ADVERTISEMENT

അബുദാബി ∙ യുഎഇയില്‍ തൊഴിലാളികള്‍ക്കു മനുഷ്യവിഭവ മന്ത്രാലയം അനുവദിച്ച മധ്യാഹ്‌ന വിശ്രമ നിയമം നാളെ (15) അവസാനിക്കും. 37 ഡിഗ്രി സെൽഷ്യസാണ് ഇന്ന് അബുദാബിയിൽ രേഖപ്പെടുത്തിയ താപനില. കഴിഞ്ഞ മൂന്നുമാസമായി പ്രാബല്യത്തിലുള്ള നിയമം ജൂൺ 15നായിരുന്നു ആരംഭിച്ചത്. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ അരലക്ഷം ദിർഹം പിഴയടക്കം കടുത്ത നടപടിയുണ്ടാകുമെന്നതിനാൽ ഭൂരിഭാഗം കമ്പനികളും നിയമം പാലിക്കാൻ ശ്രദ്ധിച്ചു.

കനത്ത ചൂടിൽ നിന്ന് രക്ഷയൊരുക്കാൻ, ഉച്ചയ്ക്കു 12.30 മുതല്‍ വൈകിട്ട് മൂന്നു വരെ തൊഴിലാളികളെ തുറന്ന സ്ഥലങ്ങളില്‍ ജോലിചെയ്യിപ്പിക്കരുതെന്നാണു നിയമം. കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാന്‍ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പരിശോധനാ വിഭാഗത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി മന്ത്രാലയം തൊഴിലാളികള്‍ക്കു നിര്‍ബന്ധ വിശ്രമം നല്‍കുന്നുണ്ട്. പണിയിടങ്ങളില്‍ തൊഴിലാളികള്‍ക്കു ആരോഗ്യ, സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കണമെന്നാണു മന്ത്രാലയ നിര്‍ദേശം.

ഉഷ്ണം ഉച്ചിയിലെത്തുന്ന മൂന്നു മാസങ്ങളില്‍ തൊഴിലാളികളുടെ ആരോഗൃത്തെ ബാധിക്കുന്ന വിധം പണിയെടുപ്പിക്കരുത്, രാവിലേയും വൈകുന്നേരവുമായി തൊഴില്‍ സമയം ക്രമപ്പെടുത്തണം, വിശ്രമം നല്‍കുന്നതിന്റെ മറവില്‍ 8 മണിക്കൂറിലധികം തൊഴിലാളികളെ ജോലിചെയ്യിപ്പിക്കരുത്, 24 മണിക്കൂറിനുള്ളില്‍ എട്ടുമണിക്കൂറിലധികം ഒരു തൊഴിലാളി ജോലിചെയ്യുന്നുണ്ടെങ്കില്‍ തൊഴില്‍ നിയമപ്രകാരമുള്ള അധികവേതനം നല്‍കണം, എട്ടു മണിക്കൂറില്‍ കൂടുതലുള്ള സമയം ഓവര്‍ടൈം ആയി കണക്കാക്കണം തുടങ്ങിയവയാണ് നിയമം.

കൂടാതെ, തൊഴിലാലാളികളുടെ ജോലി സമയ പട്ടിക പണിസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കണം, അറബിക്കിലും ഇംഗ്ലീഷിലും സമയക്രമം എഴുതണം, ഇവരണ്ടും തൊഴിലാളികള്‍ക്കു വശമില്ലെങ്കില്‍ അവര്‍ക്കു അറിയുന്ന ഭാഷയിലായിരിക്കണം തൊഴില്‍ സമയപട്ടിക തയാറാക്കേണ്ടത്, വിശ്രമ സമയങ്ങളില്‍ തൊഴിലാളികള്‍ക്കു തണല്‍ ലഭിക്കുന്നതിനുള്ള സംവിധാനവും ജോലിസ്ഥലത്തു ഉണ്ടായിരിക്കണം, തൊഴില്‍ നിയമത്തില്‍ അനുശാസിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ക്കു പുറമെ സൂരൃതാപമേല്‍ക്കാതെ സംരക്ഷിക്കാനുള്ള പ്രതേൃക സംവിധാനങ്ങളും പണയിടിങ്ങളില്‍ തൊഴിലുടമ ഒരുക്കിയിരിക്കണം. 

നിര്‍ജലീകരണം തടയാനായി തൊഴിലാളികളുടെ തോത് അനുസരിച്ചു ദാഹശമനികള്‍ വേണം, ആരോഗൃമന്ത്രാലയം നിര്‍ദേശിച്ച പ്രാഥമിക ശുശ്രൂഷാ മരുന്നുകളും പണിയിടങ്ങളില്‍ സൂക്ഷിക്കണം, ഉച്ചവിശ്രമ നിയമം സംബന്ധിച്ചു തൊഴിലാളികള്‍ക്കും അവബോധം വേണം, സൂര്യതാപം ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വമേധയായ സ്വീകരിക്കാന്‍ അവര്‍ തയാറാകണം ഇതൊക്കെയായിരുന്നു കമ്പനികൾ പാലിക്കേണ്ടിയിരുന്ന മറ്റു ചട്ടങ്ങൾ. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com