ADVERTISEMENT

കുവൈത്ത് സിറ്റി∙ പൊലീസിന് ആത്മരക്ഷാർഥം ഉപയോഗിക്കാൻ പെപ്പർ സ്പ്രേ നൽകാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാൻ ആഭ്യന്തരമന്ത്രാലയം. നിലവിൽ പൊലീസിന് നൽകുന്ന ആയുധങ്ങൾക്ക് പുറമെയാണ് അത്.

പൊലീസിനെതിരെ ആയുധമുപയോഗിച്ചുള്ള കയ്യേറ്റങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് പെപ്പർ സ്പ്രേ കൂടി അനുവദിക്കാൻ മന്ത്രാലയം തീരുമാനിച്ചത്. പിടികിട്ടാപ്പുള്ളികൾ പിടിയിലാകുമ്പോഴും മറ്റും തോക്ക് ഉപയോഗിച്ചും മറ്റും പൊലീസിനെതിരെ അക്രമം ഉണ്ടാകുന്ന സാഹചര്യമുണ്ടാകാറുണ്ട്.

അത്തരത്തിൽ അക്രമം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ മാത്രമായിരിക്കണം പെപ്പർ സ്പ്രേയുടെ ഉപയോഗം. പൊതുസുരക്ഷാ വിഭാഗം, എമർജൻസി, ഗതാഗതം, കുറ്റാന്വേഷണ വിഭാഗം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ പൊലീസുകാർക്കും പെപ്പർ സ്പ്രേയർ നൽകും. ഉപകരണം വാങ്ങുന്നതിനുള്ള ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്.

അതേസമയം എല്ലാ മേഖലകളിലും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്.ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് നിർദേശിച്ചു. സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവൻ പ്രദേശങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണം. പൊലീസ് സ്റ്റേഷനുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം.

റസിഡൻഷ്യൽ മേഖലകളിൽ പട്രോളിങ് നടത്തണം. വഴി വാണിഭത്തിനെതിരെയും താമസാനുമതി രേഖാ നിയമലംഘകരെ കണ്ടെത്തുന്നതിനും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ പരിശോധന ഊർജിതപ്പെടുത്തണം. സേവനം തേടി എത്തുന്ന ജനങ്ങൾക്ക് ആവശ്യമായ സഹായം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

English Summary: Kuwait police are allowed to use pepper spray.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com