sections
MORE

പര്‍വതാരോഹണത്തിലൂ‌ടെ ശാന്തിയുടെ സന്ദേശം പകര്‍ന്ന് സഈദ്

memari2
SHARE

ഫുജൈറ ∙ ലോകത്തിന് സമാധാനത്തിന്റെ മഹാ സന്ദേശം പകരാന്‍ ലോകപ്രശസ്ത പര്‍വതാരോഹകൻ സഈദ് അല്‍ മെമാരി ലോകത്തെ ഏറ്റവും ഉയർന്ന പർവതങ്ങൾ കയറാനൊരുങ്ങുന്നു. 'ദ് പീക് ഫോര്‍ പീസ് മിഷന്‍' എന്ന് പേരിട്ട പദ്ധതിയിലൂടെയാണ് ലോകത്തിന് സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും മഹത്തായ മാതൃകകള്‍ സമ്മാനിച്ച, യുഎഇ സ്വദേശിയായ അൽ മെമാരി പര്‍വതാരോഹണത്തിലൂ‌ടെ ശാന്തിയുടെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം പകരുക. ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖി ഈ സംരംഭത്തെ പിന്തുണയ്ക്കുന്നു. 

എവറസ്റ്റ് കൊടുമുടിയും രണ്ടു തവണ കെ2 പര്‍വത ശൃംഗവും തൊട്ട ആദ്യ യുഎഇക്കാരന്‍ എന്ന ഖ്യാതിയുള്ള  ഫുജൈറ അഡ്വഞ്ചേഴ്‌സ് സ്ഥാപകന്‍ കൂടിയായ, അല്‍മെമാരിയെ ഹാദി എക്‌സ്‌ചേഞ്ച് ആദരിച്ചു. അൽമെമാരിയെ പോലുള്ള വ്യക്തിത്വങ്ങളെ പിന്തുണക്കാനും ആദരിക്കാനുമുള്ള പരിശ്രമത്തിന്റെ ഭാഗമായി സമാധാനത്തിന്റെയും സ്‌ഥൈര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിന് ഫുജൈറ അഡ്വഞ്ചേഴ്‌സ്, പീക്ക് ഫോര്‍ പീസ് മിഷന്‍ എന്നിവയുമായി കൈ കോര്‍ക്കാന്‍ ആഗ്രഹിക്കുന്നതായി ഹാദി എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ആല്‍ബിന്‍ തോമസ് പറഞ്ഞു. 

'ദ് പീക് ഫോര്‍ പീസ് മിഷന്‍'

ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചുമുള്ള നിഷേധാത്മക ചിന്തകള്‍ മാറ്റുകയും സമാധാനത്തിന്റെ ഇടമായ യുഎഇയിൽ നിന്നു ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സ്‌നേഹവും സമാധാനവും നിറഞ്ഞ സഹിഷ്ണുതയുടെ സന്ദേശം പ്രചരിപ്പിക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് യുഎഇയിലെ ഉന്നതാധികൃതരുടെ നിര്‍ദേശ പ്രകാരം ഈ ദൗത്യം നടപ്പാക്കുന്നത്. ലോകമെമ്പാടുമുള്ള കാലാവസ്ഥയെയും രാഷ്ട്രീയ സാഹചര്യങ്ങളെയും ആശ്രയിച്ച് 246 ആഗോള കൊടുമുടികളില്‍ 67 കൊടുമുടികളില്‍ ഇതു വരെ ഇദ്ദേഹത്തിന് എത്തിച്ചേരാന്‍ സാധിച്ചിട്ടുണ്ട്.

അദ്ഭുത സാഹസികന്‍

വിക്കിപീഡിയ പുറപ്പെടുവിച്ച ആഗോള പര്യവേക്ഷകരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ ഇമാറാത്തി സാഹസികനാണ് അല്‍മെമാരി. 'എക്‌സ്പ്‌ളോറര്‍ ഗ്രാന്‍ഡ് സ്‌ളാം' എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ, ഈ പട്ടികയിലെ 43 ആഗോള സാഹസികര്‍ക്കിടയില്‍ 37-ാം സ്ഥാനവും അദ്ദേഹത്തിനാണ്.

memari1

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏഴ് കൊടുമുടികള്‍ കയറുന്ന ആദ്യ ഇമാറാത്തി സാഹസികന്‍ കൂടിയായ അല്‍ മെമാരി, സാഹസികതയും വെല്ലുവിളികളും ഇഷ്ടപ്പെടുന്നവര്‍ക്ക് നായകനാണ്. 

ഹിമാലയത്തിലേക്കുള്ള ആദ്യ യാത്രയിലൂടെ പര്‍വതാരോഹണത്തോടുള്ള സ്‌നേഹം നാമ്പിട്ടു. എവറസ്റ്റ് കൊടുമുടിയെന്ന ഏറ്റവും വലിയ കൊടുമുടിയുടെ മഹാ ഉയരത്തിലേക്ക് അദ്ദേഹം കണ്ണുവച്ചു. എവറസ്റ്റ് കൊടുമുടി കയറാനും യുഎഇയുടെ ദേശീയ പതാക ഉയര്‍ത്താനുമുള്ള ഒരു ദൗത്യത്തില്‍ അവിടെയെത്തിച്ചേരുകയും ഒടുവില്‍ അത് സാക്ഷാത്കരിക്കുകയും ചെയ്തു. ആ നിമിഷത്തിന് ശേഷം ഒരിക്കല്‍ പോലും അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട്, തുടരെത്തുടരെ ലോകമെമ്പാടുമുള്ള ഏഴ് വമ്പന്‍ കൊടുമുടികള്‍ കീഴടക്കി റെക്കോര്‍ഡുകള്‍ ഭേദിക്കാനും നിരവധി പേരെ പ്രചോദിപ്പിക്കാനും സാധിച്ചു.

സാഹസികതയിലൂടെയുള്ള സ്‌നേഹം, പര്‍വത കായിക വിനോദങ്ങള്‍, ഫ്രീജംപിങ്, ഡൈവിങ്, ഗുഹാ പ്രയാണം തുടങ്ങി ഒട്ടേറെ മറ്റു സാഹസങ്ങളിലൂടെയും കായിക ടൂര്‍ണമെന്റുകളിലൂടെയും അല്‍മെമാരി തിളങ്ങുന്നു. 

അസാധാരണ നേട്ടം; സാധാരണ ജീവിതം

ചെറുപ്പം മുതല്‍ തന്നെ അദ്ദേഹത്തിന് പര്‍വതാരോഹണം നടത്താൻ താല്‍പര്യമുണ്ടായിരുന്നു. അസാധാരണ നേട്ടങ്ങള്‍ക്കിടയിലും അതി സാധാരണ ജീവിതം നയിക്കുന്നുവെന്നതാണ് അല്‍മെമാരിയെ വ്യത്യസ്തനാക്കുന്നത്. സ്വപ്നങ്ങള്‍ എത്ര കഠിനമാണെങ്കിലും അതിനെ പിന്തുടരാനുള്ള സ്‌ഥൈര്യത്തിന്റെയും ഇച്ഛാശക്തിയുടെയും സന്ദേശം പ്രചരിപ്പിക്കുന്നതാണ്  നേട്ടങ്ങള്‍. 

അല്‍ മെമാരി തൊട്ട മഹാ ഉയരങ്ങള്‍ 

എവറസ്റ്റ് കൊടുമുടി: ഹിമാലയന്‍ പര്‍വത നിരയില്‍ നേപ്പാളിന്റെയും ചൈനയുടെയും അതിര്‍ത്തികള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് എവറസ്റ്റ്. 8,848 മീറ്റര്‍ ഉയരമുള്ള ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയുമായ എവറസ്റ്റ് 2012ലാണ് അൽ മെമാരി കീഴടക്കിയത്.

memari

ലോകത്തിലെ ഏറ്റവും അപകടമേറിയ കൊടുമുടിയായ കെ2 കയറിയ ആദ്യ ഇമാറാത്തിയായ അദ്ദേഹം 2018ലും 2021ലുമായാണ് വിജയം നേടിയത്. കാരകോറം മേഖലയിലെ ഹിമാലയ പര്‍വതത്തിനുള്ളില്‍ 8,611 മീറ്റര്‍ ഉയരത്തില്‍ ലോകത്തിലെ രണ്ടാമത്തെ ഉയര്‍ന്ന കൊടുമുടിയായ കെ2 ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലാണ് സ്ഥിതി ചെയ്യുന്നത്.

43 ആഗോള സാഹസികര്‍ക്കിടയില്‍ 37-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഏഴ് കൊടുമുടികളിലേക്കും ദക്ഷിണ, ഉത്തര ധ്രുവങ്ങളിലേക്കും എത്തിച്ചേരാന്‍ സാധിച്ചതിന്റെ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍.

അക്കോണ്‍കാഗുവ പര്‍വത ശിഖരം: തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള ഈ പര്‍വത ശിഖരത്തില്‍ 2015ലാണ് അല്‍ മെമാരി കയറിയത്. അര്‍ജന്റീനയിലെ ആന്‍ഡീസ് പര്‍വത നിരകള്‍ക്കിടയില്‍ 6,962 മീറ്റര്‍ ഉയരത്തിലുള്ള ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണിത്.

മണ്ട് മക്കിന്‍ലി (ഡെനാലി): വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള ഈ കൊടുമുടി 2013ലാണ് കയറിയത്. 6,194 മീറ്റര്‍ ഉയരത്തില്‍, അമേരിക്കയിലെ അലാസ്‌ക പര്‍വത നിരകളില്‍ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടി ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൊടുമുടിയാണ്.

മൗണ്ട് കിളിമഞ്ചാരോ: ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കിളിമഞ്ചാരോയില്‍ 2011ലാണ് കയറാന്‍ സാധിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള നാലാമത്തെ കൊടുമുടിയായ കിളിമഞ്ചാരോ 5,895 മീറ്റര്‍ ഉയരത്തില്‍, ടാന്‍സാനിയയിൽ സ്ഥിതി ചെയ്യുന്നു.

മൗണ്ട് എല്‍ബ്രസ് കൊടുമുടി: യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന ഈ കൊടുമുടിയില്‍ 2014ലാണ് കയറാന്‍ സാധിച്ചത്. 5,642 മീറ്റര്‍ ഉയരത്തില്‍, റഷ്യയിലെ കോക്കസസ് പര്‍വത നിരകളിലുളളതാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ ഈ കൊടുമുടി.

മൗണ്ട് വിന്‍സണ്‍ മാസിഫ്: എല്‍സ്‌വര്‍ത്ത് പര്‍വത പരിധിയിലുള്ള ഈ കൊടുമുടി 2013ലാണ് കയറുന്നത്. 4,892 മീറ്റര്‍ ഉയരത്തില്‍, അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയതും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആറാമത്തെ കൊടുമുടിയുമാണ് മൗണ്ട് വിന്‍സണ്‍ മാസിഫ്.

മൗണ്ട് കാര്‍സ്റ്റന്‍സ് കൊടുമുടി: ഏഷ്യ, ഓസ്‌ട്രേലിയ ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ 4,884 മീറ്റര്‍ ഉയരത്തിലുള്ള ഈ കൊടുമുടി 2014ലാണ്  കയറുന്നത്. ഇന്തോനേഷ്യയിലെ സുഡ്‌യെര്‍മാന്‍ പര്‍വതനിരകള്‍ക്കിടയില്‍, ഹിമാലയത്തിനും ആന്‍ഡീസിനും ഇടയില്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഏഴാമത്തെ കൊടുമുടിയാണിത്.

English Summary: Emirati adventurer Saeed Khamis Al Memari to climb highest peaks in 246 countries

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA