ADVERTISEMENT

ദോഹ∙ രാജ്യത്തെ ജനങ്ങൾ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കാൻ വൈകരുതെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി). പൗരന്മാർക്കും പ്രവാസികൾക്കും കുത്തിവയ്പ് സൗജന്യം. ശ്വാസകോശത്തെ ബാധിക്കുന്ന പകർച്ചപ്പനി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും മരണത്തിനു വരെയും കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

പ്രതിവർഷം പകർച്ചപ്പനി ബാധിച്ച് അഞ്ഞൂറിലധികം പേരാണ് രാജ്യത്ത് ചികിത്സ തേടുന്നത്. എട്ടിനും 12 നും ഇടയിൽ രോഗികൾ പകർച്ചപ്പനി ഗുരുതരമായതിനെ തുടർന്ന് മരണമടയുന്നുണ്ടെന്ന് എച്ച്എംസി സാംക്രമിക രോഗ ചികിത്സാ കേന്ദ്രം മെഡിക്കൽ ഡയറക്ടർ ഡോ.മുന അൽ മസലമനി വ്യക്തമാക്കി.

സാധാരണ ഒക്‌ടോബർ ഒന്നിന് ആരംഭിക്കുന്ന ക്യാംപെയ്ൻ ഇത്തവണ സെപ്റ്റംബർ ഒന്നിന് തുടങ്ങിയത് പകർച്ചപ്പനി ബാധിച്ച് ആളുകൾ ചികിത്സ തേടി തുടങ്ങിയ സാഹചര്യത്തിലാണ്. രാജ്യത്തെ 28 സർക്കാർ ഹെൽത്ത് സെന്ററുകളിലും നാൽപതിലധികം സ്വകാര്യ-അർധസർക്കാർ ക്ലിനിക്കുകളിലും പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് സൗജന്യമായി ലഭിക്കും.

അപകടസാധ്യത കൂടുതലുള്ളവർ

പ്രതിരോധ കുത്തിവയ്പ് എടുത്ത് രണ്ടാഴ്ചക്കകമാണ് ശരീരം പകർച്ചപ്പനിക്കെതിരെ പ്രതിരോധശേഷി കൈവരിക്കുന്നതെന്നതിനാൽ ശൈത്യത്തിന് മുൻപേ കുത്തിവയ്പ് എടുക്കണം. ആരോഗ്യവാനായ വ്യക്തിക്ക് പകർച്ചപ്പനി പിടിപെട്ടാലും മറ്റുളളവരിലേക്ക് പകരുന്നതിന് ഇടയാക്കുമെന്നതിനാൽ ആറു മാസം പ്രായമുള്ള കുട്ടികൾ മുതൽ എല്ലാവരും പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടത് അനിവാര്യമാണ്. 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ, ചെറിയ കുട്ടികൾ എന്നിവർക്കാണ് പകർച്ചപ്പനിക്കുളള സാധ്യത കൂടുതൽ.

മുൻകരുതലുകളും വേണം

രോഗികളിൽ നിന്ന് അകലം പാലിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും അടച്ചു പിടിക്കുക, തുടർച്ചയായി കൈകൾ കഴുകുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഡോ.മുന അൽ മസലമനി നിർദേശിച്ചു. കോവിഡിന്റെയും പകർച്ചപ്പനിയുടെയും ലക്ഷണങ്ങൾ സമാനമാണെങ്കിലും രണ്ടിന്റെയും കാരണം രണ്ടു തരം വൈറസുകളായതിനാൽ വെവ്വേറെ പ്രതിരോധ കുത്തിവയ്പുകൾ തന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com