ADVERTISEMENT

ദുബായ് ∙ കീശ കാലിയാക്കാതെ എങ്ങനെ സുഖമായി ജീവിക്കാമെന്ന കുഴപ്പിക്കുന്ന ചോദ്യത്തിന് ലാറ്റിനമേരിക്കൻ രാജ്യമായ കോസ്റ്റാറിക്കയ്ക്ക് ഒറ്റയുത്തരം-കാടിനെ സ്നേഹിക്കുക!. കാടിനെ ആശ്രയിച്ചു കാടന്മാരല്ലാതെ ജീവിച്ചാൽ 'കരിപുരളാത്ത' ഭാവി സ്വന്തമാക്കാമെന്നു തെളിവുകൾ സഹിതം വിശദീകരിക്കുന്ന പവിലിയനിൽ ഓരോ കാഴ്ചയും വലിയ ഉത്തരങ്ങൾ.

വെട്ടിത്തീർക്കാനുള്ളതല്ല, നട്ടുവളർത്താനുള്ളതാണ് കാടെന്ന പ്രമേയം പോലും കുളിർമയുള്ള പാഠം. കാർബൺ മലിനീകരണമില്ലാത്ത വികസനം, പാരമ്പര്യേതര ഊർജ പദ്ധതികളുടെ സാധ്യതകൾ, പരിസ്ഥിതി സൗഹൃദ ഗതാഗതം, ആരോഗ്യ ജീവിതം എന്നിങ്ങനെ ലോകത്തിന്റെ സ്വപ്നങ്ങളെല്ലാം മനസ്സുവച്ചാൽ യാഥാർഥ്യമാക്കാമെന്ന് സംഘാടകർ പറയുന്നു.  വനം സംരക്ഷിച്ച് ഇക്കോ ടൂറിസം വളർത്താനുള്ള പദ്ധതിയും കീശ നിറയ്ക്കും.

മൊബിലിറ്റി ഡിസ്ട്രിക്ടിലെ പവിലിയനിൽ ഇടുങ്ങിയ മേഖലകൾ കാണാനാവില്ല. കുട്ടികൾക്ക് കളിക്കാനും മുതിർന്നവർക്ക് ലഘുഭക്ഷണം കഴിച്ചു സംസാരിച്ചിരിക്കാനും വിശാല മേഖലയൊരുക്കിയിട്ടുണ്ട്. കാർഷികം, ടൂറിസം, ഗതാഗതം തുടങ്ങിയ മേഖലകളിൽ മാത്രമല്ല, ശാസ്ത്ര രംഗത്തും മുന്നേറാനുള്ള വഴികളിലൂടെ സന്ദർശകർക്കു യാത്ര ചെയ്യാം.

ഊർജാവശ്യത്തിന്റെ 98 ശതമാനവും പാരമ്പര്യേതര ഊർജ പദ്ധതികളിൽ നിന്നു നിറവേറ്റുന്ന രാജ്യമാണ് കോസ്റ്റാറിക്കയെന്ന് സ്ഥാനപതി ഫ്രാൻസിസ്കോ ജെ. ചകോൻ പറയുന്നു. വെള്ളം, കാറ്റ്, ജൈവമാലിന്യങ്ങൾ, സൂര്യപ്രകാശം എന്നിവയിൽ നിന്നെല്ലാം ഊർജം ഉൽപാദിപ്പിക്കുന്നതിനാൽ കാർബൺ വെല്ലുവിളികളും മാലിന്യം കുന്നുകൂടുന്ന സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടി.

കാലികൾ മേയും, കാശ് വരും

കാടുണ്ടെങ്കിൽ കാലികളും പൂമ്പാറ്റകളും വളരുകയും കാശു വരുമെന്നു പവിലിയനിലറിയാം. തീറ്റയും വെള്ളവും ലാഭം, പാലും തേനുമൊഴുകും. ഭൂമിയിലെ ഏറ്റവും ജൈവവൈവിധ്യമുള്ള രാജ്യങ്ങളുടെ പട്ടികയിലുള്ള കോസ്റ്റാറിക്കയിൽ 1,250ൽ ഏറെ പൂമ്പാറ്റകളുള്ളതായാണ് കണക്ക്.

മഴക്കാടുകൾ, ഇലപൊഴിയും കാടുകൾ, കണ്ടൽക്കാടുകൾ, വിശാല തീരദേശം എന്നിവയ്ക്കൊപ്പം ടൂറിസം സാധ്യതകളും വളരുന്നു. വനം സംരക്ഷിക്കുകയും വെട്ടിനീക്കുന്ന മരങ്ങളുടെ ഇരട്ടിയിലേറെ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു.

ഇതിലേറെയും ദേശീയ ഉദ്യാനങ്ങളായും വന്യജീവികേന്ദ്രമായും സംരക്ഷിക്കുന്നതിനാൽ ആരും കൈവയ്ക്കില്ല. ഇത്രയും അറിയുമ്പോൾ സഞ്ചാരികൾ ഇവിടേക്കെത്തുമെന്നതിനാൽ നാലുവഴിക്കും കാശെത്തും. ഏതു രാജ്യത്തിനും ഇതൊക്കെ പറ്റുമെന്നും കൂടുതലറിയാൻ പവിലിയൻ വരെ വന്നാൽ മതിയെന്നും സംഘാടകർ പറയുന്നു.

ആസ്വദിക്കാം, 'പച്ചയായ' യാഥാർഥ്യം

ഭക്ഷണ കാര്യത്തിൽ പോലും ഈ ലാളിത്യം വേണമെന്ന് കലവറയും ഓർമിപ്പിക്കുന്നു.  ഫാസ്റ്റ് ഫുഡ്, മസാല ചേർത്തുള്ള ഫ്രൈകൾ എന്നിവയൊന്നും പ്രതീക്ഷിക്കേണ്ട. ശുദ്ധമായ മത്സ്യം, മാംസം, പച്ചക്കറി, പയർവർഗങ്ങൾ എന്നിവ ചേർന്ന ഭക്ഷണമാണു ലഭിക്കുക. ജ്യൂസുകൾ, ഫ്രൂട്ട് സാലഡുകൾ, പുഡ്ഡിങ്ങുകൾ എന്നിവയിലൊന്നും കൃത്രിമ രുചിക്കൂട്ടുകളില്ല. രുചി കൂട്ടി ആരോഗ്യം കുറയ്ക്കേണ്ടന്നു വിഭവങ്ങളും പഠിപ്പിക്കുന്നു.

കരിപുരളാതെ കുതിക്കാം

പരമ്പരാഗത ഇന്ധനത്തിലോടുന്ന വാഹനങ്ങൾ ഭാവിയുടെ കുതിപ്പ് 'റിവേഴ്സിൽ' ആക്കുമെന്നതാണ് പവിലിയനിലെ മറ്റൊരു അറിവ്. കാർബൺ മലിനീകരണം എന്ന വൻ വെല്ലുവിളി ഒഴിവാക്കാൻ വാഹനങ്ങളെ രണ്ടായി തിരിക്കുക. കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ പൂർണമായും പരിസ്ഥിതി സൗഹൃദമാക്കിയാൽ പ്രശ്നങ്ങൾ കുറേയൊക്കെ പരിഹരിക്കാം.

വൈദ്യുത വാഹനങ്ങൾ, ഹൈഡ്രജൻ സാങ്കേതിക വിദ്യകൾ എന്നിവ പരിചയപ്പെടുത്തുന്നു. ഭാരവാഹനങ്ങളിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി മാലിന്യം പരമാവധി കുറയ്ക്കുന്നു. ഈ സാങ്കേതിക വിദ്യകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ വിദഗ്ധരുടെ വൻ നിരതന്നെയുണ്ട്.

English Summary: About Costa Rica pavilion in Expo 2020 Dubai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com