടി, രാജ്മ, പ്യാസി, ചാപ്ലി എന്നിങ്ങനെ കബാബുകൾ തീരുന്നില്ല.

മാമ്പഴം കഴിക്കാൻ ഒരു ദിവസം

പാനീയങ്ങൾ, ഖീറുകൾ (പായസം), ഫ്രൂട്ട് സാലഡുകൾ എന്നിവയ്ക്കു പ്രത്യേക മേഖലകളുണ്ടാകും. മാമ്പഴ വിഭവങ്ങളുടെ ആറാട്ട് പ്രതീക്ഷിക്കാം. പാക്കിസ്ഥാനിൽ 225ൽ ഏറെ മാമ്പഴ ഇനങ്ങൾ ഉള്ളതായാണ് കണക്ക്. നീളം കൂടിയ സിന്ധ്രി, അൻവർ റാതോൽ, ചൗൻസ, കാലാ ചൗൻസ  എന്നിവയാണ്  പ്രധാന ഇനങ്ങൾ. മാമ്പഴ പാനീയങ്ങളും പുഡ്ഡിങ്ങുകളും കഴിക്കാൻ മാത്രമായി ഒരു ദിവസം പോകേണ്ടിവരുമെന്നാണ് സംഘാടകരുടെ അവകാശവാദം.

ഇവിടെ കയ്പും അടിപൊളി

പാക്കിസ്ഥാനും കേരളവും തമ്മിലുള്ള അകലം കരേലയ്ക്കും കേരളത്തിനുമിടയ്ക്കില്ല. കരേല അഥവാ മലയാളികളുടെ പാവയ്ക്ക കൊണ്ടുള്ള പാക്കിസ്ഥാനി വിഭവങ്ങൾ പ്രസിദ്ധമാണ്. റൊട്ടിക്കും പൊറോട്ടയ്ക്കുമൊപ്പം മസാലക്കറിയായാണ് അവതരിക്കുക. തോരന്റെ അപരനെയും കാണാം. കയ്പ്  ആസ്വാദ്യകരമാക്കുന്ന അപാര രുചിക്കൂട്ടുകളാണ് ഇവയിലുള്ളത്. സവാള, എരിവുകുറഞ്ഞ മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ജീരകം എന്നിവയാണ് ചേരുവകൾ. കടുകെണ്ണ, നിലക്കടല എണ്ണ എന്നിവ ഉപയോഗിച്ചാണു പാചകം.

പാക്കിസ്ഥാന്റെ രഹസ്യനിധി

11.2 കോടി ദിർഹം ചെലവിൽ 35,000 ചതുരശ്ര അടിയിലൊരുക്കിയ പവിലിയനിൽ സംഗീതം, സിനിമ, കായികം എന്നിവയ്ക്കു പ്രത്യേക മേഖലകൾ ഒരുക്കിയിട്ടുണ്ട്. പ്രമുഖ കായിക-ചലച്ചിത്ര താരങ്ങളും ഗായകരും എത്തും. ഖവാലി ഉൾപ്പെടെയുള്ള  സംഗീത പരിപാടികളുമുണ്ടാകും. 'രഹസ്യ നിധി' എന്ന പ്രമേയത്തിലൊരുക്കിയ പവിലിയനിലെ ഓരോ കാഴ്ചയും സന്ദർശകർക്കു പുതുമകൾ സമ്മാനിക്കുമെന്ന് പാക്കിസ്ഥാൻ സ്ഥാനപതി അഫ്സൽ മഹ്മൂദ് പറഞ്ഞു.

English Summary: About Pakistan pavilion in Expo 2020 Dubai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com