ADVERTISEMENT

ദോഹ∙കോവിഡിന്റെ ഡെൽറ്റ ഉൾപ്പെടെയുള്ള വകഭേദങ്ങൾക്കെതിരെ ഒരു വർഷം വരെ സംരക്ഷണം നൽകാൻ കോവിഡ് വാക്‌സീൻ ബൂസ്റ്റർ ഡോസിന് കഴിയുമെന്ന് അധികൃതർ. വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് എട്ടുമാസത്തിലധികമായവർക്ക് മുൻഗണനാടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസ് വിതരണം നാളെ തുടങ്ങും.

പുതിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസിന് കൂടുതൽ സംരക്ഷണം നൽകാൻ കഴിയുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കോവിഡ്-19 ദേശീയ ഹെൽത്ത് സ്ട്രാറ്റജി ഗ്രൂപ്പ് അധ്യക്ഷൻ ഡോ.അബ്ദുല്ലത്തീഫ് അൽഖാൽ വ്യക്തമാക്കി.

ജനുവരി മുതൽ മാർച്ച് വരെ കോവിഡ് വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്തവർക്ക് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങും.


എന്തുകൊണ്ട് ബൂസ്റ്റർ ഡോസ്?


കോവിഡ് വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് എട്ടുമാസം കഴിയുന്നതോടെ ശരീരത്തിലെ ആന്റിബോഡികൾ കുറഞ്ഞു തുടങ്ങുമെന്നാണ് ശാസ്ത്രീയ തെളിവുകൾ ചൂണ്ടിക്കാട്ടുന്നത്. രണ്ടാമത്തെ ഡോസെടുത്ത് ആറു-എട്ട് മാസം മുതൽ കോവിഡ് ബാധിക്കാനുള്ള അപകടസാധ്യത കൂടും. മൂന്നാമത്തെ അല്ലെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കുന്നവരുടെ ശരീരത്തിലെ ആന്റിബോഡി രണ്ടാമത്തെ ഡോസെടുക്കുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ ഇരട്ടിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.


വാക്‌സിനേഷൻ ക്യാംപെയ്ൻ അതിവേഗം

ദോഹ∙ ദേശീയ കോവിഡ് വാക്‌സിനേഷൻ ക്യാംപെയ്ൻ അതിവേഗപാതയിൽ തന്നെ. 2020 ഡിസംബറിൽ ആരംഭിച്ച ക്യാംപെയ്‌ന്റെ കീഴിൽ ഇതിനകം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 78 ശതമാനം പേരും വാക്‌സീൻ രണ്ടു ഡോസും എടുത്തവരാണ്.

പത്തിൽ ഒൻപതു പേരും ആദ്യ ഡോസ് എടുത്തവരുമാണ്. വിജയകരമായാണ് ക്യാംപെയ്ൻ മുന്നോട്ടു പോകുന്നതെന്ന് ഡോ.അൽഖാൽ വ്യക്തമാക്കി. പൗരന്മാർക്കും പ്രവാസി താമസക്കാർക്കും സൗജന്യമായുള്ള വാക്‌സീൻ വിതരണം രാജ്യത്തെ 28 സർക്കാർ ഹെൽത്ത് സെന്ററുകളിലും ഖത്തർ വാക്‌സിനേഷൻ സെന്ററിലുമാണ് പുരോഗമിക്കുന്നത്.

പന്ത്രണ്ടിനും അതിനുമുകളിൽ പ്രായമുള്ളവർക്കുമാണ് കോവിഡ് വാക്‌സീൻ നൽകുന്നത്. ഫൈസർ-ബയോടെക്, മൊഡേണ വാക്‌സീനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com