ADVERTISEMENT

ദുബായ് ∙ അപ്രതീക്ഷിതമായി തങ്ങളുടെ മുന്നിലേയ്ക്ക് കടന്നുവന്ന മുതലാളിയെ കണ്ട് രാജ്യാന്തര ഭക്ഷ്യ ശൃംഖലയായ കെഎഫ്‌സി (കെന്റുക്കി ഫ്രൈഡ് ചിക്കൻ)യുടെ ദുബായിലെ ഒരു ഔട് ലറ്റിലെ ജീവനക്കാർ ഞെട്ടിത്തരിച്ചു. കെഎഫ്‌സി സ്ഥാപകൻ കേണൽ ഹാർലൻഡ് ഡേവിഡ് സാന്‍ഡേഴ്സൻ ഇതാ, തന്റെ പതിവുവേഷമായ തൂവെള്ള സ്യൂട്ടും കറുത്ത ടൈയും ധരിച്ച്, ഉൗന്നുവടിയുടെ സഹായത്തോടെ കടന്നുവന്ന് തങ്ങളെ നോക്കി പുഞ്ചിരി പൊഴിക്കുന്നു.  സ്ഥാപനത്തിന്റെ നെയിം ബോർഡിലും ബ്രോസ്റ്റഡ് ചിക്കൻ നൽകുന്ന മിനി ബക്കറ്റിലും എന്നു വേണ്ട, നിന്നു തിരിയുന്നിടത്തെല്ലാം  കാണുന്ന ആ മുഖം നേരിട്ടു കണ്ടതിന്റെ പരിഭ്രാന്തി എല്ലാവരിലും. പക്ഷേ, 1980 ഡിസംബർ 16ന് തന്റെ 90–ാം വയസ്സിൽ അന്തരിച്ച കേണൽ ഹാർലൻഡ് ഡേവിഡ് സാന്‍ഡേഴ്സനല്ല, അറബ് മോഡലും അഭിനേതാവുമായ ഹാഷെം കദൗറയാണ് അതെന്ന് മനസിലായപ്പോൾ, കുറേ നേരത്തേക്കെങ്കിലും, വിശ്വസിക്കാൻ അവരുടെ മനസ്സ് സമ്മതിച്ചില്ല.

hashem-kaddoura-4

ലോകത്തെ ഏത് പ്രമുഖ അഭിനേതാവിനെ വേണമെങ്കിലും തങ്ങൾക്ക് ലഭിക്കുമായിരുന്നെങ്കിലും കെഎഫ്സി തിരഞ്ഞെടുത്തത് ദുബായിലെ ഹാഷെം കദൗറെന്ന അഭിനേതാവിനെ ആണെന്നത് തന്നെ അദ്ദേഹത്തിന്റെ പ്രതിഭയുടെ തെളിവാണ്. അറബ് സിനിമാ, മോഡ‍ൽ രംഗത്തെ കലാപ്രതിഭയായ ഹാഷെം  ഒടുവിൽ എത്തിയിരിക്കുന്നത് മലയാള സിനിമയിൽ. ജോമി കുര്യാക്കോസിന്റെ സംവിധാനത്തിൽ യുഎയിൽ ചിത്രീകരിച്ച ''മെയ്ഡ് ഇന്‍ കാരവാൻ'' എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ഇദ്ദേഹം കൈകാര്യം ചെയ്തു.

hashem-kaddoura-5

ലബനനിൽ ജനിച്ചു വളർന്ന പലസ്തീൻ വംശജനായ ഇൗ 65കാരന്റെ പ്രവർത്തനമേഖല കഴിഞ്ഞ 40 വർഷമായി യുഎഇയാണ്, 2006ലാണ് യുഎഇയിലെത്തിയത്. ചൈനീസ് കമ്പനിയിൽ എച്ച്ആർ മാനേജറായി ജോലി ചെയ്യുമ്പോഴും അഭിനയത്തെയും മോഡലിങ്ങിനെയും ഉപേക്ഷിക്കാൻ തയാറായില്ല. എമിറേറ്റ്സ് എയർലൈൻസ്, ഇത്തിഹാദ് എയർവേയ്സ്, ആർടിഎ, ഡു, എത്തിസാലാത്ത്, ദീവ, ആരോഗ്യ മന്ത്രാലയം, ദുബായ് ടൂറിസം, ദുബായ് ടിവി, എംബിസി ചാനൽ, ഷാർജ ടിവി, വിവിധ ബാങ്കുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണകമ്പനി,  ജെറ്റക്സ്, യൂണിവേഴ്സിറ്റികൾ, മറ്റു ഉത്പന്നങ്ങൾ തുടങ്ങിയവ അടക്കം യുഎഇയിലെയും സൗദിയിലെയും ഏതാണ്ടെല്ലാം പ്രമുഖ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വേണ്ടി ഇദ്ദേഹം മോഡലായി.  കൂടാതെ, മോണ്ട് ബ്ലാങ്ക്, ഫെറെറോ റോഷെ ചോക്കലേറ്റ്, സാംസങ്, മെഴ്സിഡസ് ബെൻസ്, ബിഎം ഡബ്ല്യു, ടെസ്‌ല, പോർഷെ, ഫോർഡ്, ഹ്യൂണ്ടായ് എന്നിവയുടെ പരസ്യങ്ങളിലും, ക്രിസ്മസ് കാലങ്ങളിൽ സാന്റാക്ലോസ് ആയും വേഷമിട്ടു. .

hashem-kaddoura-2

കാരവാനിൽ നന്മയുള്ള മനുഷ്യൻ

മെയ്ഡ് ഇൻ കാരവാൻ എന്ന ചിത്രത്തിലേയ്ക്ക് അവിചാരിതമായിട്ടാണ് ഹാഷെമിന് ക്ഷണം ലഭിച്ചത്. കഥാപാത്രത്തിന്റെ മേന്മ മനസിലാക്കിയപ്പോൾ ക്ഷണം ഇരുകൈയും നീട്ടി സ്വീകരിച്ചതായി അദ്ദേഹം മനോരമ ഒാൺലൈനിനോട് പറഞ്ഞു. രണ്ടു പെൺകുട്ടികളുടെ സംരക്ഷണ ചുമതലയേറ്റെടുക്കുന്ന അറബ് പൗരനായിട്ടാണ് ചിത്രത്തിൽ അഭിനയിച്ചത്. ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രത്തെ ആദ്യ മലയാള ചിത്രത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.

മുത്തച്ഛൻ വേഷങ്ങളിൽ പകരക്കാരനില്ല

തേജസ്സാർന്ന മുഖമുള്ള മുത്തച്ഛൻ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അറബ് ലോകത്ത് ഇന്ന്  ഹാഷെം കഴിഞ്ഞേ മറ്റൊരു അഭിനേതാവുള്ളൂ. ഇറ്റാലിയൻ സംവിധായകന്റെ വിഫ് ഒാഫ് എയർ ആയിരുന്നു അഭിനയിച്ച ആദ്യ സിനിമ. അസംതൃപ്തമായ ജീവിതം നയിക്കുന്ന ജോലിയിൽ നിന്നു വിരമിച്ച് വ്യക്തിയുടെ വേഷമാണ് അവതരിപ്പിച്ചത്. തുടർന്ന് ബെർഗർ പെയിന്റ്സ് അറേബ്യയുടെ ഹ്രസ്വചിത്രത്തിൽ യാത്രകൾ ഇഷ്ടപ്പെടുന്ന മുത്തച്ഛനായി അഭിനയിച്ചു. കൂടാതെ, ഒട്ടേറെ ടെലിവിഷൻ സീരീസുകളിലും നിറഞ്ഞാടി. ഔദ്യോഗിക തിരക്ക് കാരണം ഒട്ടേറെ ചിത്രങ്ങള്‍ ഒഴിവാക്കേണ്ടതായും വന്നിട്ടുണ്ട്. അവിചാരിതമായിട്ടാണ് ഹാഷെം മോഡലിങ്ങിലേക്കും തുടർന്ന് അഭിനയ രംഗത്തും പ്രവേശിച്ചത്. 2006ൽ ഷെയ്ഖ് സായിദ് റോഡിലെ തന്റെ ഒാഫിസിനടുത്ത് പരിചയപ്പെട്ട ദിവാ ദുബായുടെ കാരളാണ് അദ്ദേഹത്തെ അഭിനയ മേഖലയിലെത്തിച്ചത്. ഹാഷെമിന്റെ രൂപഭാവങ്ങളുള്ള ഒരാളെ മോഡലിങ്ങിലും അഭിനയ രംഗത്തും ആവശ്യമുണ്ടെന്ന് പറഞ്ഞ് അവർ ക്ഷണിക്കുകയായിരുന്നു. ആദ്യം ഇത്തിരി മടി തോന്നിയെങ്കിലും പിന്നീട് സമ്മതിച്ചു. തുട‌ർന്ന് അറബ്, യൂറോപ്യൻ, മെഡിറ്ററേനിയൻ കഥാപാത്രങ്ങളായി വേഷമിട്ടു.  

hashem-kaddoura-3

ഷാരൂഖ് ഖാനോടൊപ്പം മദീനത് ജുമൈറയിൽ

ബോളിവുഡ് കിങ് ഷാരൂഖ് ഖാനോടൊപ്പം ദുബായിലെ മദീനത് ജുമൈറയിൽ ദുബായ് വിനോദ സഞ്ചാര വാണിജ്യ വകുപ്പിന് വേണ്ടിയുള്ള പരസ്യ ചിത്രീകരണത്തിൽ പങ്കെടുത്തത് അവിസ്മരണീയ അനുഭവമായി. അദ്ദേഹവുമായി തുടർന്ന് സൗഹൃദം പുലർത്തുന്നു. ഷാരൂഖ് ഖാനാണ് ദുബായ് വിനോദ സഞ്ചാര വാണിജ്യ വകുപ്പിൻ്റെ ബ്രാൻഡ് അംബാസഡർ.

ഷമ്മി കപൂർ, ശശി കപൂർ, പിന്നെ അമിതാഭ് ബച്ചനും

ചെറുപ്പത്തിലേ ഇന്ത്യൻ സിനിമകളോട് തനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്ന്  ഹാഷെം  പറയുന്നു. ടെലിവിഷനിൽ വന്നപ്പോഴും പിന്നീട് യുഎഇയിലെത്തിയ ശേഷവും പഴയ ഹിന്ദി ചിത്രങ്ങൾ മിക്കതും കണ്ടു. ബോളിവുഡ് താരങ്ങളായിരുന്ന ഷമ്മി കപൂർ, ശശി കപൂർ, ഹേമമാലിനി, അമിതാഭ് ബച്ചൻ തുടങ്ങി ഏറ്റവും ഒടുവിൽ ഷാരൂഖ് ഖാൻ വരെ 65കാരന്റെ ഹൃദയത്തിൽ ഇടംപിടിച്ചു. എന്നാൽ മലയാളം സിനിമകൾ ഇതുവരെ കണ്ടിട്ടില്ല.

ഭാര്യയ്ക്കും നാല് ആണ്‍ മക്കളോടുമൊപ്പം ദുബായിലാണ് ഹാഷെം താമസിക്കുന്നത്. ഫോൺ: +971 50 218 7895

English Summary : Arab man Hashem Kaddoura acts in Malayalam movie made in caravan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com