ADVERTISEMENT

ദുബായ് ∙ കോവിഡ് 19 വ്യാപനത്തിന് ശേഷം ആദ്യമായി ദുബായിൽ കലാപരിപാടി അവതരിപ്പിക്കാന്‍ വന്ന നടനും ഗായകനുമായ വിനോദ് കോവൂരിന്റെ നിറഞ്ഞ മനസ്സോടെയുള്ള മടക്കയാത്ര രാജകീയമായി. ഷാർജയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പറന്ന ഗോ എയർ വിമാനത്തിൽ ആകെയുണ്ടായിരുന്നത് വിനോദ് അടക്കം 11 യാത്രക്കാർ. വിശാലമായി ഇരുന്നും നടന്നും യാത്ര ആഹ്ളാദപൂർവമാക്കിയ നടൻ വിമാനത്തിനകത്തെ ദൃശ്യങ്ങൾ പടമായും വിഡിയോയായും മനോരമ ഒാൺലൈനിന് പങ്കുവച്ചു. 

ഇത് ജീവിതത്തിൽ അപൂർവമായി കിട്ടുന്ന ഭാഗ്യമാണെന്ന് വിനോദ് പറഞ്ഞു. വിമാനത്തിലെ സീറ്റുകളെല്ലാം കാലിയായി കിടക്കുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി. കോവിഡ് കാലത്ത് ഇത് നിത്യസംഭവമാണെങ്കിലും ഇതൊരു ഭാഗ്യമായാണ് കരുതുന്നത്. തന്റെ ഫെയ്സ് ബുക്ക് പേജിലും വിനോദ് ഇതേക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചു: ‘ദുബായിലെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോൾ ഇങ്ങനെ ഒരു അപൂർവ്വഭാഗ്യം ലഭിച്ചു. ഷാർജയിൽ നിന്നായിരുന്നു തിരികെ യാത്ര ഗോ എയർ വിമാനത്തിലേക്ക് പ്രവേശിച്ചപ്പോൾ ശരിക്കും ഞെട്ടി. എയർ ഹോസ്റ്റസ് കുട്ടികളോട് തമാശയായി ചോദിച്ചു, അല്ല മക്കളെ ഞാൻ മാത്രമേയുള്ളോ യാത്രയ്ക്ക്? ചിരിച്ച് കൊണ്ട് അവർ മറുപടി പറഞ്ഞു ഒരു പത്ത് പേരും കൂടി ഉണ്ടെന്ന്. മൊത്തം പതിനൊന്ന് പേർ യാത്രക്കാർ. 

വേഗം മുമ്പിലെ സീറ്റിലിരുന്നു വിമാനത്തിലെ ഒരു സ്റ്റാഫ് ഫോട്ടോ എടുത്ത് തന്നു .പിന്നെ കയറി വന്ന പത്ത് പേരോടൊപ്പവും സെൽഫി എടുത്തു. മുമ്പൊരിക്കൽ സുരഭി ലക്ഷമി എന്ന പാത്തുവിന്റെ കൂടെ യാത്ര ചെയ്തപ്പോൾ ഇങ്ങനെ ഒരു ഫോട്ടോ എടുക്കാൻ വേണ്ടി വിമാനത്തിലെ മുഴുവൻ യാത്രക്കാരും ഇറങ്ങാൻ കാത്ത് നിന്നതിന് ശേഷം ഒരു ഫോട്ടോ എടുത്തിരുന്നു. ഇന്നലെ ഇങ്ങനെയും ഒരു ഭാഗ്യം. ഇത്രയും കിലോമീറ്റർ കടൽ കടന്ന് വിമാനം പറക്കുന്നത് കണ്ടപ്പോൾ സമ്പൂർണ്ണ ലോക്ഡൗൺ കാലത്ത് നമ്മുടെ നാട്ടിൽ പത്ത് പേരെ വെച്ച് സർവ്വീസ് നടത്തിയ സിറ്റി ബസുകളിലെ യാത്ര ഓർമ്മ വന്നു. എന്തായാലും മറക്കാനാവാത്ത ഈ രാജകീയ യാത്ര എന്നും ഓർമ്മയിൽ സൂക്ഷിക്കും’–വിനോദ് പറഞ്ഞു.

മൂന്നു വർഷത്തിന് ശേഷമാണ് കഴിഞ്ഞ ബുധനാഴ്ച വിനോദ് കോവൂർ യുഎഇയിലെത്തുന്നത്. കൂടെ, മാപ്പിളപ്പാട്ടു ഗായകൻ കൊല്ലം ഷാഫി, ആബിദ് എന്നിവരുമുണ്ടായിരുന്നു. ലോക് ഡൗൺ കാരണം കേരളത്തിലും വിദേശത്തും കലാപരിപാടികൾ എല്ലാം മുടങ്ങിയപ്പോൾ വിനോദിനെ പോലുള്ള കലാകാരന്മാരെല്ലാം പ്രതിസന്ധിയിലായിരുന്നു. അതിനിടയ്ക്കാണ് ദുബായിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് വരുന്നതും പരിപാടികൾ നടത്താൻ അനുവദിക്കുന്നതും. ഇത്തിരി ഭയത്തോടെയാണ് വിനോദ് വിമാനം കയറിതെങ്കിലും യുഎഇയിലെ സുഹൃത്തുക്കളുടെയും മറ്റും സ്നേഹാദരവുകൾ ഏറ്റുവാങ്ങി ഏറെ സന്തോഷത്തോടെയാണ് മടങ്ങിയത്. 

ദുബായ് ദെയ്റയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന വെൽക്കം ബായ്ക്ക് എന്ന മാപ്പിളപ്പാട്ട് പരിപാടിയിൽ വിനോദ് കോവൂർ, കൊല്ലം ഷാഫി, ആബിദ് എന്നിവര്‍ പങ്കെടുത്തു.  ഇസിഎച്ച് സ്പോൺസർ ചെയ്ത പരിപാടി സംവിധാനം ഒരുക്കിയത് ഷഫീൽ കണ്ണൂരാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com