sections
MORE

‘സ്മാർട്ട്’ ആയി പഠിക്കാൻ പഠിപ്പിച്ച് എസ്തോണിയ

expo
എസ്തോണിയൻ പവിലിയനിൽ നിന്ന്.
SHARE

ദുബായ് ∙ എന്തെങ്കിലുമൊക്കെ പഠിച്ച് ആരെങ്കിലുമൊക്കെ ആയിത്തീരുകയെന്ന പഴഞ്ചൻ രീതി മാറ്റാതെ ലോകം നന്നാകില്ലെന്ന് എസ്തോണിയ. മാറ്റങ്ങൾ മുന്നിൽക്കാണാെതെ പഠിച്ചതും പരിശീലിച്ചതും പാഴായതാണ് ഇന്നത്തെ വലിയ വെല്ലുവിളി. ചെറിയ പ്രായത്തിൽ ക്ലാസ് മുറികളിൽ നിന്നാണ് മാറ്റം തുടങ്ങേണ്ടതെന്നും ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങൾ നിരത്തി എസ്തോണിയൻ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസത്തിലൂടെയല്ലാതെ വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും മുന്നേറാനാകില്ലെന്ന വലിയ തിരിച്ചറിവുകളാണ് സ്മാർട് പവിലിയനിലുള്ളത്. സ്മാർട് അറിവുകളിലേക്ക് പിച്ചവയ്ക്കാൻ നഴ്സറികൾ മുതൽ അവസരമൊരുക്കുന്നതാണ് എസ്തോണിയൻ മാതൃക. വിദ്യാഭ്യാസമെന്നാൽ ഗഹന വിഷയങ്ങൾ പഠിപ്പിക്കുന്ന ബോറൻ ക്ലാസ്സുകളല്ലെന്നും ചുറ്റും കാണുന്ന കാര്യങ്ങൾ കളികളിലൂടെയും തമാശകളിലൂടെയും തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും ഓർമിപ്പിക്കുന്നു.

കാണാതെ പഠിച്ചു നേടാവുന്നതല്ല തിരിച്ചറിവുകളെന്നു സാരം. എന്താണു മാറ്റം, എങ്ങനെ തയാറെടുക്കണം തുടങ്ങിയവയ്ക്കുള്ള  ഉത്തരങ്ങൾ ഇവിടെ കിട്ടും. അധ്യാപന രീതികൾ, ക്ലാസ്മുറികൾ, പാഠ്യപദ്ധതികൾ എന്നിവയിലെല്ലാം മാറ്റമുണ്ടായില്ലെങ്കിൽ ഭാവിക്കു മുന്നിൽ പകച്ചുനിൽക്കും. കാർബൺ മലിനീകരണം ഇല്ലാതായാൽ തന്നെ ലോകത്തിന്റെ വലിയൊരു തലവേദനയൊഴിവാകും. പ്രകൃതിയെ ശുദ്ധമാക്കിവേണം മാറ്റങ്ങളിലേക്കു ചുവടുവയ്ക്കാനെന്നും ഓർമിപ്പിക്കുന്നു.

കോവിഡ് വലിയ പാഠം

ആരോഗ്യ മേഖലയിലടക്കം മാറ്റങ്ങൾ വരുത്താതെ പിടിച്ചുനിൽക്കാനാവില്ലെന്ന വലിയ തിരിച്ചറിവാണ് കോവിഡ് കാലഘട്ടം ലോകത്തിനു നൽകിയതെന്ന് എസ്തോണിയൻ പവിലിയൻ കമ്മിഷണർ ജനറൽ ഡാനിയൽ ഷയർ പറഞ്ഞു. പതിറ്റാണ്ടുകൾക്കു മുൻപേ ഡിജിറ്റൽ വിദ്യാഭ്യാസ സാധ്യതകൾ തിരിച്ചറിഞ്ഞത് എസ്തോണിയക്കു നേട്ടമായി. 

അതിവേഗം പ്രതിരോധ നിര സജ്ജമാക്കാനും ഭാവിയിലേക്കുള്ള വികസനരൂപരേഖ തയാറാക്കാനും കഴിഞ്ഞു. ഈ അറിവുകളെല്ലാം എക്സ്പോയിൽ പങ്കുവയ്ക്കും. സമയവും പണവും ലാഭിക്കാൻ കഴിയുമെന്നതാണ് ഡിജിറ്റൽ സേവനങ്ങളുടെ മറ്റൊരു നേട്ടം.ഓഫിസുകളിൽ കയറിയിറങ്ങാതെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന സാഹചര്യം നിലവിൽ വന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് എസ്തോണിയ.

ഡിജിറ്റൽ സേവനങ്ങൾ, വെല്ലുവിളികൾ എന്നിങ്ങനെ രണ്ടു തലങ്ങൾ കേന്ദ്രീകരിച്ചു പ്രാവർത്തികമാക്കിയ മാറ്റങ്ങൾ നൂറോളം കമ്പനികളുടെ പ്രതിനിധികൾ വിശദീകരിക്കും.

കാണാം, അറിയാം

∙ ഡിജിറ്റൈസേഷനാണ് ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ പദ്ധതിയെന്നു തിരിച്ചറിയാനും പവിലിയനിൽ അവസരമുണ്ട്.

∙ ഗതാഗതം, ആരോഗ്യം, ബഹിരാകാശം, നക്ഷത്രശാസ്ത്ര പഠനം, ടൂറിസം, ബാങ്കിങ്, വാർത്താവിനിമയം എന്നിങ്ങനെ എല്ലാ മേഖലകളിലും ഡിജിറ്റൈസേഷൻ വിപ്ലവകരമായ മുന്നേറ്റത്തിനു വഴിയൊരുക്കും.

∙ആരോഗ്യരംഗത്ത് വൻ സാധ്യതയുണ്ട്.  രോഗങ്ങൾ, രോഗസാധ്യതകൾ, ചികിത്സ, സാങ്കേതിക വിദ്യകൾ എന്നിവ സംബന്ധിച്ച സമഗ്ര വിവരശേഖരം തയാറാക്കാം.

∙ സാമ്പത്തിക മുന്നേറ്റത്തിനു പുറമേ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും.

∙ആരോഗ്യമേഖലയിലടക്കം മനുഷ്യസഹായമില്ലാതെ 24 മണിക്കൂറും സേവനം ലഭ്യമാക്കാം.

English Summary: About the Estonia pavilion in Expo 2020 Dubai.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA