ADVERTISEMENT

ദുബായ് ∙ ഒട്ടകപ്പാൽ കുടിക്കുന്നവരുടെ എണ്ണം കൂടിയതോടെ മരുഭൂമിയിലെ ഒട്ടകപ്പെരുമ കടൽകടക്കുന്നു. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലേക്കുള്ള ഒട്ടകപ്പാൽ കയറ്റുമതി തുടരാൻ യൂറോപ്യൻ കമ്മിഷൻ അനുമതി നൽകി. ഇതിനു പുറമേ യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് ഉടൻ കയറ്റുമതി ആരംഭിക്കും. ചൈനയിലേക്കുള്ള കയറ്റുമതിയുടെ നടപടികൾ പുരോഗമിക്കുന്നു.

ഒട്ടകപ്പാലിന്റെ പോഷകമൂല്യങ്ങൾ തിരിച്ചറിഞ്ഞതോടെ അറബ് മേഖലയ്ക്കപ്പുറവും ആവശ്യക്കാർ കൂടുകയാണെന്ന് പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയം വ്യക്തമാക്കി. യുഎഇയിൽ ഒട്ടകപ്പാൽ കൊണ്ടുള്ള ചോക്‌ലേറ്റ്, ഐസ്ക്രീം, ചീസ് എന്നിവയും ഉൽപാദിപ്പിക്കുന്നുണ്ട്. രാജ്യത്ത് പ്രതിവർഷം 4,500 ടൺ ഒട്ടകപ്പാൽ ഉൽപാദിപ്പിക്കുന്നതായി മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സെയിഫ് അൽ ഷാര പറഞ്ഞു. കയറ്റുമതി കൂടുന്നത് കാർഷിക മേഖലയ്ക്കു വൻ നേട്ടമാകും.

അബുദാബി അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി, അൽഐൻ ഫാംസ്, എമിറേറ്റ്സ് ഇൻഡസ്ട്രി ഫോർ ക്യാമൽ മിൽക്ക് (ഇഐസിഎംപി) എന്നിവയുമായി സഹകരിച്ച് കൂടുതൽ പദ്ധതികൾക്കു രൂപം നൽകും. യൂറോപ്യൻ യൂണിയൻ നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലും പാൽ ഉൽപന്നങ്ങളും ഉറപ്പുവരുത്തുന്നതായും ചൂണ്ടിക്കാട്ടി.

ഗുണം കൂടുതലെന്ന് റിപ്പോർട്ട്

ഒട്ടേറെ ഗുണങ്ങളുള്ള ഒട്ടകപ്പാൽ ആരോഗ്യത്തിന് അത്യുത്തമമെന്നാണു റിപ്പോർട്ട്. പശുവിൻ പാലിനെക്കാൾ കൊഴുപ്പുകുറവും പോഷകമൂല്യം കൂടുതലുമുള്ള ഒട്ടകപ്പാൽ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുമെന്നു രാജ്യാന്തര ഭക്ഷ്യസുരക്ഷാ സമ്മേളനത്തിലെ പ്രബന്ധത്തിലാണ് വ്യക്തമാക്കിയത്.

ചെറുമധുരത്തോടുകൂടിയ സ്വാദിഷ്ഠമായ പാലാണിത്. പ്രായവും ഇനവുമനുസരിച്ച് വ്യത്യാസമുണ്ടാകും. കാലാവസ്ഥാ വ്യതിയാനം, കുടിക്കുന്ന വെള്ളത്തിന്റെ അളവ് തുടങ്ങിയവയും ബാധിക്കും. ചില സമയങ്ങളിൽ നേർത്ത ഉപ്പുരസം അനുഭവപ്പെടാം. മറ്റുപാലുകളുടെ അത്രയും വേഗത്തിൽ ഒട്ടകപ്പാൽ കേടാവില്ലെന്ന പ്രത്യേകതയുമുണ്ട്.

ചാണകംഇന്ധനം

യുഎഇയിലെ സിമന്റ് ഫാക്ടറികളിൽ ഒട്ടകച്ചാണകം ഇന്ധനമാക്കുന്നുണ്ട്. ബോയിലറുകൾ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനമായാണ് ഉപയോഗിക്കുക. ഒരു ടൺ കൽക്കരിക്കു പകരമായി  2 ടൺ ഒട്ടകച്ചാണകം വേണം. ഒട്ടകം പ്രതിദിനം ശരാശരി 8 കിലോ ചാണകമിടുന്നതായാണ്  കണക്ക്.

ഇതുണക്കിപ്പൊടിച്ച് കൃഷിയിടങ്ങളിൽ വളമായും ഉപയോഗിക്കുന്നു. ചാണകം കത്തിച്ചതിന്റെ ചാരം കൃഷിയിടങ്ങളിൽ ഉപയോഗപ്പെടുത്താം. മറ്റ് ഇന്ധനങ്ങളെക്കാൾ ചെലവ് കുറവാണ്.  ലഭ്യത കൂടുതലും. വിറകിന്റെ ഉപയോഗം കുറയുമെന്നതിനാൽ പാരിസ്ഥിതിക പ്രശ്നങ്ങളുമില്ല.

English Summary: UAE firms secure approval to continue camel milk exports to Europe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com